ഹിറ്റ്മാനെയും ധവാനെയും പിന്നിലാക്കി പുതുചരിത്രം രചിച്ച് യുവതാരം
Cricket news
ഹിറ്റ്മാനെയും ധവാനെയും പിന്നിലാക്കി പുതുചരിത്രം രചിച്ച് യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th July 2023, 9:54 pm

ഡൊമിനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ പുതുചരിത്രം രചിച്ച് ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍. ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ ഇന്ത്യക്കായി 150 റണ്‍സിന് മുകളില്‍ റണ്‍സെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഇന്ന് മാറി.

21 വയസും 196 ദിവസവും പ്രായമുള്ളപ്പോഴാണ് ജെയ്‌സ്വാളിന്റെ ഈ നേട്ടം. നേരത്തെ രോഹിത് ശര്‍മയും (177) ശിഖര്‍ ധവാനും (187) മാത്രമാണ് അരങ്ങേറ്റത്തില്‍ തന്നെ 150+ റണ്‍സ് അടിച്ചെടുത്തിട്ടുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.

19 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ 1976ല്‍ ഈ നാഴികക്കല്ല് പിന്നിട്ട പാക് താരം ജാവേദ് മിയാന്‍ദാദാണ് പട്ടികയില്‍ തലപ്പത്ത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ 150+ സ്‌കോര്‍ നേടുന്ന രാജ്യാന്തര ക്രിക്കറ്റിലെ അഞ്ചാമനായും യശസ്വി മാറി.

387 പന്തില്‍ നിന്ന് 171 റണ്‍സെടുത്ത ജെയ്‌സ്വാളിനെ അല്‍സാരി ജോസഫാണ് പുറത്താക്കിയത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 126ാം ഓവറിലെ അവസാന പന്തില്‍ ജോഷ്വാ ഡാ സില്‍വക്ക് ക്യാച്ച് സമ്മാനിച്ചാണ് ഇന്ത്യന്‍ ഓപ്പണര്‍ മടങ്ങിയത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 142 ഓവറില്‍ 400/4 എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ്. ഇതോടെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ലീഡ് 250 ആയി ഉയര്‍ന്നു. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു.

വിരാട് കോഹ്‌ലി (72), രവീന്ദ്ര ജഡേജ (21) എന്നിവരാണ് ക്രീസിലുള്ളത്. മൂന്നാം ദിനം തുടക്കത്തില്‍ തന്നെ അജിങ്ക്യ രഹാനെ (3), യശസ്വി ജെയ്‌സ്വാള്‍ (171) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സെഞ്ച്വറി ലക്ഷ്യമാക്കി കുതിക്കുന്ന വിരാട് കോഹ്‌ലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

അതേസമയം, വ്യക്തിഗത സ്‌കോര്‍ 40ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയെ ക്യാച്ചെടുത്ത് പുറത്താക്കാന്‍ ലഭിച്ച അവസരം വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് കളഞ്ഞുകുളിച്ചിരുന്നു.
Content Highlights: yashaswi jaisawal gets new record of 150+ in test debut