എഡിറ്റര്‍
എഡിറ്റര്‍
മോഡിക്ക് മികച്ച ഭരണം കാഴ്ചവെക്കാനാകുമെന്ന് യെദ്യൂരപ്പ ; രാഷ്ട്രീയലക്ഷ്യമെന്ന് നേതാക്കള്‍
എഡിറ്റര്‍
Thursday 13th June 2013 12:30am

yediyurappa-new

ബാംഗ്ലൂര്‍: ഗുജറാത്തില്‍ മോഡിയെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനാക്കിയത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കുമെന്ന് കെ.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പ

മൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം യെദ്യൂരപ്പയുടെ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും ബി.ജെ.പി.യുമായി അടുപ്പമുണ്ടാക്കാന്‍ യെദ്യൂരപ്പ ശ്രമം നടത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Ads By Google

നരേന്ദ്രമോഡിക്ക് നല്ല ഭരണം കാഴ്ചവെക്കാന്‍ കഴിയുമെന്ന് യെദ്യൂരപ്പ അവകാശപ്പെടുമ്പോള്‍ ബി.ജെ.പി.യിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു സഖ്യത്തിനുള്ള സാധ്യതയാണ് യെദ്യൂരപ്പ പരീക്ഷിക്കുന്നതെന്നും വ്യക്തം.

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ യെദ്യൂരപ്പയുമായി അടുത്തബന്ധമുള്ള നേതാവാണ് നരേന്ദ്രമോഡി. അനധികൃത ഖനനത്തില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് യെദ്യൂരപ്പയെ മാറ്റി നിര്‍ത്താന്‍ ശക്തമായി ആവശ്യപ്പെട്ട എല്‍.കെ. അദ്വാനിയുമായി അസ്വാരസ്യത്തിലുമായിരുന്നു യെദ്യൂരപ്പ.

അതേസമയം കര്‍ണാടകത്തില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ യെദ്യൂരപ്പയുടെ സഹായം വേണമെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വവും വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇതിനുള്ള പ്രധാന കാരണം യെദ്യൂരപ്പയുടെ കര്‍ണാടക ജനതാപാര്‍ട്ടിയായിരുന്നു.

ഇതോടപ്പം മുന്‍ മന്ത്രി ബി. ശ്രീരാമുലുവിന്റെ ബി.എസ്.ആര്‍. കോണ്‍ഗ്രസ്സും ബി.ജെ.പി. വോട്ടുകള്‍ ഭിന്നിപ്പിച്ചു. ബി.ജെ.പി.ക്ക് 20 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കെ.ജെ.പി.ക്ക് 10 ശതമാനവും ബി.എസ്.ആര്‍. കോണ്‍ഗ്രസ്സിന് മൂന്ന് ശതമാനം വോട്ടും ലഭിച്ചു.

ഇത് ഒരുമിച്ചു ചേര്‍ത്താല്‍ 2008ല്‍ ബി.ജെ.പി.ക്ക് ലഭിച്ച 33 ശതമാനം വോട്ട് ഇത്തവണയും ലഭിക്കുമായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക ജനതാപാര്‍ട്ടി പത്ത് ശതമാനം വോട്ട് നേടിയതോടെ യെദ്യൂരപ്പയുടെ ശക്തി കുറച്ച് കാണാന്‍ കഴിയില്ല. അതിനാല്‍ അടുത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി. കേന്ദ്ര നേതൃത്വം യെദ്യൂരപ്പയുമായി നീക്കുപോക്കുകള്‍ക്ക് തയ്യാറാകുമെന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന.

Advertisement