യുവീ.. We Miss You..
Yuvraj Singh
യുവീ.. We Miss You..
ഹരിമോഹന്‍
Monday, 10th June 2019, 5:52 pm
വീരേന്ദര്‍ സെവാഗ് അന്ന് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ മാത്രം നോക്കിയാല്‍ അറിയാം, യുവിക്കു മാത്രമായിരുന്നില്ല ആ ഇന്നിങ്‌സ് ഫേവറൈറ്റെന്ന്. 'ഇന്ന്, ഇപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരെ മാത്രമല്ലേ പരാജയപ്പെടുത്തിയുള്ളൂ. ഈ മനുഷ്യന്‍ കാന്‍സറിനെ എന്നേ അതിജീവിച്ചിരിക്കുന്നു. എല്ലാവര്‍ക്കും ഇയാളില്‍ നിന്നു പലതും പഠിക്കുന്നുണ്ട്.' എത്ര കൃത്യമാണീ വാക്കുകള്‍.

‘Six sixes in an over, Yuvraj Singh finishes things off in style, first time happened in the history of twenty20 cricket’. കനമുള്ള ശബ്ദത്തില്‍, തൊണ്ടയിടറാതെ, കമന്ററി ബോക്‌സിലിരുന്ന് ലോകംകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് കമന്റേറ്റര്‍ രവി ശാസ്ത്രി ഇങ്ങനെ പറയുമ്പോള്‍, അതു കാലം കരുതിവെച്ച കൗതുകം കൂടിയായി മാറുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ ഒരോവറിലെ എല്ലാ പന്തുകളും അതിര്‍ത്തി കടത്തിവിട്ട ഒരാള്‍ അത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിച്ച ഒരു മനുഷ്യനുവേണ്ടി ശബ്ദം നല്‍കുന്നു. എത്ര മനോഹരമാണ് ആ കാഴ്ച..

അതിലും മനോഹരമായ ഒന്നു സംഭവിച്ചിരുന്നു ആ കമന്ററിയുടെ പിറവിക്ക് മിനിറ്റുകള്‍ മുന്‍പ്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കുമുന്നില്‍, ആന്‍ഡ്രൂ ഫ്‌ളിന്റോഫിന് ഒരു ചെറിയ രസം കാണിക്കണമെന്നു തോന്നിക്കാണണം. തന്റെ ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യയുടെ ആ ഇടംകൈയന്‍ ബാറ്റ്‌സ്മാനെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടാനായിരിക്കണം അയാള്‍ ശ്രമിച്ചത്.

ഓവര്‍ കഴിഞ്ഞുപോകുമ്പോള്‍ അയാളുടെ അടുത്തുചെന്ന് ഫ്‌ളിന്റോഫ് എന്തോ പറഞ്ഞു. കളിയിലാണെങ്കിലും കാര്യത്തിലാണെങ്കിലും അത്രപെട്ടെന്ന് വിട്ടുകൊടുക്കാന്‍ മനസ്സിലാത്ത അയാള്‍ ഫ്‌ളിന്റോഫിനു നേരേ തിരിഞ്ഞു. ഒടുവില്‍ മറുവശത്തുനിന്ന ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും അമ്പയര്‍ സൈമണ്‍ ടോഫലും ചെന്നാണു പ്രശ്‌നം പരിഹരിച്ച് അയാളെ ക്രീസിലേക്കു തിരികെക്കൊണ്ടുവന്നത്.

ശേഷം 19-ാം ഓവര്‍ എറിയാന്‍ വരുന്നത്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കക്കാരനായ പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ക്രീസില്‍, ഫ്‌ളിന്റോഫിനെതിരായ രോഷം മുഴുവന്‍ ബാറ്റിലേക്ക് ആവാഹിച്ചുനില്‍ക്കുന്ന അയാളും. ആദ്യ പന്ത് പിന്നിട്ടത് മിഡ് വിക്കറ്റിന് മുകളിലൂടെയായിരുന്നു. ട്വന്റി20-യില്‍ അതത്ര ആനക്കാര്യമൊന്നുമല്ല. പക്ഷേ അവിടെ കാര്യങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ.

രണ്ടാംപന്ത് സ്‌ക്വയര്‍ ലെഗ്ഗിനു മുകളിലൂടെ ഗാലയറിയിലേക്ക് പറന്നത് ബ്രോഡിനു കാഴ്ചക്കാരനെപ്പോലെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. അതൊരു ഫ്‌ളിക്ക് മാത്രമായിരുന്നു എന്ന് രവി ശാസ്ത്രിയും ഡേവിഡ് ലോയ്ഡും പറഞ്ഞത് തെല്ല് അത്ഭുതത്തോടെയാണ്. മൂന്നാംപന്ത് സ്റ്റാന്‍ഡ്‌സിലേക്കു പറന്നത് എക്‌സ്ട്രാ കവറിനു മുകളിലൂടെ. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും പന്ത് പറക്കാന്‍ തുടങ്ങിയിരിക്കുന്നു. ബൗണ്ടറിലൈനിനോടു ചേര്‍ന്നു നിന്നിരുന്ന ഫ്‌ളിന്റോഫിന്റെ മുഖത്ത് പരന്ന നിരാശ ടി.വി സ്‌ക്രീനുകളില്‍ ലോകം കണ്ടു.

മാറ്റം വരുമോയെന്നറിയാന്‍ എറൗണ്ട് ദ വിക്കറ്റില്‍ വന്ന് നാലാം പന്തെറിഞ്ഞ ബ്രോഡ് പോയന്റിലേക്ക് നോക്കുന്നതിനു മുന്‍പുതന്നെ അവിടെ കാണികളിലൊരാള്‍ പന്ത് പിടിച്ചെടുത്തിരുന്നു. ഓവര്‍ ദ വിക്കറ്റിലേക്കു തിരികെയെത്തിയ ബ്രോഡിന് അഞ്ചും ആറും പന്തുകളില്‍ അത്ഭുതങ്ങളൊന്നും സൃഷ്ടിക്കാനായില്ല. യുവ്‌രാജ് സിങ്ങെന്ന ആറടി പൊക്കക്കാരന്റെ ആറടികള്‍ കാണാന്‍ വിധിക്കപ്പെട്ടത് ലോകചരിത്രത്തിലെ ആദ്യ ട്വന്റി20 ലോകകപ്പായിരുന്നു എന്നത് ലോകം അദ്ദേഹത്തിനു കരുതിവെച്ച നീതിയായിരുന്നിരിക്കണം.

മത്സരശേഷം യുവിയും ബ്രോഡും കണ്ടുമുട്ടിയ കാഴ്ച ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. തന്റെ വലതുകൈ മുറുകെപ്പിടിച്ച്, തന്റെ തോളില്‍ ഇടതുകൈ വെച്ച് ചിരിക്കുന്ന യുവിയുടെ ചിത്രം ഇന്നും കളിക്കളത്തിലേക്കിറങ്ങും മുന്‍പ് ബ്രോഡ് ഒരുവട്ടം നോക്കുന്നുണ്ടാവും.

ബാറ്റ് ചെയ്യാനായി പാഡ് കെട്ടുംമുന്‍പ് ഓരോ താരവും വായിച്ചിരിക്കേണ്ട പുസ്തകമാണ് യുവിയുടെ ജീവിതം. പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും കഥകളുണ്ട് അതില്‍.

കരിയറിന്റെ നിര്‍ണായകഘട്ടത്തില്‍ ജീവിതത്തെ കാന്‍സര്‍ എന്ന മഹാരോഗം കാര്‍ന്നുതിന്നു തുടങ്ങിയിട്ടും അതിനെ പോരാടിത്തോല്‍പ്പിച്ച് ഗ്രൗണ്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍ ആ മനുഷ്യന് 35 വയസ്സുണ്ടായിരുന്നു. കളി മതിയാക്കി വീട്ടിലിരിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ തീരുമാനിക്കുന്ന പ്രായംപോലും കടന്നിരുന്നു അപ്പോള്‍. പക്ഷേ തിരിച്ചുപോകാനായിരുന്നില്ല, കളിക്കാന്‍ വേണ്ടി മാത്രമായിരുന്നു ആ മനുഷ്യന്‍ ഒരു മഹാരോഗത്തെ അതീജിവിച്ചത്.

കളിക്കളത്തിലേക്കു തിരിച്ചെത്തിയ യുവി രണ്ടാം മത്സരം കളിച്ചത് കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു. നേടിയത് 150 റണ്‍സ്. തന്റെ വ്യക്തിഗത സ്‌കോര്‍ പോലും തിരുത്തിക്കുറിച്ച പ്രകടനം. ആ സെഞ്ചുറിക്ക് പ്രത്യേകതകള്‍ ഏറെയായിരുന്നു.

വീരേന്ദര്‍ സെവാഗ് അന്ന് തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍ മാത്രം നോക്കിയാല്‍ അറിയാം, യുവിക്കു മാത്രമായിരുന്നില്ല ആ ഇന്നിങ്‌സ് ഫേവറൈറ്റെന്ന്. ‘ഇന്ന്, ഇപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാരെ മാത്രമല്ലേ പരാജയപ്പെടുത്തിയുള്ളൂ. ഈ മനുഷ്യന്‍ കാന്‍സറിനെ എന്നേ അതിജീവിച്ചിരിക്കുന്നു. എല്ലാവര്‍ക്കും ഇയാളില്‍ നിന്നു പലതും പഠിക്കുന്നുണ്ട്.’ എത്ര കൃത്യമാണീ വാക്കുകള്‍. നാലുവര്‍ഷത്തിനുശേഷം കളിച്ച രണ്ടാമത്തെ ഏകദിനത്തിലായിരുന്നു യുവിയുടെ ഈ ഇന്നിങ്‌സെന്നു വീണ്ടും വീണ്ടും നമ്മള്‍ ഓര്‍ക്കണം.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന് സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കാന്‍ ഒരു കാരണവും യുവി തന്നെ. യുവിയെയും മുഹമ്മദ് കൈഫിനെയും പോലുള്ള പ്രതിഭകളെ തേടിപ്പിടിച്ച് ടീമിലെത്തിച്ച സൗരവ്, ഒരു ഭാവി ഇന്ത്യയായിരുന്നു വാര്‍ത്തെടുത്തത്.

കെനിയയില്‍ ഗ്ലെന്‍ മഗ്രാത്തും ജേസണ്‍ ഗില്ലസ്പിയും നേതൃത്വം നല്‍കുന്ന ഓസീസ് ബൗളിങ് നിരയെ നേരിട്ട് തന്റെ ആദ്യ മത്സരത്തില്‍ത്തന്നെ യുവി നേടിയത് 84 റണ്‍സാണ്. അന്ന് ഇന്ത്യയുടെ കോടിക്കണക്കിന് ആരാധകര്‍ക്കു മുന്നില്‍ ഒരു പുത്തന്‍ പ്രതീക്ഷ കൂടി ഇടംകൈയില്‍ ബാറ്റേന്തി നില്‍ക്കുന്നത് നമ്മള്‍ കണ്ടു.

2002-ല്‍ ലോര്‍ഡ്‌സില്‍വെച്ച് യുവി മുഹമ്മദ് കൈഫുമായിച്ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി, ഒടുവില്‍ നാറ്റ്‌വെസ്റ്റ് ട്രോഫി നേടുമ്പോള്‍ സൗരവ് ഡ്രസ്സിങ് റൂമിനു പുറത്ത് ജേഴ്‌സി ഊരി ആഹ്ലാദം പങ്കിട്ടത് ഇന്നും കണ്‍മുന്നിലെന്ന പോലെ കാണാം.

2007-ല്‍ ആദ്യ ട്വന്റി20 ലോകകപ്പില്‍ യുവി ഒരോവറില്‍ തീര്‍ത്ത ആറ് സിക്‌സറുകളും അടുത്ത മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ അര്‍ധസെഞ്ചുറിയും വെറും കണക്കുകളായിരുന്നില്ല. ലോകകപ്പ് എന്ന കടമ്പയെ നേരിടാന്‍ ഇന്ത്യക്കു ലഭിച്ച പുത്തന്‍ ഉണര്‍വ് കൂടിയായിരുന്നു.

ഒടുവില്‍ പണ്ട് സൗരവ് തന്നിലര്‍പ്പിച്ച പ്രതീക്ഷ യുവി എല്ലാ അര്‍ഥത്തിലും കാത്തത്, 28 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്കു തിരികെ ലോകകപ്പ് കിരീടം കൊണ്ടുവന്നാണ്. നാല് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവി, ഒരു ലോകകപ്പ് മാത്രമല്ല, കോടിക്കണക്കിനാളുകളുടെ സ്വപ്‌നവും കൂടിയാണ് ആ കൈകളില്‍ കോരിയെടുത്തത്.

കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ക്കഴിയവേ ഒരിക്കല്‍ യുവി പറഞ്ഞു- ‘നിങ്ങള്‍ പ്രാര്‍ഥിച്ചാല്‍ ഞാന്‍ വീണ്ടും ആറ് സിക്‌സറടിക്കും’. നടക്കില്ലെന്നറിഞ്ഞിട്ടും ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്, നീയടിക്കുന്ന പന്തുകള്‍ വായുവില്‍ ഉയര്‍ന്നുപൊങ്ങി ഇംഗ്ലീഷ് ഗാലറികളില്‍ ചേക്കേറുന്നതു കാണാന്‍.. യുവീ, വീ മിസ്സ് യൂ മാന്‍..

ഹരിമോഹന്‍
കേരള മീഡിയ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം, 2016 മുതല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായിരുന്നു. നിലവില്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍