'എത്ര ലക്ഷം പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് വി. മുരളീധരന്‍ നോട്ടപ്പുള്ളികളാക്കുന്നത്' വി.മുരളീധരന് മറുപടിയുമായി സക്കറിയ
kERALA NEWS
'എത്ര ലക്ഷം പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് വി. മുരളീധരന്‍ നോട്ടപ്പുള്ളികളാക്കുന്നത്' വി.മുരളീധരന് മറുപടിയുമായി സക്കറിയ
ന്യൂസ് ഡെസ്‌ക്
Tuesday, 17th March 2020, 3:26 pm

 

പശ്ചിമ ബംഗാളിലെ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വര്‍ഗീയ പരമായി പെരുമാറി എന്ന തന്റെ ആരോപണത്തിന് വി.മുരളീധരന്‍ നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ സക്കറിയ. സക്കറിയ കൈയ്യടി നേടാന്‍ വേണ്ടി ശ്രമിക്കുന്നു എന്നും ഇസ്ലാമിക തീവ്രവാദത്തെ വെള്ളപൂശാന്‍ ശ്രമിക്കുന്നു എന്ന വി. മരളീധരന്റെ ആരോപണത്തിനാണ് സക്കറിയ മറുപടി നല്‍കിയിരിക്കുന്നത്.

കൈയ്യടി നേടാനുള്ള ആഗ്രഹവും ആവശ്യവും പൊതുവില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കുത്തകയാണെന്നും എഴുത്തുകാരനായ തനിക്ക് തന്റെ രചനയിലൂടെകൈയ്യടി നേടാന്‍ ആഗ്രഹമുണ്ടാകും അല്ലാതെ പൊലീസുകാരുടെ ചരിത്രം പറഞ്ഞിട്ടല്ല എന്നുമാണ് സക്കറിയ പറയുന്നത്.

വി.മുരളീധരന്റെ വിശദീകരണത്തിലെ എല്ലാ ആരോപണങ്ങള്‍ക്കും ശക്തമായി തന്നെ സക്കറിയ വിശദീകരണം നല്‍കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇസ്‌ലാമിക തീവ്രവാദത്തിന് വെള്ള പൂശാനുള്ള ശ്രമമാണ് സക്കറിയയുടേതെന്ന ആരോപണത്തിന് ഇത് കുറെ കടന്ന കയ്യായി പോയെന്നും ഹിന്ദു തീവ്രവാദത്തെ പോലെ തന്നെ ഹീനമാണ് ഇസ്ലാമിക തീവ്രവാദം എന്ന് വിശ്വസിക്കുകയും എഴുതുകയും പറയുകയും ചെയ്യുന്ന ഒരാളാണ് താനെന്നും സക്കറിയ പറയുന്നു. ഹിന്ദു തീവ്രവാദത്തെ താന്‍ കൂടുതല്‍ വിമര്‍ശിക്കുന്നതിനുള്ള കാരണം ഭൂരിപക്ഷത്തിന്റെ പേരു ഉപയോഗിച്ചുള്ള തീവ്രവാദമായതിനാലും ഇസ്ലാമിക തീവ്രവാദത്തിന്റെ ആത്മഹത്യാപരമായ നീക്കങ്ങളും ബുദ്ധിശൂന്യതയും അതിനു ലഭിക്കുന്ന ശുഷ്‌ക്കമായ പിന്തുണയും വച്ച് നോക്കുമ്പോള്‍ ഇവ തമ്മില്‍ വലിയ അന്തരമുള്ളതിനാലാണെന്നും സക്കറിയ പറയുന്നു.

“ഹിന്ദു തീവ്രവാദം ഉന്നം വയ്ക്കുന്നത് ഹിന്ദുനാമവും മുസ്ലിംവൈരവും ഉപയോഗിച്ച് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ മേലും ബഹുസ്വരമായ സംസ്‌കാരത്തിന്റെ മേലും പിടിമുറുക്കാനും ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്ത് ഒരു മതസര്‍വ്വാധിപത്യം നടപ്പിലാക്കാനും ഒരു കൂട്ടം സാമ്പത്തിക ശക്തികള്‍ക്ക് ഇന്ത്യയെ കൈവശപ്പെടുത്തി കൊടുക്കാനുമാണ്. ഇസ്ലാമിക തീവ്രവാദം അറിഞ്ഞോ അറിയാതെയോ അതിനെ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഒപ്പം സ്വന്തം സമുദായത്തെ അപകടപെടുത്തുകയും. ഇന്ത്യ പിടിച്ചെടുക്കാം എന്ന മൂഢചിന്ത ബിന്‍ലാദനെ പോലെ ഒരു ഭ്രാന്തന് പോലും ഉണ്ടായിരുന്നിരിക്കാന്‍ വഴിയില്ല,”  സക്കറിയ പറയുന്നു.

ദേശസുരക്ഷ മുന്‍നിര്‍ത്തി പരിശോധന കര്‍ക്കശമാക്കുന്നത് സ്വാഭാവിമല്ലേ എന്ന ചോദ്യത്തിന് കാര്‍ക്കശ്യവും കാര്യക്ഷമതയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഒരു ജനാധിപത്യവ്യവസ്ഥയില്‍ ഒരു പൗരനോടും ഒരു ഉദ്യോഗസ്ഥന് കര്‍ക്കശമായി പെരുമാറാന്‍ അവകാശമില്ലെന്നും സക്കറിയ പറയുന്നു.

താന്‍ ഇതിനു മുമ്പും പല രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടെന്നും എന്നാല്‍ അത് ഉത്തരേന്ത്യന്‍ രീതിയിലുള്ള സംശയങ്ങള്‍ കാരണമല്ലായിരുന്നെന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമായിരുന്നെന്നും സക്കറിയ പറയുന്നു.

“എനിക്ക് അഹന്ത ഉണ്ട്. അത് ഒരു മതേതര ജനാധിപത്യത്തിലെ പൗരന്‍ എന്ന അഹന്തയാണ്. ആ രാഷ്ട്രത്തിലെ നിയമങ്ങളെ ലംഘിക്കുകയോ അവയില്‍ നിന്ന് ഒഴിഞ്ഞു മാറുകയോ ചെയ്യുന്നത് ആ അഹന്തയെ തരം താഴ്ത്തുകയാണ്. ഒരു ഇന്ത്യന്‍ പൗരനായ ഞാന്‍ യാത്ര ചെയ്ത രാജ്യങ്ങളുടെ മതം നോക്കി ബാഗ്‌ദോഗ്രയില്‍ നടത്തിയ profiling എന്റെ ഇന്ത്യന്‍ പൗരത്വത്തോടും ഇന്ത്യന്‍ ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ശരിയാണ് ഞാന്‍ സുരക്ഷാ പരിശോധന നേരിടുന്ന ആദ്യത്തെ വ്യക്തിയല്ല, പക്ഷെ ഇത്തരം പൗരത്വാവകാശലംഘനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത ഒരു രാജ്യസ്നേഹിയുമാണ്,”  സക്കറിയ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

“സക്കറിയ പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഉത്തരേന്ത്യക്കാരനായ ഉദ്യോഗസ്ഥന് സംശയം തോന്നുന്നതില്‍ തെറ്റ് പറയാനില്ല എന്ന് അദ്ദേഹം പറയുന്നു. ഇത് ഒരു കേന്ദ്രമന്ത്രിയില്‍ നിന്ന് വരുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. ഒരു ദക്ഷിണേന്ത്യക്കാരന്‍പല തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ അത് ഒരു ഉത്തരേന്ത്യക്കാരന്‍ ഉദ്യോഗസ്ഥനില്‍ സംശയമുണര്‍ത്തുന്നത് ശരിയാണ് എന്നാണ്അദ്ദേഹം പ്രസ്താവിക്കുന്നത്. കേരളക്കാരനായ ഒരു ഇന്ത്യന്‍ പൗരന്‍ – അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ – പല തവണ ഗള്‍ഫിലെ മുസ്ലിം രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് സംശയാസ്പദമാണെന്നു തീരുമാനിക്കാന്‍ ഉത്തരേന്ത്യക്കാരനായ ഒരുദ്യോഗസ്ഥന് ഏതു ഇന്ത്യന്‍ നിയമമാണ് അനുമതി നല്‍കുന്നത്?”

ഒപ്പം പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ നിരന്തരം പങ്കെടുത്ത സക്കറിയുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതെന്ന സംശയം എങ്ങനെയാണ് വര്‍ഗീയ വിഷം ആവുന്നതെന്ന ചോദ്യത്തിനും സക്കറിയ മറുപടി നല്‍കി.

“പൗരത്വ പ്രക്ഷോഭത്തിന് പിന്തുണയേകുന്ന താങ്കളുടെ തുടര്‍ച്ചയായ ഗള്‍ഫ് യാത്രകള്‍ ഇത്തരം പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടതാണെന്നു സംശയം തോന്നിയതിനെ എന്തിനാണ് വര്‍ഗീയ വിഷം എന്ന് വിളിക്കുന്നത്?’ ഇതാണ് ശ്രീ മുരളീധരന്റെ ഏറ്റവും ശ്രദ്ധേയമായ ചോദ്യം. എല്ലാ ഗള്‍ഫ് പ്രവാസികളും അതീവ ശ്രദ്ധയോടെ പഠിക്കേണ്ട ഒരു ചോദ്യം. ശ്രീ മുരളീധരന്റെ ചോദ്യത്തിന്റെ അര്‍ത്ഥം വളരെ ലളിതമാണ്: നിങ്ങള്‍ ഇന്നത്തെ കേന്ദ്രഭരണകൂടത്തിനു അഭിമതമല്ലാത്ത ഒരു ജനാധിപത്യപ്രക്ഷോഭത്തെ പിന്തുണച്ചാല്‍ നിങ്ങളുടെ ഗള്‍ഫ് യാത്രകളെ ഞങ്ങള്‍ ഇസ്ലാമിക ഭീകരതയുമായി ബന്ധപ്പെടുത്തില്‍ അത്വര്‍ഗീയ വിഷമാണെന്ന് പറയരുത്. ഇന്ത്യയുടെ വിദേശകാര്യസഹമന്ത്രിയാണ് ഇത് പറയുന്നത്. അദ്ദേഹത്തിലെ പരിശീലിത തലച്ചോര്‍ കൃത്യമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നു. ഭരണഘടനയെയും നിയമവാഴ്ചയെയും ഒറ്റയടിക്ക് അദ്ദേഹം ചവറ്റുകൊട്ടയില്‍ തള്ളുന്നു. പക്ഷെ എന്നെ അദ്ഭുതപെടുത്തിയത് ഇതാണ്: ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി എന്ന നിലക്ക് അദ്ദേഹം ഗള്‍ഫ് രാഷ്ട്രങ്ങളുടെ മേല്‍ ഒരു മതബദ്ധ profiling നടത്തുകയാണ് ഇവിടെ ചെയ്യുന്നത്,”  സക്കറിയ പറഞ്ഞു.

ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴിലവസരവും ജീവനോപാധിയും നല്‍കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളെ ഇന്ത്യാ വിരുദ്ധരെന്ന് മുദ്രകുത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും സക്കറിയ ആരോപിക്കുന്നു.

“ഒന്നോ രണ്ടോ രാഷ്ട്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഒരുപക്ഷെ ലോകത്തിലെ ഏറ്റവും വിമോചിത ഇസ്ലാമിക രാഷ്ട്രങ്ങളായ അവയെ–ഇന്ത്യയും ഇന്ത്യക്കാരുമായും ശ്രീ നരേന്ദ്ര മോദിയുടെ ഭരണകൂടവുമായും ഏറ്റവും സൗഹൃദം പുലര്‍ത്തുന്ന അവയെ–‘ഇന്ത്യാ വിരുദ്ധങ്ങള്‍’ എന്ന് മുദ്രകുത്തപ്പെട്ട പൗരപ്രക്ഷോഭങ്ങളുമായി ബന്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഫലത്തില്‍ലക്ഷോപലക്ഷം മലയാളികളുടെയും അത്രതന്നെ മറ്റിന്ത്യക്കാരുടെയും ജീവിതകേന്ദ്രങ്ങളായ നാടുകളെഇന്ത്യാവിരുദ്ധതയുടെ കേന്ദ്രങ്ങളെന്ന്അദ്ദേഹം ചാപ്പ കുത്തുകയാണ്. ഇന്ത്യക്കു നല്‍കാന്‍ കഴിയാത്ത ഒരു അതിജീവനത്തിനായി അവിടേക്കു പോകുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരവ്യക്തികളെ അദ്ദേഹം സംശയത്തിന്റെ നിഴലിലാക്കുന്നു. ഈ രാജ്യങ്ങള്‍ പൗരത്വ പ്രക്ഷോഭത്തെ സഹായിക്കുന്നുവെന്ന് ശ്രീ മുരളീധരന്‍ വിശ്വസിക്കുന്നതായി തോന്നുന്നു. പൗരത്വ പ്രക്ഷോഭത്തെ പിന്തുണച്ചവരുടെ മറ്റൊരു രാജ്യത്തേക്കുമുള്ള യാത്രകളെ അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.

ഏതായാലും ബാഗ്‌ദോഗ്രയിലെ പൊലീസുകാരന്റെ യുക്തി തന്നെയാണ് നാം ഇവിടെ കാണുന്നത്. ഗള്‍ഫ് എന്നാല്‍ ഇസ്ലാമികം. ഇസ്ലാമികം എന്നാല്‍ ഇന്ത്യാവിരുദ്ധം. എത്ര ലക്ഷം ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായ പ്രവാസി മലയാളികളെയാണ് ഒറ്റയടിക്ക് ശ്രീ മുരളീധരന്‍ നോട്ടപ്പുള്ളികളാക്കുന്നത്! നമ്മുടെ ആരാധനാലയങ്ങളും ആള്‍ദൈവങ്ങളുമെല്ലാം കൊറോണക്ക് മുമ്പില്‍ മുട്ടുത്തി അടച്ചുപൂട്ടി പൊയ്ക്കളഞ്ഞതു കൊണ്ട് അദ്ദേഹത്തിനുവേണ്ടി ആരോടാണ് പ്രാര്‍ത്ഥിക്കുക,” സക്കറിയ ചോദിക്കുന്നു.

ഭൂട്ടാനിലേക്കുള്ള യാത്രയ്ക്കായി എത്തിയപ്പോള്‍ പശ്ചിമ ബംഗാളിലെ ബാഗ്‌ദ്രോത വിമാനത്താവളത്തില്‍ വെച്ചാണ് സക്കറിയയോട് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വര്‍ഗീയപരമായി പെരുമാറിയത്. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ച ശേഷം താങ്കള്‍ കുറേ തവണ ഗള്‍ഫ് രാജ്യങ്ങള്‍ പോയിട്ടുണ്ടല്ലോ എന്താണ് ആവശ്യം എന്നും ചോദിച്ചു. ഗള്‍ഫിലെ മലയാളി സംഘടനകളുടെ ക്ഷണപ്രകാരമാണെന്ന് മറുപടി പറഞ്ഞെങ്കിലും ഇത് വിശ്വാസ യോഗ്യമല്ലെന്നായിരുന്നു പൊലീസുദ്യോഗസ്ഥന്റെ മറുപടി. ഈ സംഭവം സക്കറിയ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കു വെച്ചതിനു പിന്നാലെയായിരുന്നു വി.മുരളീധരന്റെ പ്രതികരണം.

സക്കറിയ കൈയ്യടി നേടാന്‍ ശ്രമിക്കുന്നു എന്നും കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളര്‍ന്നു വരുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ലേ എന്നുമാണ് വി.മുരളീധരന്‍ചോദിച്ചത്. കേരളത്തില്‍ വര്‍ധിച്ച് വരുന്ന ഇസ്ലാമിക തീവ്രവാദവും രാജ്യവിരുദ്ധ പ്രക്ഷോഭങ്ങളും ഉത്തരേന്ത്യക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നും ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് ഈ യാത്രകള്‍ക്ക് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതിനെ വര്‍ഗീയതെയെന്ന് വ്യാഖ്യനിക്കുന്നതെന്തിനായിരുന്നെന്നുമായിരുന്നു വി.മുരളീധരന്റെ ചോദ്യം.