പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; രണ്ടുപേര്‍ പിടിയില്‍
Crime
പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; രണ്ടുപേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 8:58 am

പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പെട്രോള്‍ പമ്പിലെ ജീവനക്കാരായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്.

പുലര്‍ച്ചെയാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. മരിച്ച അന്‍സിലും പെട്രോള്‍ പമ്പ് ജീവനക്കാരും തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു.

അന്‍സിലിന്റെ വീടിന് തൊട്ടടുത്താണ് പെട്രോള്‍ പമ്പുള്ളത്. കഴിഞ്ഞ ദിവസം രാത്രി അന്‍സിലിന്റെ വാഹനം പമ്പില്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ ജീവനക്കാര്‍ വാഹനം പുറത്തേക്കിടുകയും ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങിയ അന്‍സിലിനെ ബിജുവും, എല്‍വിനും ചേര്‍ന്ന് വെട്ടികൊലപ്പെടുത്തുകയായിരുന്നു.

കഴുത്തിന് വെട്ടേറ്റ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്പാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച് ഇറക്കിയതെന്നാണ് പൊലീസ് കരുതുന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അന്‍സില്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Youth hacked to death in Perumbavoor; Two arrested