നിങ്ങളുടെ മുത്തച്ഛനാണ് ചൈനയ്ക്ക് ആ അവസരം നല്‍കിയത്; രാഹുലിന്റെ ചൈന പരാമര്‍ശത്തിന് ബി.ജെ.പിയുടെ മറുപടി
national news
നിങ്ങളുടെ മുത്തച്ഛനാണ് ചൈനയ്ക്ക് ആ അവസരം നല്‍കിയത്; രാഹുലിന്റെ ചൈന പരാമര്‍ശത്തിന് ബി.ജെ.പിയുടെ മറുപടി
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 1:11 pm

ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെതിരായ നീക്കത്തെ യു.എന്നില്‍ ചൈന എതിര്‍ത്തിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനെ പേടിയാണെന്നുമുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബി.ജെ.പി.

രാഹുല്‍ ഗാന്ധി അധികം സംസാരിക്കേണ്ടെന്നും രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ചൈനയ്ക്ക് യു.എന്‍.എസ്.സിയില്‍(യുനൈറ്റഡ് നാഷണ്‍സ് സെക്യൂരിറ്റി കൗണ്‍സില്‍) സീറ്റ് നല്‍കിയതെന്നുമായിരുന്നു ബി.ജെ.പിയുടെ മറുപടി.

നിങ്ങളുടെ മുത്തച്ഛന്‍ ചൈനയ്ക്ക് അങ്ങനെയൊരു സമ്മാനം നല്‍കിയില്ലായിരുന്നെങ്കില്‍ ചൈന ഒരിക്കലും യു.എന്‍.എസ്.സിയില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ബി.ജെ.പി ട്വീറ്റ് ചെയ്തു.


“ദയവ് ചെയ്ത് ഇതിന്റെ അര്‍ത്ഥം കൂടി ഒന്ന് പറഞ്ഞുതരാമോ”; യോഗി ആദിത്യനാഥിന്റെ പരിഹാസ ട്വീറ്റിനെ ട്രോളി അഖിലേഷ് യാദവ്


ഇത്തരം അബദ്ധങ്ങളിലെല്ലാം ഇന്ത്യ ചെന്ന് ചാടിയത് നിങ്ങളുടെ കുടുംബം കാരണമാണെന്നും ബി.ജെ.പി പ്രതികരിച്ചു. മോദിക്കെതിരെ രാഹുല്‍ ആരോപണം ഉന്നയിക്കുമ്പോള്‍ മറുവശത്ത് ചൈനീസ് നയതന്ത്രജ്ഞരുമായി രഹസ്യബന്ധം പുലര്‍ത്തുകയാണ് രാഹുല്‍ എന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിനെതിരായ നീക്കത്തെ യു.എന്നില്‍ വീണ്ടും ചൈന എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധി മോദിയെ വിമര്‍ശിച്ചത്.

ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍ മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.””ദുര്‍ബലനായ മോദിക്ക് ഷീയെ(ഷീ ജിന്‍പിങ്) പേടിയാണ്. ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുമ്പോള്‍, മോദിയുടെ വായില്‍ നിന്നും ഒരക്ഷരം പോലും പുറത്തുവരുന്നില്ല. ഗുജറാത്തില്‍ ഷീക്കൊപ്പം ആടും, ദല്‍ഹിയില്‍ കെട്ടിപ്പിടിക്കും, ചൈനയില്‍ ഷീക്ക് മുന്നില്‍ വണങ്ങും. ഇതാണ് ചൈനയോടുള്ള നോമോയുടെ നയനിലപാട്.”” എന്നായിരുന്നു രാഹുല്‍ പരിഹസിച്ചത്.

യു.എന്‍ രക്ഷാസമിതിയില്‍ മസൂദിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയാണ് ചൈന എതിര്‍ത്തത്. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് തല്‍ക്കാലം മാറ്റിവെക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കൃത്യമായ തെളിവുകളില്ലെന്നാണ് ചൈനയുടെ വാദം. ഇക്കാര്യത്തില്‍ സമവായവും ചര്‍ച്ചയുമാണ് ആവശ്യമെന്നും ചൈന യു.എന്നില്‍ അഭിപ്രായപ്പെട്ടിരുന്നു.