ഇസ്രഈലി കമ്പനികളുടെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ ആക്രമിക്കും : യെമന്‍ സൈന്യം
World News
ഇസ്രഈലി കമ്പനികളുടെ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ ആക്രമിക്കും : യെമന്‍ സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2023, 6:47 pm

സെനാ: ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഇസ്രഈലി കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ ഇസ്രഈല്‍ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളും സൈനിക കപ്പലുകള്‍ ആക്രമിക്കുമെന്ന് യെമന്‍ സായുധസേനാ വക്താവ്. എല്ലാ രാജ്യങ്ങളും അത്തരത്തിലുള്ള കപ്പലുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം പൗരന്മാരെ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്കടലിലോ ഇസ്രഈല്‍ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലോ വെച്ച് കപ്പലുകള്‍ ആക്രമിക്കാന്‍ സേന തയ്യാറാണെന്ന് യെമന്‍ സൈനിക ഉദ്യോഗസ്ഥന്‍ അല്‍-മയദീന്‍ ചാനലിനോട് പറഞ്ഞു.

നവംബര്‍ ഒമ്പതിന് യെമന്‍ സായുധസേന അധിനിവേശ പ്രദേശങ്ങളുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന വിവിധ സ്ഥലങ്ങളിലേക്ക് ബാലസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നു.

ഗസയിലെ നമ്മുടെ സഹോദരങ്ങള്‍ക്കെതിരായ ഇസ്രഈല്‍ ആക്രമണം അവസാനിക്കുന്നതുവരെ യെമന്‍ സൈന്യം തങ്ങളുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു.

ദിവസങ്ങള്‍ക്കു മുമ്പ് ഗസാ മുനമ്പിലെ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രഈല്‍ അധിനിവേശ പ്രദേശങ്ങളിലേക്ക് യമന്‍ സൈന്യം വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 5000 കുട്ടികള്‍ ഉള്‍പ്പെടെ 12300 പേര്‍ ഗസയില്‍ കൊല്ലപ്പെട്ടു.

CONTENT HIGHLIGHT :  Yemen army says will target all ships owned, operated by Israeli companies