കേരളത്തിലെ നേതാക്കള്‍ക്ക് ഭയം; കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും തരൂരിന്റെ കൂടെ: എന്‍.എസ്. മാധവന്‍
national news
കേരളത്തിലെ നേതാക്കള്‍ക്ക് ഭയം; കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും തരൂരിന്റെ കൂടെ: എന്‍.എസ്. മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 5:52 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പ്രതികരണവുമായി സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍. കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും എല്ലാം തരൂരിന്റെ കൂടെയാണെന്നും ദീര്‍ഘകാല രാഷ്ടീയ പരിചയം ഇന്നത്തെ കാലത്ത് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

ട്വീറ്റിലൂടെയായിരുന്നു എന്‍.എസ്. മാധവന്റെ പ്രതികരണം. കേരളത്തിലെ സാധാരണ അംഗങ്ങള്‍ തരുരിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘ഭരണം ലഭിക്കുകയാണെങ്കില്‍ ഗ്രൂപ്പ് മത്സരത്തിന്റെ കെണിയില്‍ പെട്ട് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കടിപിടി കൂടുമ്പോള്‍ സമവായസ്ഥാനാര്‍ത്ഥിയായി തരൂര്‍ വരുമെന്ന ഭയമാണ് അദ്ദേഹത്തിനോട് കേരളത്തില്‍ മാത്രം കാണുന്ന രൂക്ഷമായ എതിര്‍പ്പിന് കാരണമെന്ന് തോന്നുത്.

കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും എല്ലാം തരൂരിന്റെ കൂടെയാണ്. കെജ്റിവാള്‍ തൊട്ട് ട്രംപ് വരെ തെളിയിയിക്കുന്നത് ദീര്‍ഘകാല രാഷ്ടീയ പരിചയം ഇന്നത്തെ കാലത്ത് പ്രശ്‌നമല്ലെന്നാണ്. കേരളത്തിലെ സാധാരണക്കാരായ എ.ഐ.സി.സി അംഗങ്ങള്‍ തരുരിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് രണ്ട് ട്വീറ്റുകളിലായി എന്‍.എസ്. മാധവന്‍ പറഞ്ഞത്.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂര്‍ എം.പി വ്യാഴാഴ്ച ചെന്നൈയിലെത്തിയിരിക്കുകയാണ്. തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളെ കണ്ട് അദ്ദേഹം വോട്ട് അഭ്യര്‍ഥിക്കും.

നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം തരൂര്‍ പ്രചാരണത്തിന് എത്തുന്ന നാലാമത്തെ നഗരമാണ് ചെന്നെ. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരമാണ് എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാന്‍ തരൂരിന്റെ പേര് നിര്‍ദേശിച്ചത്.

ചെന്നൈ സന്ദര്‍ശനത്തില്‍ 75 മുതല്‍ 100 വരെ ടി.എന്‍.സി.സി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് തരൂര്‍ പ്രതീക്ഷിക്കുന്നത്.

രാത്രി എട്ടിന് ടി.എന്‍.സി.സി ഓഫീസായ സത്യമൂര്‍ത്തി ഭവനില്‍ തരൂര്‍ മാധ്യമങ്ങളെ കാണും. മദ്രാസ് ഐ.ഐടിയിലെ വിദ്യാര്‍ഥികളുമായി വൈകുന്നേരം ആറ് മണിക്ക് തരൂര്‍ സംവദിക്കുന്നുണ്ട്.