ഫലസ്തീന് പിന്തുണ നല്‍കുന്നതില്‍ നിന്ന് പിന്നോട്ടില്ല, മുട്ടുകുത്തുകയുമില്ല; യു.എസ്-യു.കെ സൈന്യങ്ങളെ തിരിച്ചടിക്കുമെന്ന് യെമന്‍
World News
ഫലസ്തീന് പിന്തുണ നല്‍കുന്നതില്‍ നിന്ന് പിന്നോട്ടില്ല, മുട്ടുകുത്തുകയുമില്ല; യു.എസ്-യു.കെ സൈന്യങ്ങളെ തിരിച്ചടിക്കുമെന്ന് യെമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2024, 10:29 pm

സനാ: അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സേനയ്ക്ക് മുന്നറിയിപ്പുമായി യെമന്‍ സൈന്യം. ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന കാരണത്താല്‍  രാജ്യത്ത് തുടരെ നടത്തുന്ന ആക്രമണങ്ങളില്‍ ഇരു രാജ്യങ്ങളുടെയും സൈന്യം തിരിച്ചടി കിട്ടാതെ മടങ്ങി പോവില്ലെന്ന് യെമന്‍ മുന്നറിയിപ്പ് നല്‍കി.

യെമനിലെ സനാ, ഹുദൈദ, സഅദ, അല്‍ ബൈദ, തായ്സ്, ലാഹിജ് പ്രവിശ്യകളിലായി യു.എസ്-യു.കെ സൈന്യങ്ങള്‍ 48 വ്യോമാക്രമണം നടത്തിയതായി യെമന്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സാരി പറഞ്ഞു.

‘അക്രമികളുടെ റെയ്ഡുകള്‍ക്ക് മറുപടി കൊടുക്കാതിരിക്കില്ല. സയണിസ്റ്റുകളുടെ അധിനിവേശത്തിനും കുറ്റകൃത്യങ്ങള്‍ക്കും മുന്നില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ നിലനിര്‍ത്തുന്നതില്‍ നിന്ന് യെമന്‍ പിന്നോട്ടില്ല,’ യഹ്യ സാരി കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയ, ബഹ്റൈന്‍, കാനഡ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്കയും ബ്രിട്ടനും യെമനില്‍ വ്യോമാക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം യെമനിലെ ഭൂഗര്‍ഭ സംഭരണ സൗകര്യങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍, മിസൈല്‍ സംവിധാനങ്ങള്‍, യു.എ.വി സ്റ്റോറേജ്, ഓപ്പറേഷന്‍ സൈറ്റുകള്‍, റഡാറുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയെ ലക്ഷ്യം വെച്ചാണ് വ്യോമാക്രമണം നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിറക്കി.

ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള യെമന്റെ കഴിവുകളെ ഇല്ലാതാക്കുക എന്നതാണ് ആക്രമണത്തിന് പിന്നിലെ ഉദ്ദേശമെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

യു.എസും യു.കെയും യെമനിലെ 13 കേന്ദ്രങ്ങളിലായി 36 പ്രാവശ്യം വ്യോമാക്രമണം നടത്തിയെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞത്. യെമനില്‍ നടത്തിയ ആക്രമണം അന്താരാഷ്ട്ര സമവായത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് യു.എസിന്റെ വാദം.

കൂട്ടമായ സൈനിക നടപടി ഹൂത്തികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുമെന്നും അന്താരാഷ്ട്ര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ഓസ്റ്റിന്‍ അറിയിച്ചു.

Content Highlight: Yemen says it will retaliate against US-UK forces