യോഗി ആദിത്യനാഥ് കേരളത്തെ കണ്ട് പഠിക്കൂ; വീണ്ടും പുകഴ്ത്തലുമായി ശശി തരൂര്‍
Kerala News
യോഗി ആദിത്യനാഥ് കേരളത്തെ കണ്ട് പഠിക്കൂ; വീണ്ടും പുകഴ്ത്തലുമായി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th December 2021, 10:39 pm

കോഴിക്കോട്: നീതി ആയോഗിന്റെ ആരോഗ്യ വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി.

കേരളം ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയ വാര്‍ത്തയും കേരളം യു. പിയില്‍ നിന്ന് പഠിക്കണമെന്ന യോഗിയുടെ മുന്‍പ്രസ്താവനയും ടാഗ് ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

യോഗി ആദിത്യനാഥിന് താല്‍പര്യമുണ്ടെങ്കില്‍ ആരോഗ്യ സമ്പ്രദായങ്ങള്‍ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നടപടികളും കേരളത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. ഇത് രാജ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ രാജ്യത്തെ നിങ്ങളുടെ അവസ്ഥയിലേക്കേ് തള്ളിവിടാനാണ് ശ്രമിക്കുന്നത് എന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

സാമൂഹ്യ സുരക്ഷാ മേഖലകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ്കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുസ്ഥിര വികസന സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മൊത്തത്തിലുള്ള ആരോഗ്യ പ്രകടനത്തിന്റെ കാര്യത്തിലാണ് കേരളം ഒന്നാം റാങ്കിലെത്തിയത്.

ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനം. നീതി ആയോഗ് പുറത്തുവിടുന്ന ആരോഗ്യ സൂചികയുടെ നാലാം റൗണ്ട് ആണിത്.

2019-20 റഫറന്‍സ് വര്‍ഷം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. തമിഴ്നാടും തെലങ്കാനയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Yogi Adityanath Study Kerala; Shashi Tharoor praises again