സംഘികളല്ല ഗണേശോത്സവം നടത്തേണ്ടത്; ഡി.ജെ പാട്ടും വെച്ച് അവരത് രാഷ്ട്രീയ പരിപാടിയാക്കി മാറ്റി: റിജില്‍ മാക്കുറ്റി
Kerala News
സംഘികളല്ല ഗണേശോത്സവം നടത്തേണ്ടത്; ഡി.ജെ പാട്ടും വെച്ച് അവരത് രാഷ്ട്രീയ പരിപാടിയാക്കി മാറ്റി: റിജില്‍ മാക്കുറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 8:07 am

തിരുവനന്തപുരം: സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഗണേശോത്സവ പരിപാടികള്‍ക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഗണേശോത്സവത്തെ സംഘപരിവാര്‍ ആഭാസകരമായ രീതിയില്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു.

വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍ സംഘികള്‍ ഡി.ജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണെന്ന് റിജില്‍ മാക്കുറ്റി വിമര്‍ശിച്ചു. ഇതിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ഗണേശ വിഗ്രഹത്തിന്റെ ചിത്രവും കുറിപ്പിന് താഴെ പങ്കുവെച്ചാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. ഭക്തിയുടെ മൊത്ത കച്ചവടക്കാര്‍ തങ്ങളാണെന്നാണ് സംഘികള്‍ പറയുന്നത്. അവര്‍ നടത്തുന്ന ഗണേശോത്സവത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഹിന്ദു വിരുദ്ധരെന്ന് ചാപ്പയടിക്കലാണ് സംഘികളുടെ പ്രധാന പണി.

ഇത്തരം ആഭാസങ്ങള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്ത് ഇറങ്ങണം. സംഘികളല്ല ഗണേശോത്സവം നടത്തേണ്ടത്. വിശ്വാസ കേന്ദ്രങ്ങളായ അമ്പലങ്ങളും ക്ഷേത്രങ്ങളുമാണ് ഗണേശോത്സവം നടത്തേണ്ടതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

വിശ്വാസത്തെയും യഥാര്‍ത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ് സംഘപരിവാര്‍. ഗണേശോത്സവത്തിന്റെ പേരില്‍ സംഘികള്‍ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും റിജില്‍ മാക്കുറ്റി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്ന ഗണേശോത്സവത്തിന് സംസ്ഥാനത്തുടനീളം സംഘപരിവാര്‍ സംഘടനകളാണ് വ്യാപകമായി നേതൃത്വം നല്‍കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഭക്തിയുടെ മൊത്ത കച്ചവടക്കാര്‍ തങ്ങളാണെന്ന് പറഞ്ഞ് ഗണേശോത്സവത്തിന്റെ പേരില്‍ സംഘികള്‍ നടത്തുന്ന പേക്കൂത്തുകളുടെ ബാക്കിയാണ് പയ്യാമ്പലം കടപ്പുറത്ത് കാണുന്ന ഈ ദൃശ്യം.

വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടേണ്ട ആഘോഷം ഡി.ജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി സംഘികള്‍ മാറ്റുകയാണ്.

‘ഇത് ചോദ്യം ചെയ്താല്‍ അവര്‍ ഹിന്ദു വിരുദ്ധര്‍’ എന്ന ചാപ്പയടിയാണ് സംഘികളുടെ പ്രധാന പണി. ഈ ആഭാസത്തെ ചോദ്യം ചെയ്യാന്‍ വിശ്വാസികള്‍ രംഗത്തിറങ്ങണം. വിശ്വാസ കേന്ദ്രങ്ങളായ അമ്പലങ്ങളും ക്ഷേത്രങ്ങളും ആണ് ഗണേശോത്സവം നടത്തേണ്ടത്. സംഘികള്‍ അല്ല.

ഇവറ്റകള്‍ വിശ്വാസത്തെയും യഥാര്‍ത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ്. വിശ്വാസി സമൂഹം ഗണേശന്റെ പേരില്‍ സംഘികള്‍ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ തിരിച്ചറിയുക.

Content Highlight: Youth Congress Leader Rijil Makkutty’s Facebook post about Ganesholsavam