2021ല്‍ കൊവിഡ് പടരുമ്പോള്‍ മോദിയും ബി.ജെ.പി നേതാക്കളും ശരിക്കും പറഞ്ഞതെന്തെല്ലാം: ഓര്‍മ്മപ്പെടുത്തലുമായി ധ്രുവ് റാഠി
national news
2021ല്‍ കൊവിഡ് പടരുമ്പോള്‍ മോദിയും ബി.ജെ.പി നേതാക്കളും ശരിക്കും പറഞ്ഞതെന്തെല്ലാം: ഓര്‍മ്മപ്പെടുത്തലുമായി ധ്രുവ് റാഠി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 8:29 pm

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധ നടപടികളിലും വാക്‌സിന്‍ വിതരണ നയവുമായി ബന്ധപ്പെട്ടും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അമിതാത്മവിശ്വാസവും പിടിപ്പുകേടുമാണ് രണ്ടാം തരംഗത്തിന്റെ തീവ്രതയും വ്യാപനത്തോതും വര്‍ധിപ്പിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

ഇപ്പോള്‍, 2021ല്‍ കൊവിഡിന്റെ രണ്ടാം തരംഗം തീവ്രമാകുന്ന ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനുമടക്കമുള്ളവര്‍ നടത്തിയ ചില പ്രസ്താവനകള്‍ ഓര്‍മ്മിപ്പിക്കുകയാണ് യൂട്യൂബര്‍ ധ്രുവ് റാഠി.

ബി.ജെ.പി നേതാക്കളുടെ ഓരോ പ്രസ്താവന വരുന്ന സമയത്തെ രാജ്യത്തെ കൊവിഡ് കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗ്രാഫാണ് ധ്രുവ് റാഠി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘അവര്‍ എപ്പോള്‍ എന്ത് പറഞ്ഞു’ എന്നാണ് ഗ്രാഫിന്റെ ക്യാപ്ഷന്‍. കൊവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയ ജനുവരിയില്‍ ഇന്ത്യ ലോകത്തെ മഹാവിപത്തില്‍ നിന്നും രക്ഷിച്ചുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ജനുവരി 28നായിരുന്നു ഈ പ്രസ്താവന.

ഫെബ്രുവരി 19നാണ് കേന്ദ്ര ആരോഗ്യമന്ത്രി, ബാബാ രാംദേവിന്റെ വിവാദ കൊവിഡ് മരുന്നായ കൊറോനില്‍ ഉദ്ഘാടനം ചെയ്തത്. പിന്നീട് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ പടിയായ വര്‍ധനയുണ്ടായിക്കൊണ്ടിരുന്നപ്പോഴും നമ്മള്‍ കളിയുടെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നാണ് മാര്‍ച്ച് ആദ്യ വാരത്തില്‍ അദ്ദേഹം പറഞ്ഞത്.

മാര്‍ച്ച 21ന് മഹാ കുംഭമേളയിലേക്ക് നരേന്ദ്ര മോദി എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. മാര്‍ച്ച് 30ന് പ്രതിദിന കേസുകള്‍ 50000 കടന്ന സമയത്തും എല്ലാം നിയന്ത്രണത്തിലാണെന്നാണ് ആരോഗ്യ മന്ത്രി അവകാശപ്പെട്ടിരുന്നത്.

പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേറെയായ ഏപ്രിലില്‍ അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ നടത്തിയ പ്രസ്താവന വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അസമില്‍ കൊവിഡില്ലെന്നും ആരും മാസ്‌ക് ധരിക്കേണ്ടതില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

കൊവിഡ് കേസുകള്‍ ഒന്നര ലക്ഷം കടന്ന സമയത്തും കുംഭ മേളയെ കുറിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് പറഞ്ഞതും ധ്രുവ് റാഠി ചൂണ്ടിക്കാണിക്കുന്നു. ഗംഗാ മാതാവിന്റെ അനുഗ്രഹമാണ് ഈ ഒഴുകുന്നത്. ഇവിടെ ഒരു കൊറോണയുമുണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചു നടത്തിയ കുംഭ മേള കൊവിഡ് വ്യാപനത്തിന് വലിയ പങ്കുവഹിച്ചുവെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസുകള്‍ രണ്ട് ലക്ഷത്തോട് അടുത്ത ഏപ്രിലില്‍, ബംഗാളില്‍ വെച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ഇത്രയും വലിയ ജനക്കൂട്ടത്തെ മുന്‍പൊന്നും കണ്ടിട്ടില്ലെന്ന് പറഞ്ഞ് മോദി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യവും ധ്രുവ് റാഠി ചൂണ്ടിക്കാട്ടുന്നുണ്ട്.

നിരവധി പേരാണ് ഗ്രാഫിന് കമന്റുമായി എത്തിയിരിക്കുന്നത്. ഈ സൂചിപ്പിച്ചവര്‍ മാത്രമല്ല ബി.ജെ.പിയിലെ നിരവധി നേതാക്കള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാരാണ് ഇന്ത്യയുടെ കൊവിഡ് പ്രതിരോധം ഇത്രയും മോശം നിലയിലെത്തിച്ചതെന്നും കമന്റുകളില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Youtuber Dhruv Rathee against PM Narendra Modi and BJP in Covid surge, brings out their previous statement