സക്കീര്‍ മൊടക്കാലില്‍
സക്കീര്‍ മൊടക്കാലില്‍
Travel Diary
‘ബലാലേ ബലാലേ’ ഇങ്ങോട്ടു നോക്ക്
സക്കീര്‍ മൊടക്കാലില്‍
Tuesday 13th February 2018 6:14pm

പവിഴ ദ്വീപിലെ ജീവിതം ( പാര്‍ട്ട് 1)

ഞാന്‍ 6 വര്‍ഷം ജീവിച്ച മാലിദ്വീപ് ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പടര്‍ന്നു കിടക്കുന്ന കുറെ കൊച്ചു കൊച്ചു ദ്വീപുകള്‍. ഓരോ ദ്വീപിനും അതിന്റെതായ സ്വത്വം ഉണ്ട് എങ്കിലും അവ തമ്മില്‍ ഒരു അന്തര്‍ധാര ദൃശ്യമാണ്.
മാലിദ്വീപിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അല്ല ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. അവിടത്തെ എന്റെ മനോഹരമായ അനുഭവങ്ങള്‍ ആണ്.

1. ‘ബലാലേ ബലാലേ’ ഇങ്ങോട്ടു നോക്ക്

മാലിദ്വീപിലെ അധ്യാപനത്തിന്റെ തുടക്കം എല്ലാവരെയും പോലെ എനിക്കും വല്യ ബുദ്ധിമുട്ടായിരുന്നു. കാരണം.. അറിയാത്ത ഭാഷ… തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ പെരുമാറുന്ന കുട്ടികള്‍ ഒക്കെ…

ബലാല്‍, ഹിമാര്‍, ഹയവാന്‍ ഇതൊക്കെ മലപ്പുറം ജില്ലയില്‍ ചെറിയ തരം തെറികളായാണ്.
മാലിദ്വീപിലെ എന്റെ ആദ്യ ദിനങ്ങളില്‍ കുട്ടികള്‍ എന്നെ’ ബലാലേ ‘ എന്ന് വിളിക്കുമായിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ എനിക്ക് വല്ലാത്ത അരിശം കയറും. നാട്ടില്‍ നിന്നു ഈ തെറി കേള്‍ക്കാന്‍ വിമാനം കയറി വരേണ്ട വല്ല കാര്യവുമുണ്ടോ എന്ന് തോന്നി. പക്ഷെ കുട്ടികളുടെ ദേഹത്തു എങ്ങാന്‍ കൈ വെച്ചാ വല്യ പുലിവാലാകും അതുകൊണ്ടു ഞാന്‍ ക്ഷമിച്ചു. ഒരിക്കല്‍ സഹികെട്ട് ഞാന്‍ അവിടത്തെ ഒരു പ്രാദേശിക ടീച്ചറോട് കാര്യം പറഞ്ഞു കുട്ടികള്‍ എന്നെ ബലാലേ എന്ന് വിളിക്കുന്നു. ആ അധ്യാപകന്റെ മറുപടി കേട്ടു ഞാന്‍ ഞെട്ടി. പാവം കുട്ടികള്‍ എന്നോട് അവരുടെ ഭാഷയില്‍ (ദിവേഹി ) നോക്കൂ.. നോക്കു… എന്നാ പറയുന്നേ. ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു.
ഒരിക്കല്‍ ഞാന്‍ കടയില്‍ ചെന്നു കടക്കാരനോട് ‘Bebey എക്കിലോ ഹുക്കുരു ധീബെ ‘ എന്ന് പറഞ്ഞു. അതായത് ‘ചേട്ടാ ഒരു കിലോ പഞ്ചസാര തരൂ ‘എന്നാ ഉദ്ദേശിച്ചേ. ‘ഹുകുരു ‘എന്നാല്‍ വെള്ളിയാഴ്ചയും ‘ഹകുരു ‘എന്നാല്‍ പഞ്ചസാരയും ആണ് അവരുടെ ഭാഷയില്‍. ഞാന്‍ ചോദിക്കുന്നത് ‘ഒരു കിലോ വെള്ളിയാഴ്ച തരൂ ‘എന്നാണ്. കടക്കാരന്‍ യാതൊരു ഭാവ മാറ്റവും ഇല്ലാതെ ‘ ഹുകുരു കീനേ ധേണു ‘ എന്ന് മറുപടി പറഞ്ഞു. അതായത് ‘വെള്ളിയാഴ്ച എങ്ങനെ തരാന്‍ പറ്റും ‘എന്നു. എന്തായാലും എന്റെ പങ്കപ്പാട് കണ്ടു മനസ്സലിഞ്ഞ ആ പാവം എന്നെ പറഞ്ഞു മനസ്സിലാക്കി പഞ്ചസാര തന്നു വിട്ടു.

Image may contain: plant, flower and outdoor
നമുക്ക് ഭാഷ അറിയുമെങ്കിലും അറിയില്ല എന്നു പൊട്ടന്‍ കളിക്കുന്നത് കൊണ്ട് ചില നേട്ടങ്ങള്‍ ഉണ്ട്. ഒരിക്കല്‍ ഞാന്‍ മാലിദ്വീപിന്റെ തലസ്ഥാനത്തു ( Male’) നിന്ന് എന്റെ ദ്വീപായ വെയ്മണ്ടൂവിലേക്ക് വരുമ്പോള്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി നിറയെ പച്ചക്കറി കൊണ്ട് വന്നു. ദ്വീപുകളില്‍ പച്ചക്കറിക്ക് വല്യ ക്ഷാമമാണ്. ബോട്ട്‌ ക്യാപ്റ്റനും സഹായിയും കൂടി എന്നോട് അഡിഷണല്‍ ചാര്‍ജ് ചോദിച്ചു. അവര്‍ക്ക് ഇംഗ്ലീഷ് അറിയില്ല. പക്ഷെ അവര്‍ ചോദിക്കുന്നത് എനിക്ക് മനസ്സിലായി. ഞാന്‍ പിന്നെ ശുദ്ധ ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാന്‍ തുടങ്ങി അവന്മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റി എന്നെ പറഞ്ഞു മനസ്സിലാക്കിക്കാന്‍. ഞാന്‍ മനസ്സിലാകാത്ത പോലെ പൊട്ടന്‍ കളിച്ചു. അവസാനം ക്യാപ്റ്റന്‍ സഹായിയോട് പറഞ്ഞു നമ്മള്‍ പറയുന്നതൊന്നും ഇവന് മനസ്സിലാകുന്നില്ല ഇനി സംസാരിച്ചിട്ട് കാര്യമില്ല വിട്ടേക്കാന്‍. ഒരു ചിരിയും ചിരിച്ചു അഡിഷണല്‍ ചാര്‍ജും കൊടുക്കാതെ ഞാന്‍ പെട്ടിയും കൊണ്ട് പോന്നു .

2. ആങ്കറുകളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളും

ഇവ തമ്മില്‍ എന്താ ബന്ധം എന്നല്ലേ ? ബന്ധം ഉണ്ട്.
വര്‍ഷത്തില്‍ ഒരു ദിവസം രാത്രി അവിടത്തെ യുവാക്കള്‍ ചേര്‍ന്ന് പൂഴി മണല്‍ കൊണ്ട് അവിവാഹിതരായ പെണ്‍കുട്ടികളുടെ വീടിനു മുന്നില് ഒരു ആങ്കര്‍ വരക്കും. ഈ ആങ്കറുകള്‍ ദ്വീപിനു നടുവിലെ പൂഴി മണല്‍ കൊണ്ട് വരച്ച ഒരു കപ്പലുമായി വര വരച്ചു ബന്ദിപ്പിക്കും. ആദ്യത്തെ തവണ ഇത് കണ്ടപ്പോള്‍ എനിക്ക് ഒന്നും മനസ്സിലായില്ല.. പിന്നീട് അന്വേഷിച്ചപ്പോളാണ് കഥ അറിയുന്നത്. ഒരു പെണ്‍കുട്ടി മാത്രമാണെങ്കില്‍ ഒരു ആങ്കര്‍. 2 എണ്ണം ഉണ്ടെങ്കില്‍ 2 ആങ്കര്‍. അങ്ങനെ. പഴയ കാലത്ത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീടിനു മുന്നില്‍ കൊടി നാട്ടുമായിരുന്നത്രേ.

Image may contain: one or more people, ocean, outdoor, water and nature

വാല്‍ക്കഷ്ണം -ഇതൊന്നും കണ്ടു നേരെ അങ്ങ് കയറി ചെല്ലരുത്. ഇവിടെ പ്രയപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉണ്ടോ എന്നു ചോദിച്ച്. നല്ല തല്ലു കിട്ടും. വെറുതെ ഒരു ആചാരത്തിന്റെ പേരില്‍ അവര്‍ തുടരുന്നു എന്നേ ഉള്ളൂ. അവര്‍ വിവാഹം കഴിക്കുന്നത് ഇതൊന്നും നോക്കി അല്ല

3. മതിന്ധാ ബോട്ട് – ആകാശത്തിലൂടെ പോകുന്ന ബോട്ട്

മനസ്സിലായില്ല അല്ലേ ?.പറയാം . മാലിദ്വീപിലെ പല വാക്കുകളും പ്രയോഗങ്ങളും രസകരമാണ് . മതിന്ധാ ബോട്ട് എന്നത് കൊണ്ട് അവര്‍ ഉദ്ദേശിച്ചത് വിമാനം ആണ്. ( Mathi – മുകളില്‍ ,dha -പോകുന്ന ,Boat-ബോട്ട് തന്നെ ).
അതായത് മാലിദ്വീപുകാര്‍ക്കു വാഹനം എന്നാല്‍ ബോട്ട് ആണ് അതു കൊണ്ട് ആദ്യമായി വിമാനം കണ്ടപ്പോള്‍ അവരും കരുതി ഇതു ആകാശത്തിലൂടെ പോകുന്ന ബോട്ട് ആണെന്ന് .

Brainstorm – എന്ന വാക്ക് അവര്‍ തര്‍ജമ ചെയ്തിരിക്കുന്നത് ‘സിംഗുണ്ടി തൂഫാന്‍ ‘ എന്നാണ് . Brainstorm എന്നാല്‍ വിദ്യാഭ്യാസ വിചക്ഷണര്‍ ഇടക്കിടെ ഉപയോഗിക്കുന്ന വാക്കാണ് .അതായത് ഒരു വിഷയത്തെ കുറിച്ചു പെട്ടെന്ന് കുറെ ഐഡിയകള്‍ ഉണ്ടാക്കി ലിസ്റ്റ് ചെയ്യുന്ന രീതി ആണ് .അല്ലാതെ അതിനു കൊടുങ്കാറ്റുമായി ഒരു ബന്ധവും ഇല്ല . മാലിദ്വീപുകാര്‍ അതിനെ തലച്ചോറിലെ കൊടുങ്കാറ്റാക്കി ( സിംഗുണ്ടി – തലച്ചോര്‍ അല്ലെങ്കില്‍ ബുദ്ധി ,തൂഫാന്‍ – കൊടുങ്കാറ്റ് ).
മറ്റൊരു രസകരമായ വാക്ക് അവര്‍ കുമിള തര്‍ജമ ചെയ്തിരിക്കുന്നത് ‘ബുബുള്ളി ‘ എന്നാണ് .ഇംഗ്ലീഷില്‍ കുമിളക്ക് bubble (ബബിള്‍ ) എന്നാണ് പറയുക. ഇതു പണ്ട് ഏതോ ഇംഗ്ലീഷ് വായിക്കാനറിയാത്ത മാലിദ്വീപുകാരന്‍ ‘ബുബുള്ളി ‘ എന്നു വായിച്ചു അങ്ങനെ കുമിള ബുബുള്ളി ആയി .
NB-ഇതു എന്റെ കണ്ടുപിടുത്തം ആണ് – ചരിത്രവുമായി ഒരു ബന്ധവും ഇല്ല .

Image may contain: one or more people, ocean, sky, outdoor, nature and water

സ്വയം പൊങ്ങുന്നതിനും സെല്‍ഫ് അടിക്കുന്നതിനും അവര്‍ പറയുന്നത് ‘കാറാഫേലാനി ‘ എന്നാണ് .അതായത് ‘തണ്ണിമത്തന്‍ മുറിക്കുക’ ( കാറ -തണ്ണിമത്തന്‍ ,ഫലാനി – മുറിക്കുക )എന്നു അര്‍ത്ഥം .എന്താണ് അങ്ങനെ പറയുന്നത് എന്നു എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയിട്ടില്ല .

4. ഫെന്‍കുളി ദുവസ് – മാലിദ്വീപിലെ ഹോളി

മാലിദ്വീപില്‍ എങ്ങനെയാണ് ഹോളി എത്തിയത് എന്നറിയില്ല. വര്‍ഷത്തില്‍ 4-5 ദിവസംനീണ്ടു നില്ക്കുന്ന ഒരു ആഘോഷമാണ് ഇവിടത്തെ ഹോളി. കുട്ടികള്‍ക്ക് മാത്രമായുള്ള ഒരു ആഘോഷമാണിത്. ഫെന്‍കുളി തുടങ്ങിയാല്‍ ഉച്ചക്ക് ശേഷം എല്ലാ കുട്ടികളും ചെറിയ പ്ലാസ്റ്റിക് കവറുകളിലും ബക്കറ്റിലുമായി വെള്ളം നിറച്ചു തങ്ങളുടെ ഇരകളെ കാത്തു പലയിടത്തായി ഒളിച്ചു നില്‍ക്കും. ആരെയെങ്കിലും എറിയാന്‍ പാകത്തിന് കിട്ടിയാല്‍ വെള്ളം നിറച്ച കവര്‍ കൊണ്ട് എറിയും.

Image may contain: 1 person, smiling, standing and outdoor
ആദ്യകാലങ്ങളില്‍ പച്ചവെള്ളമാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോള്‍ നിറം കലക്കിയ വെള്ളവും ഉപയോഗിക്കാറുണ്ട്.
അധ്യാപകരെ എറിയരുത് എന്നു കര്‍ശന നിര്‍ദ്ദേശം സ്‌കൂളില്‍ നിന്നു നല്‍കിയിട്ടുള്ളതിനാല്‍
കുട്ടികള്‍ നമ്മളെ പലപ്പോഴും വെറുതെ വിടും. എങ്കിലും എനിക്ക് പലപ്പോഴും ഏറു കിട്ടിയിട്ടുണ്ട്. ആദ്യ വര്‍ഷം ഈ പരിപാടിയുടെ ഗുട്ടന്‍സ് പിടികിട്ടാത്തതിനാല്‍ വൈകുന്നേരം കടയിലേക്ക് പോയ എന്നെ എന്റെ ഒരു വിദ്യാര്‍ത്ഥിയുടെ ഉമ്മ തന്നെ തലയിലൂടെ വെള്ളം ഒഴിച്ചു. കുട്ടികള്‍ക്ക് നമ്മള്‍ അവരുടെ കൂടെ കളിക്കുന്നത് ഇഷ്ടമായത് കൊണ്ട് ഞാന്‍ പലപ്പോഴും അവര്‍ എന്നെ എറിയുന്നത് ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിയിലെ എടുക്കാറുള്ളു.

സക്കീര്‍ മൊടക്കാലില്‍
Advertisement