അധികാരമേറ്റെടുത്തതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി യെദ്യൂരപ്പ; ഒറ്റയ്ക്ക് മന്ത്രിസഭാ യോഗവും നടത്തി
Karnataka Election
അധികാരമേറ്റെടുത്തതിനു പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി യെദ്യൂരപ്പ; ഒറ്റയ്ക്ക് മന്ത്രിസഭാ യോഗവും നടത്തി
ന്യൂസ് ഡെസ്‌ക്
Friday, 18th May 2018, 9:38 am

 

ബെംഗലൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റി ബി.എസ് യെദ്യൂരപ്പ. അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് നിരവധി ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥരെ മാറ്റിയത്.

സിദ്ധരാമയ്യ സര്‍ക്കാരിനു കീഴില്‍ പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്ട്‌മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എം. ലക്ഷ്മിനാരായണയെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഈ സ്ഥാനം ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി തസ്തികക്ക് തുല്യമാണെന്നും ഉത്തരവിറക്കി.

റെയില്‍വേ എ.ഡി.ജി.പിയും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ സന്ദീപ് പാട്ടിലിനെ ഇന്റെലിജന്‍സ് വിഭാഗം ഡി.ഐ.ജിയായി നിയമിച്ചു. ബി.എസ്.പി ഡി. ദേവരാജയെ ഡെപ്യൂട്ടി കമ്മീഷണറായി ബെംഗലൂരു സെന്‍ട്രല്‍ ഡിവിഷനില്‍ നിയമിച്ചു.

ആന്റി-കറപ്ഷന്‍ ബ്യൂറോ എസ്.പി എസ്. ഗിരീഷിനെ ബെംഗലൂരു നോര്‍ത്ത്-ഈസ്റ്റ് ഡി.സി.പിയായി സ്ഥാനം മാറ്റി.


Also Read: ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് റാലി; നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കൂടാതെ, മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ഉടനെ മുഖ്യമന്ത്രി മാത്രം പങ്കെടുത്ത ആദ്യ ക്യാബിനറ്റ് ഏകാംഗ മന്ത്രി സഭാ യോഗവും നടത്തി.

വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും യെദ്യൂരപ്പ ഇന്നലെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സത്യപ്രതിജ്ഞ റദ്ദാക്കേണ്ടതില്ലെന്ന കോടതി നിരീക്ഷണം കോണ്‍ഗ്രസിന് തിരിച്ചടിയായി.

യെദ്യൂരപ്പയേയും ഗവര്‍ണറേയും കക്ഷി ചേര്‍ത്ത കേസിലെ തുടര്‍വാദം കോടതി ഇന്ന് പരിഗണിക്കും.

104 എം.എല്‍.എമാരുടെയും ഒരു സ്വതന്ത്ര എം.എല്‍.എയുടെയും പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്കു വേണ്ടത്.

 


Watch DoolNews: