കീപ്പ് ക്വയെറ്റ്; കെ. സുധാകരനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍
Kerala News
കീപ്പ് ക്വയെറ്റ്; കെ. സുധാകരനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th March 2022, 10:02 pm

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതില്‍ നടപടിയെടുക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ തീരുമാനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ്. നുസൂര്‍.

സോഷ്യല്‍മീഡിയയിലൂടെ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന സുധാകരന്റെ മുന്നറിയിപ്പിനാണ് നുസൂറിന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് നുസൂര്‍ കെ.പി.സി.സി അധ്യക്ഷനെ പരിഹസിച്ച് കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചത്.

ചെവിയും വായും കണ്ണും പൊത്തി നില്‍ക്കുന്ന മൂന്ന് കുരങ്ങിന്റെ ഡമ്മി ചിത്രമാണ് നുസൂര്‍ ട്വീറ്റ് ചെയ്തത്. മണ്ടാതിരക്കുക(Keep Quiet… ) എന്നാണ് അദ്ദേഹം ഇതിന് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്.

സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് കെ.പി.സി.സി നിരീക്ഷിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമെന്നും സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.സമൂഹ മാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അത് തിരിച്ചറിഞ്ഞ് അത്തരം പ്രവര്‍ത്തികളില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണം.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കെ.സി. വേണുഗോപാലും ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി അഹോരാത്രം പണിയെടുത്തവരാണെന്നും സുധാകരന്‍ വ്യക്തമാക്കി.പരാജയ കാരണം ചിലരുടെ ചുമലില്‍ മാത്രം കെട്ടിവെയ്ക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. ജയ പരാജയങ്ങളില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്.

നേതാക്കളെ അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിലും മറ്റും പരസ്യമായി പ്രതികരിക്കുന്നത് അച്ചടക്ക ലംഘനമായി കാണേണ്ടിവരും.ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പാര്‍ട്ടി വേദികളിലാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവര്‍ക്കെതിരെ സംഘടനാപരമായ നടപടി സ്വീകരിക്കുന്നതാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHTS:  Youth Congress state vice president of the Trolled by K. Sudhakaran