മുന്നോട്ടുനീങ്ങാന്‍ തീരുമാനിച്ച സ്ത്രീകളെ ഇത് തൊലിപ്പുറമേ പോലും സ്പര്‍ശിക്കില്ല; പറയുന്നവരുടെയുള്ളിലെ ചീഞ്ഞളിഞ്ഞ പ്രാകൃതത്വങ്ങള്‍ ദുര്‍ഗന്ധം വമിപ്പിക്കുന്നു: എം.എം. മണിക്കെതിരെ ശാരദക്കുട്ടി
Kerala News
മുന്നോട്ടുനീങ്ങാന്‍ തീരുമാനിച്ച സ്ത്രീകളെ ഇത് തൊലിപ്പുറമേ പോലും സ്പര്‍ശിക്കില്ല; പറയുന്നവരുടെയുള്ളിലെ ചീഞ്ഞളിഞ്ഞ പ്രാകൃതത്വങ്ങള്‍ ദുര്‍ഗന്ധം വമിപ്പിക്കുന്നു: എം.എം. മണിക്കെതിരെ ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 9:16 am

തിരുവനന്തപുരം: എം.എല്‍.എ കെ.കെ. രമക്കെതിരെ മുന്‍മന്ത്രി എം.എം.മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി എഴുത്തുകാരി എസ്. ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ജനാധിപത്യസംവിധാനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നാട്ടിലെ, പുരോഗമന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയുടെ അംഗത്തില്‍ നിന്ന് വിധി, വിധവ എന്നീ പദങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അത് ആ പ്രസ്ഥാനം പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ക്കെതിരാണെന്നും ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.

വിധി, വിധവ എന്നീ പദങ്ങളിലെ വൈകാരികതയില്‍ കടിച്ചുതൂങ്ങുന്നതിന് പകരം അതിന്റെ പ്രാകൃത സ്വഭാവമാണ് ആക്ഷേപിക്കപ്പെടേണ്ടതെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

ഇത്തരം വാക്കുകള്‍ പറയുന്നവരുടെ ഉള്ളിലെ ചീഞ്ഞളിഞ്ഞ പ്രാകൃതത്വങ്ങള്‍ ദുര്‍ഗന്ധം വമിപ്പിക്കുന്നുണ്ടെന്നും അവര്‍ എം.എം. മണിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.

‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു കെ.കെ. രമയെക്കുറിച്ച് എം.എം. മണി നിയമസഭയില്‍ പ്രസംഗത്തിനിടെ പറഞ്ഞത്.

തന്നെ നിരന്തരം വേട്ടയാടുകയാണെന്നും പക്ഷേ തളര്‍ത്താമെന്ന് കരുതണ്ടെന്നുമായിരുന്നു വിഷയത്തില്‍ രമയുടെ പ്രതികരണം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് നേതാക്കളായ ടി. സിദ്ദീഖ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍, എം.എസ്.എഫ് നേതാവ് നജ്മ തബ്ഷീറ എന്നിവര്‍ എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എം.എം മണിയുടെ നാവ് ചങ്ങലക്കിടണമെന്നായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പ്രതികരണം.

പരാമര്‍ശത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സഭ പിന്നീട് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു ജനാധിപത്യസംവിധാനം പുലരുന്നുവെന്ന് വിശ്വസിക്കുന്ന നാട്ടിലെ പുരോഗമന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാര്‍ട്ടിയുടെ അംഗത്തില്‍ നിന്ന് വിധി, വിധവ ഇത്തരം പദങ്ങള്‍ ഉണ്ടായിക്കൂടാത്തതാണ്.

ഇത് ആ പ്രസ്ഥാനം പ്രചരിപ്പിക്കുന്ന മൂല്യങ്ങള്‍ക്കെതിരാണ്. പദങ്ങളിലെ വൈകാരികതയില്‍ കടിച്ചുതൂങ്ങുന്നതിന് പകരം അതിലെ പ്രാകൃത സ്വഭാവമാണ് ആക്ഷേപിക്കപ്പെടേണ്ടത്. അത്തരം പദങ്ങള്‍ രാഷ്ട്രീയബോധമുള്ളവര്‍ ഒരുമിക്കുന്ന നിയമനിര്‍മാണസഭയില്‍ ഉച്ഛരിക്കുന്നവര്‍ ഇപ്പോഴും ഒരു അപരിഷ്‌കൃത സമൂഹമാണ് തങ്ങള്‍ എന്ന് സ്വയം തെളിയിക്കുകയാണ്.

മുന്നോട്ട് തന്നെ നീങ്ങാന്‍ തീരുമാനിച്ചുറച്ച സ്ത്രീകളെ ഈ വാക്കുകള്‍ തൊലിപ്പുറമേ പോലും സ്പര്‍ശിക്കില്ല. പക്ഷേ, പറയുന്നവരുടെ ആന്തരികതയിലെ ചീഞ്ഞളിഞ്ഞ പ്രാകൃതത്വങ്ങള്‍ ദുര്‍ഗന്ധം വമിപ്പിക്കുന്നുണ്ട്.

Content Highlight: Writer S Saradakutty against CPIM leader MM Mani for comment on  MLA KK Rama