എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥും മനോഹര്‍ പരീക്കറും മൗര്യയും ഉടന്‍ പാര്‍ലമെന്റ് വിടില്ല; രാജി രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം മാത്രം
എഡിറ്റര്‍
Wednesday 22nd March 2017 8:51am

ന്യൂദല്‍ഹി: സംസ്ഥാനങ്ങളുടെ ഭരണത്തിനായി നിയോഗിക്കപ്പെട്ട ബി.ജെ.പി എം.പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഉടന്‍ തന്നെ രാജി വെയ്ക്കില്ല. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ രാജിവെയ്ക്കുകയുള്ളൂ.

യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ നിന്നും കേശവ് പ്രസാദ് മൗര്യ ഫുല്‍പൂരില്‍ നിന്നുമുള്ള ലോക്‌സഭാംഗങ്ങളാണ്. ഗോവ മുഖ്യമന്തി മനോഹര്‍ പരീക്കര്‍ രാജ്യസഭാംഗമാണ്. ഉത്തര്‍പ്രദേശിലെ മറ്റൊരു ഉപമുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ദിനേശ് ശര്‍മ്മ നേരത്തേ ലഖ്‌നൗ മേയര്‍സ്ഥാനം രാജി വെച്ചിരുന്നു.


Don’t Miss: ഇങ്ങളെന്ത് വിടലാണ് ബാബുവേട്ടാ; ഫ്രഞ്ച് തത്വ ചിന്തകന്‍ നൊസ്ട്രഡാമസ് പ്രവചിച്ച ആ നേതാവ് മോദിയെന്ന് ബി.ജെ.പി എം.പി


മൂന്ന് എം.പി മാരും അടുത്ത ആറ് മാസത്തിനിടെ അവരുടെ സംസ്ഥാനങ്ങളിലെ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ച് നിയമസഭയില്‍ എത്തേണ്ടതായുണ്ട്. ഈ വര്‍ഷം സെപ്റ്റംബറിലായിരിക്കും ഈ തെരഞ്ഞെടുപ്പ് നടക്കുക. അതുകൊണ്ട് തന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജി നീട്ടിവെക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.

എം.പിമാര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് 14 ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ പാര്‍ലമെന്റ് അംഗത്വം രാജി വെച്ചാല്‍ മതിയെന്നാണ് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞത്. രാജിക്ക് തിടുക്കം കൂട്ടേണ്ട കാര്യമില്ല. ഇതിനേക്കാള്‍ ഗൗരവമേറിയ പ്രശ്‌നങ്ങള്‍ വേറേയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.പി സ്ഥാനം ഉടന്‍ രാജി വെക്കില്ലെങ്കിലും യോഗി ആദിത്യനാഥിനായി എം.എല്‍.എ സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറായി നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്.

Advertisement