എഡിറ്റര്‍
എഡിറ്റര്‍
സ്വാതന്ത്ര്യദിനം ആഘോഷിച്ചാല്‍ മാത്രം പോര; ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചു നല്‍കണമെന്നും മദ്രസകളോട് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍
എഡിറ്റര്‍
Friday 11th August 2017 8:12pm

ലക്നൗ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് ഉത്തര്‍പ്രദേശിലെ മദ്രസകള്‍ക്ക് ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവ്. മദ്രസ പരിഷത്ത് ബോര്‍ഡ് ഇത് അറിയിച്ചു കൊണ്ട് ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരപോരാളികളുടെ സംഭാവനങ്ങളെകുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരാനാണ് ഇതെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറയുന്നു. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, എന്നീ നിബന്ധനകള്‍ക്ക് പുറമെയാണ് ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണമെന്ന നിബന്ധന.

മുന്‍പ് ഉണ്ടായിരുന്ന സര്‍ക്കാരുകളെപ്പോലെ രാഷ്ട്രീയപ്രീണനത്തിന് പകരം ദേശീയാഭിമുഖ്യമുള്ളവരാണ് തങ്ങളുടെ സര്‍ക്കാരെന്നും ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. ഏകദേശം 8,000 മദ്രസകള്‍ക്കാണ് യു.പി സംസ്ഥാനസര്‍ക്കാരിന്റെ മദ്രസ ശിക്ഷ പരിഷത്തിന്റെ അംഗീകരമുള്ളത്. ഇവയില്‍ 560 മദ്രസകള്‍ പൂര്‍ണമായും സര്‍ക്കാരിന്റെ കീഴിലാണ്.


Also Read:  ‘അവള്‍ക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മുന്നിലെ സ്‌ക്രീനില്‍ സ്വന്തം ജീവിതമായിരുന്നു മിന്നിമറയുന്നത്’; തിയ്യറ്ററിലെ തറയില്‍ മുട്ടി കുത്തി നിന്ന് അവന്‍ ചോദിച്ചു ‘വില്‍ യു മാരി മീ’, വീഡിയോ കാണാം 


മദ്രസകള്‍ക്ക് സംസ്ഥാനസര്‍ക്കാരില്‍ നിന്നും ഫണ്ട് നല്‍കുന്നുണ്ട്. അതിനാല്‍ സ്വാതന്ത്ര്യദിനം ഉള്‍പെടെയുള്ള ദേശീയ ആഘോഷങ്ങള്‍ ആചരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

ദേശസ്നേഹവും സാഹോദര്യവുമാണ് മദ്രസയില്‍ പഠിപ്പിക്കുന്നതെന്ന് ഒരു വസ്തുതയാണ്. ദേശീയ ആഘോഷങ്ങള്‍ വലിയ രീതിയില്‍ തന്നെയാണ് ആചരിക്കാറ്. പക്ഷെ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത് ഭരണകൂടത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഓള്‍ ഇന്ത്യ ടീച്ചേഴ്സ് അസോസിയേഷന്‍ മദ്രസ അറേബ്യ ജനറല്‍ സെക്രട്ടറി ഹാഫിസ് നസ്രെ അസ്‌ലം ഖാദ്രി പറഞ്ഞു.

അതേസമയം, ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മദ്രസകളും അദ്ധ്യാപകരും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് ഗൊരഖ്പൂരിലെ മദ്രസ അറേബ്യ മാനേജര്‍ ഹാജി സയ്യിദ് തഹ്വാര്‍ ഹുസ്സൈന്‍ പറഞ്ഞു. എന്നിട്ടും തങ്ങളെ സംശയത്തോടെ പെരുമാറുന്നത് ദൗര്‍ഭാഗ്യകരവും അപലപനീയമാണെന്നും ഹുസ്സൈന്‍ പറഞ്ഞു.

Advertisement