സ്ത്രീകള്‍ക്ക് തുല്യത നല്‍കരുതെന്ന് പറഞ്ഞവര്‍ക്കൊപ്പമായിരുന്നു അച്ഛനെന്നോര്‍ത്ത് നാളെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടിവരരുത്; കോണ്‍ഗ്രസില്‍ നിന്ന് രാജി
kERALA NEWS
സ്ത്രീകള്‍ക്ക് തുല്യത നല്‍കരുതെന്ന് പറഞ്ഞവര്‍ക്കൊപ്പമായിരുന്നു അച്ഛനെന്നോര്‍ത്ത് നാളെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടിവരരുത്; കോണ്‍ഗ്രസില്‍ നിന്ന് രാജി
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 1:34 pm

 

കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരായ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ രാജി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ബിജീഷ് കെ.പിയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

“സ്ത്രീകള്‍ക്ക് തുല്യത നല്‍കരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോര്‍ത്തു നാളെ എന്റെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടി വരരുത്” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രാജിയുടെ കാരണം വിശദീകരിക്കുന്നത്.

പുരോഗമനപരമായ മാറ്റങ്ങളോട് പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് ഇനിയും യോജിച്ച് മുന്നോട്ടുപോകാനാവില്ല എന്നും ബിജേഷ് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ വിശദീകരിക്കുന്നു.

“പല വിഷയങ്ങളിലും കോണ്‍ഗ്രസുകാര്‍ പാരമ്പര്യ, പിന്തുടര്‍ച്ച വാദികളാണ്. പല പുരോഗമനപരമായ മാറ്റങ്ങളോടും മുഖം തിരിഞ്ഞു നില്കുന്നു. അത് തന്നെയാണ് വലതുപക്ഷ പ്രസ്ഥാനങ്ങളുടെ സത്ത എന്ന് മനസിലാവാഞ്ഞിട്ടല്ല. ഞാന്‍ ആ പക്ഷക്കാരനല്ല എന്നതാണ് പ്രശ്നം. സ്വന്തം വളര്‍ച്ചക്ക് ദോഷംചെയ്യുമോ എന്ന പേടിയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ഉറച്ച ഒരു നിലപാടെടുക്കാന്‍ പോലും തയ്യാറാവാത്ത പ്രാദേശിക നേതൃതത്വവും മനസുമടുപ്പിച്ചിരിക്കുന്നു. ഈ വിയോജിപ്പുകള്‍ക്കു നടുവിലും പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ എന്നെ പുറത്തകടക്കാന്‍ അനുവദിക്കാതിരുന്നത്, കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരുമായി എനിക്കുള്ള ആത്മബന്ധമാണ്. ഇപ്പോഴും ആ ബന്ധം അങ്ങനെ തന്നെ നില്‍ക്കുമ്പോഴും ഇനിയും മനസാക്ഷിക്കൊപ്പം നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.” അദ്ദേഹം പറയുന്നു.

Also Read:“ഇത് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട എന്റെ അമ്മയാ”; നാമജപയാത്രയില്‍ ഈഴവരെന്ന സംഘപരിവാറിന്റെ വ്യാജപ്രചരണം പൊളിഞ്ഞു

രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള ബിജേഷിന്റെ കുറിപ്പ്:

എന്നെ നേരിട്ട് അറിയാവുന്നവര്‍ക്ക് ഒരു കാര്യമാറിയാം, ഞാന്‍ ഒരു കോണ്‍ഗ്രസ് കാരണാണ്. ഇനി അങ്ങനെ ആയിരിക്കില്ല എന്നറിയിക്കാനാണ് ഈ പോസ്റ്റ്. അതിന് പല കാരണങ്ങളുണ്ട്. പ്രധാനപ്പെട്ടത്, സ്ത്രീകള്‍ക്ക് തുല്യത നല്‍കരുത് എന്ന് പറഞ്ഞവരുടെ കൂടെയായിരുന്നു എന്റെ അച്ഛനും എന്നോര്‍ത്തു നാളെ എന്റെ മക്കള്‍ക്ക് തലതാഴ്‌ത്തേണ്ടി വരരുത്. നാം മുന്നോട്ടാണ് സഞ്ചരിക്കേണ്ടത് എന്ന ബോധ്യത്തില്‍ എതിരെ നില്‍ക്കുന്ന ഒരു വലിയ ജനവിഭാഗത്തിനു മുന്നിലും നിലപാടില്‍ പാതറാതെ നില്‍ക്കുന്ന ഇടതു പക്ഷത്തിന് കരുത്ത് പകരേണ്ട സമയം ഇതുതന്നെയാണെന്ന ഉത്തമബോധ്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എന്റെ രാജി ഞാന്‍ പരസ്യപ്പെടുത്തുന്നു..

പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ..

വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടാകുന്നതിനു മുന്നേ തന്നെ വ്യക്തിബന്ധങ്ങളുടെ പേരില്‍ കോണ്‍ഗ്രസ്സുകാരനായ ആളാണ് ഞാന്‍. രാഷ്ട്രീയ പ്രവര്‍ത്തനത്തോട് കൂടുതല്‍ അടുക്കുംതോറും ഒരു കാര്യത്തില്‍ എനിക്ക് വ്യക്തത കൂടി വരുന്നുണ്ടായിരുന്നു..

ഞാന്‍ ഒരു ഇടത് പക്ഷക്കാരനാണ്.

അപ്പോഴും കോണ്‍ഗ്രസ്് ഒരു തീവ്ര വലതുപക്ഷ സംഘടനയാണ് എന്ന് എനിക്ക് അനുഭവപെട്ടിട്ടില്ല. ഒരു ഇടത് പക്ഷക്കാരന് പ്രവര്‍ത്തിക്കാനുള്ള ഇടവും കോണ്‍ഗ്രസില്‍ ഉണ്ടെന്ന് തന്നെ ഞാന്‍ മനസിലാക്കിയിരുന്നു.

എന്നിരുന്നാലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയില്‍ വലിയ രീതിയിലുള്ള വിയോജിപ്പുകള്‍ എനിക്കെപ്പോഴും ഉണ്ടായിരുന്നു. കോണ്‍ഗ്രസില്‍ നേതാക്കന്മാര്‍ ഉണ്ടായി വരുകയല്ല ചെയ്യുന്നത്, പലപ്പോഴും നേതാക്കന്മാരെ സൃഷ്ടിച്ചെടുക്കുകയാണ്.

പ്രത്യേയശാസ്ത്രത്തിലൂനിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ മുന്നോട്ട് നയികാനും അതിലൂടെ നാടിന്റെ ക്ഷേമം ഉറപ്പുവരുത്താനുമല്ല നേതാക്കന്മാര്‍ ശ്രമിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം സ്വയം വളരാന്‍ വളക്കൂറുള്ള മണ്ണ് മാത്രമാണ് കോണ്‍ഗ്രസ്.

എന്തിനോ വേണ്ടി തിളക്കുന്ന സമ്പാറിന്റെ അവസ്ഥയിലാണ് പ്രവര്‍ത്തകര്‍. അവര്‍ക്ക് നിലപാടിനൊപ്പം നില്‍ക്കാന്‍ അറിയില്ല. ഏതെങ്കിലും വ്യക്തിക്ക് കീഴില്‍ അണിനിരക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത് (പഴയ ജന്മി-കുടിയാന്‍ ബന്ധത്തിന്റെ അവശേഷിപ്പ്).

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടാകും. ഞാന്‍ ഒരു പ്രസ്ഥാനത്തിന്റെ പൊതുരീതിയാണ് കണക്കിലെടുക്കുന്നത്. ഞാന്‍ മനസിലാക്കിയിടത്തോളം അനുസരണയില്ലാത്ത ഒരു ആള്‍കൂട്ടമാണ് കോണ്‍ഗ്രസ്.

പല വിഷയങ്ങളിലും കോണ്‍ഗ്രസുകാര്‍ പാരമ്പര്യ, പിന്തുടര്‍ച്ച വാദികളാണ്. പല പുരോഗമനപരമായ മാറ്റങ്ങളോടും മുഖം തിരിഞ്ഞു നില്കുന്നു. അത് തന്നെയാണ് വലതുപക്ഷ പ്രസ്ഥാനങ്ങളുടെ സത്ത എന്ന് മനസിലാവാഞ്ഞിട്ടല്ല. ഞാന്‍ ആ പക്ഷക്കാരനല്ല എന്നതാണ് പ്രശ്നം. സ്വന്തം വളര്‍ച്ചക്ക് ദോഷംചെയ്യുമോ എന്ന പേടിയില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുന്ന ഉറച്ച ഒരു നിലപാടെടുക്കാന്‍ പോലും തയ്യാറാവാത്ത പ്രാദേശിക നേതൃതത്വവും മനസുമടുപ്പിച്ചിരിക്കുന്നു. ഈ വിയോജിപ്പുകള്‍ക്കു നടുവിലും പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ എന്നെ പുറത്തകടക്കാന്‍ അനുവദിക്കാതിരുന്നത്, കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരുമായി എനിക്കുള്ള ആത്മബന്ധമാണ്. ഇപ്പോഴും ആ ബന്ധം അങ്ങനെ തന്നെ നില്‍ക്കുമ്പോഴും ഇനിയും മനസാക്ഷിക്കൊപ്പം നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിയില്ല.

സമസ്ത മേഖലകളിലും മനുഷ്യനുണ്ടാക്കിയ സംവിധാനങ്ങളില്‍ പോരായ്മകളും, പരിമിതികളും ഉണ്ടാകുക സ്വാഭാവികമാണ്. ഇവിടെ നമുക്ക് ചെയ്യാന്‍ കഴിയുക നമ്മുടെ ചിന്തകളുടെയും ആശയങ്ങളുടെയും അടിസ്ഥാനത്തില്‍ താരതമ്യേന ഭേദപ്പെട്ടത് തിരഞ്ഞെടുക്കുക എന്നതാണ്.

ഇപ്പോള്‍ കോണ്‍ഗ്രസിനു പുറത്തുകടന്ന് അങ്ങനെ ഒരു തിരഞ്ഞെടുപ്പിന് ഞാന്‍ ശ്രമിക്കുകയാണ്. അന്വേഷണങ്ങള്‍ക്കൊടുവില്‍ താരതമ്യേന മെച്ചപ്പെട്ടത് ഞാന്‍ തിരഞ്ഞെടുക്കും. അതിന്റെ ഭാഗമായി എന്റെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സ്ഥാനം ഞാന്‍ രാജി വെക്കുന്നു.
ആശയപരമായ ഭിന്നിപ്പുകള്‍ക്കിടയിലും പ്രിയ സുഹൃത്തുക്കളുമായി വ്യക്തിപരമായ അടുപ്പം തുടരാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു..
സ്‌നേഹപൂര്‍വ്വം,

ബിജീഷ് കെ.പി