കെ.വി. തോമസ് തന്നേക്കാള്‍ അനുഭവസമ്പത്തുള്ള നേതാവെന്ന് സീതാറാം യെച്ചൂരി
Kerala
കെ.വി. തോമസ് തന്നേക്കാള്‍ അനുഭവസമ്പത്തുള്ള നേതാവെന്ന് സീതാറാം യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th May 2022, 7:45 pm

ന്യൂദല്‍ഹി: കെ.വി. തോമസ് തന്നേക്കാള്‍ അനുഭവ സമ്പത്തുള്ള നേതാവാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങാനുള്ള കെ. വി. തോമസിന്റെ തീരുമാനത്തെ യെച്ചൂരി സ്വാഗതം ചെയ്തു. കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും യച്ചൂരി പ്രതികരിച്ചു.

അതേസമയം, കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ കെ.വി. തോമസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

പുറത്താക്കാന്‍ മാത്രം പ്രാധാന്യം കെ.വി. തോമസിന് കൊടുത്തിട്ടില്ലെന്നും കെ.വി. തോമസിന്റെ ഇഷ്ടം പോലെ ചെയ്യട്ടേയെന്നുമാണ് സുധാകരന്‍ പറഞ്ഞത്.

കെ.വി. തോമസ് കോണ്‍ഗ്രസിലുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.സി.സിയുമായി സംസാരിക്കും. തൃക്കാക്കരയില്‍ ഒരൊറ്റ ശബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് പറഞ്ഞതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.

മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരുമെന്നും കെ.വി. തോമസ് പറഞ്ഞു.

 

Contnet Highlights: Yechury supports  KV Thomas