എഡിറ്റര്‍
എഡിറ്റര്‍
യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ചര്‍ച്ചകള്‍ വഴി മാറി പോകരുത്;ഇന്ത്യയെ കാണാന്‍ ഭരണാധികാരികള്‍ ശ്രമിക്കണം; രാജ്യസഭയില്‍ നിന്ന് സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍ പ്രസംഗം
എഡിറ്റര്‍
Friday 11th August 2017 1:06pm

ന്യൂദല്‍ഹി: യഥാര്‍ത്ഥ ഇന്ത്യയെ കാണാന്‍ ഇന്നത്തെ ഭരണാധികാരികള്‍ ശ്രമിക്കണമെന്ന ആഹ്വാനവുമായി രാജ്യസഭയില്‍ നിന്ന് സീതാറാം യെച്ചൂരിയുടെ വിടവാങ്ങല്‍ പ്രസംഗം. തന്റെ ജീവിതാനുഭവം വിശദീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

അയഥാര്‍ഥലോകത്താണ് ഇന്നത്തെ ഭരണാധികാരികള്‍ കഴിയുന്നത്. അവര്‍ വാസ്തവങ്ങളിലേക്ക് മടങ്ങണം. ഇന്ത്യയുടെ ആഭ്യന്തരക്കരുത്ത് മനസ്സിലാക്കണം. ലോകത്ത് കൂടുതല്‍ യുവജനങ്ങളുള്ള രാജ്യം ഇന്ത്യയാണ്. ഇവര്‍ക്ക് ആരോഗ്യവും വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കിയാല്‍ ഇന്ത്യ ലോകത്തെ നയിക്കുന്ന സമൂഹമാകും. ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നുള്ളതാണ് പ്രധാനം

ആധുനിക കാലത്ത് ‘സത്യാനന്തരം’ എന്ന പദമാണ് 2016ല്‍ ഏറ്റവും കൂടുതല്‍ ആളുകളെ സ്വാധീനിച്ചതെന്ന് ഓക്‌സ്ഫഡ് നിഘണ്ടു കണ്ടെത്തിയിരുന്നു. എന്നാല്‍ ‘സത്യാനന്തരം’ എന്നത് ഇന്ത്യന്‍ യാഥാര്‍ഥ്യമല്ല. ഈ ആശയത്തിനെതിരായ പോരാട്ടം പ്രധാനമാണ്. ഇവിടെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. യുവജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്. ഇതൊക്കെ പരിഹരിക്കണം.

രാജ്യത്തിന്റെ വൈവിധ്യം സംരക്ഷിക്കാനല്ല, നശിപ്പിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഇതിനോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഐക്യവും സാമൂഹിക സൌഹാര്‍ദവും സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച അനുവദിക്കാനാകില്ല.

മദ്രാസിലെ ജനറല്‍ ആശുപത്രിയില്‍ തെലുങ്ക് സംസാരിക്കുന്ന ബ്രഹ്മണദമ്പതികളുടെ മകനായാണ് ഞാന്‍ ജനിക്കുന്നത്. ഹൈദരാബാദിലെ മുസ്ലിം സ്‌കൂളിലായിരുന്നു എന്റെ പഠനം. പിന്നീട് ഡല്‍ഹിലേക്ക് പോന്നു. ഞാന്‍ വിവാഹം കഴിച്ചത് മുസ്ലിം ജിഷ്ദി സൂഫിയായ പിതാവിനും മൈസൂരിലെ രാജകുടുംബത്തില്‍ നിന്നുള്ള മാതാവിനും ജനിച്ച മകളെയാണ്.

ഞങ്ങള്‍ക്കുണ്ടായ മകന്‍ എന്താണ് ? അവന്‍ ഹിന്ദുവാണോ, മുസ്ലിമാണോ, ബ്രഹ്മണനാണോ? സൗത്ത് ഇന്ത്യനാണോ, നോര്‍ത്താണോ? ഉത്തരം ലളിതമാണ് മറ്റെന്തിനേക്കാളും അവന്‍ ഇന്ത്യക്കാരനാണ് ഇങ്ങനെയാണ് നമ്മുടെ ഇന്ത്യ.’
വിവിധ സംസ്‌കാരങ്ങളുടെയും ഭാഷകളുടെയും വിശ്വാസങ്ങളുടെയും സമന്വയമാണ് ഇന്ത്യ

വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. രാജ്യത്തെ ഏകശിലാ രൂപമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തും . യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും ചര്‍ച്ചകള്‍ വഴി മാറി പോകരുത് അദ്ദേഹം പറഞ്ഞു. സഭയില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ വിവിധ നേതാക്കളും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനും പ്രകീര്‍ത്തിച്ചു.

വീഡിയോ കാണാം

Advertisement