എഡിറ്റര്‍
എഡിറ്റര്‍
‘മടിയില്‍ കനമുള്ളവനെ പേടിക്കേണ്ടതൊള്ളൂ’; അമിത് ഷായുടെ മകനെതിരായ ആരോപണത്തെ കേന്ദ്രമന്ത്രിമാര്‍ പ്രതിരോധിക്കുന്നത് ശരിയല്ലെന്ന് യശ്വന്ത് സിന്‍ഹ
എഡിറ്റര്‍
Wednesday 11th October 2017 5:12pm

 

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യുടെ മകന്‍ ജയ് ഷാക്കെതിരായ ആരോപണത്തെ മന്ത്രിമാര്‍ കൂട്ടത്തോടെ പ്രതിരോധിക്കുന്നത് സംഭവം സത്യമാണെന്ന തോന്നലുണ്ടാക്കുന്നുവെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. വായ്പയില്‍ ഇളവ് ലഭിച്ച വാര്‍ത്ത പുറത്തുവന്നതിനെ പ്രതിരോധിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വാര്‍ത്താസമ്മേളനം നടത്തിയതും സ്വകാര്യ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ അഭിഭാഷകന്‍ രംഗത്തെത്തിയതും മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം അമിത് ഷായുടെ മകന്റെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസിന് 16000 മടങ്ങ് വരുമാന വര്‍ധനയുണ്ടായതായി ഓണ്‍ലൈന്‍ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ബി.ജെ.പിക്കെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.


Also Read: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ഇനി അനുപംഖേര്‍; നിയമനം ഏഴുമാസത്തെ അനിശ്ചിതത്തിനൊടുവില്‍


ഇതിനു പിന്നാലെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയും സര്‍ക്കാരിനുനേരെ തിരിഞ്ഞത്. ബി.ജെ.പിയുട അഴിമതി വിരുദ്ധമുഖം നഷ്ടമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരായ ആരോപണത്തില്‍ കേന്ദ്രം അന്വേഷണത്തിനു തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമസ്ഥാപനത്തിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജയ് ഷാ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല യശ്വന്ത് സിന്‍ഹ കേന്ദ്രത്തെ വിമര്‍ശിക്കുന്നത്. നോട്ടു നിരോധനം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ചെന്ന് സിന്‍ഹ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Advertisement