ബി.ജെ.പി ചിത്രത്തിലുണ്ടാവില്ല; കേരളത്തിലെ പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍; കേന്ദ്രനേതാക്കള്‍ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമെന്നും യെച്ചൂരി
national news
ബി.ജെ.പി ചിത്രത്തിലുണ്ടാവില്ല; കേരളത്തിലെ പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍; കേന്ദ്രനേതാക്കള്‍ മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമെന്നും യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th January 2019, 2:31 pm

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പോരാട്ടം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ശബരിമല വിഷയം എല്‍.ഡി.എഫിനെ ബാധിക്കില്ലെന്നും ബി.ജെ.പിയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്ര തലത്തില്‍ സഖ്യം തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ചയാവൂള്ളൂ. പുറത്തു നിന്നുള്ള കേന്ദ്ര നേതാക്കള്‍ മത്സരിക്കും എന്നത് അഭ്യൂഹം മാത്രമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

പ്രകാശ് കാരാട്ടും, വൃദ്ധകാരാട്ടും വിജു കൃഷ്ണനുമടക്കമുള്ളവര്‍ കേന്ദ്ര നേതാക്കള്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കാനെത്തുന്നുവെന്നായിരുന്നു അഭ്യൂഹങ്ങള്‍.

കൊല്ലം, പാലക്കാട്കാസര്‍കോട് മണ്ഡലങ്ങളിലാകും നേതാക്കള്‍ മത്സരിക്കുകയെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് തള്ളുകയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി. ഈ അഭ്യൂഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് സീതാറാം ചെയ്യൂരി പറയുന്നത്.

സി.പി.ഐ.എമ്മിനെ ഒഴിവാക്കി കൊണ്ടുള്ള എത് ബി.ജെ.പി വിരുദ്ധ കൂട്ടായ്മയും അപ്രസക്തമാണ്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ആശയപരമായും പ്രശ്‌നാധിഷ്ഠിതമായും എതിര്‍ക്കുന്നത് സി.പി.ഐ.എം മാത്രമാണെന്നും യെച്ചൂരി പറഞ്ഞു.