എഡിറ്റര്‍
എഡിറ്റര്‍
‘കംപ്ലീറ്റ് കാവിവല്‍ക്കരണം’; ബസുകള്‍ക്ക് പിന്നാലെ ഇലക്ട്രിക്ക് പോസ്റ്റുകള്‍ക്കും കാവി നിറമാക്കാന്‍ യു.പി സര്‍ക്കാര്‍
എഡിറ്റര്‍
Saturday 2nd September 2017 12:25pm

 

ലക്‌നൗ: യു.പിയിലെ ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് കാവി പെയിന്റടിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. ബസുകളെ കാവിയില്‍ മുക്കിയതിനു പിന്നാലെയാണ് വൈദ്യുത പോസ്റ്റുകളുടെയും നിറം മാറ്റാന്‍ യു.പി സര്‍ക്കാരിന്റെ നീക്കം.

പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് പെയിന്റടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എല്ലാവര്‍ക്കും വൈദ്യുതി എന്ന പ്രത്യേക പദ്ധതിയിലാണ് കാവി പെയിന്റടിക്കാനുള്ള പരിപാടിയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അലോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ അനധികൃത കോളനികളിലേക്കുമുള്ള വൈദ്യതി കണക്ഷന്‍ അംഗീകരിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ പ്രദേശങ്ങളിലെ വൈദ്യുതി പോസ്റ്റുകളെയും കാവിയടിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ദക്ഷിണാഞ്ചല്‍ വൈദ്യുതി വിതരണ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സുദീര്‍ കുമാര്‍ വര്‍മയും പദ്ധതിയെ ന്യായീകരിച്ച് രംഗത്തെത്തി.


Also Read: ഗോരഖ്പൂര്‍ ദുരന്തം; ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച ഡോ. കഫീല്‍ ഖാന്‍ അറസ്റ്റില്‍


ഉത്തര്‍പ്രദേശ് വൈദ്യതി ബോര്‍ഡിന്റെ കണക്ക് പ്രകാരം 30,000 അനധികൃത കോളനികളിലേക്ക് നിയമാനുസൃതമായ വൈദ്യുതി കണക്ഷന്‍ എത്തിക്കേണ്ടതുണ്ട്. ഇവയെല്ലാം പെട്ടെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് പോസ്റ്റുകള്‍ക്ക് കാവി പെയിന്റടിക്കുന്നതെന്ന് സുദീപ് കുമാര്‍ വ്യക്തമാക്കി.

എന്നാല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുകയാണെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലെ ബസുകള്‍ക്ക് കാവി പെയിന്റടിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പുറമേ കാവി നിറത്തിലുള്ള 50 പുതിയ ബസുകള്‍ നിരത്തിലിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Advertisement