'ഒരു വോട്ടിന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി തന്നെയാണോ ഇത് '?; ബി.ജെ.പിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
national news
'ഒരു വോട്ടിന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി തന്നെയാണോ ഇത് '?; ബി.ജെ.പിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 8:51 pm

ന്യൂദല്‍ഹി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് താഴെ വീണ സംഭവത്തില്‍ ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ. 1999ല്‍ ഒരു വോട്ടിന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി തന്നെയാണോ ഇതെന്നായിരുന്നു സിന്‍ഹ ചോദിച്ചത്.

‘ഒരു കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടി ഭരണത്തില്‍ നിന്ന് താഴെയിറക്കിയതിന് ബി.ജെ.പിയെ അഭിനന്ദിക്കുന്നു. പാര്‍ട്ടിയുടെ കഴിവ് കണ്ട് വാജ്‌പേയി സ്വര്‍ഗ്ഗത്തിലിരുന്നും അദ്വാനി ഇവിടെയിരുന്നും അഭിമാനിക്കുന്നുണ്ടാകും. 1999ല്‍ ഒരു വോട്ടിന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട പാര്‍ട്ടി തന്നെയാണോ ഇത്?’, സിന്‍ഹ ട്വിറ്ററിലെഴുതി.

 

ഫെബ്രുവരി 22നാണ് പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചത്.
വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.

വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരിയില്‍ കഴിഞ്ഞദിവസം രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങിയത്.

കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനും കോണ്‍ഗ്രസ് സഖ്യമായ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എ വെങ്കിടേഷനുമാണ് രാജി വെച്ചത്.

മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Yaswant Sinha Tweet Mocks BJP