പീഡിക്കപ്പെട്ടിരുന്നെങ്കില്‍ തെളിവുകള്‍ കുറച്ചുകൂടി ശക്തമായേനെ എന്ന രീതിയിലുള്ള സംസാരത്തിനും ഞാന്‍ സാക്ഷിയായി : വി.ആര്‍. സുധീഷിനെതിരായ പരാതിയില്‍ എം.എ. ഷഹനാസ്
Kerala News
പീഡിക്കപ്പെട്ടിരുന്നെങ്കില്‍ തെളിവുകള്‍ കുറച്ചുകൂടി ശക്തമായേനെ എന്ന രീതിയിലുള്ള സംസാരത്തിനും ഞാന്‍ സാക്ഷിയായി : വി.ആര്‍. സുധീഷിനെതിരായ പരാതിയില്‍ എം.എ. ഷഹനാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th June 2022, 5:51 pm

 

കോഴിക്കോട്: സാഹിത്യകാരന്‍ വി.ആര്‍. സുധീഷിനെതിരെ ലൈംഗികാധിക്ഷേപ പരാതിയുമായി എഴുത്തുകാരിയും യുവ പ്രസാധകയുമായ എം.എ. ഷഹനാസ്.

പുസ്തക പ്രസാധക സംബന്ധമായി എഴുത്തുകാരന്‍ വി.ആര്‍. സുധീഷിനെ കണ്ടുമുട്ടിയപ്പോഴെല്ലാം അദ്ദേഹത്തില്‍ നിന്നും വളരെ മോശം അനുഭവമാണ് തനിക്ക് നേരിട്ടതെന്ന് എം.എ. ഷഹനാസ് തുറന്നുപറയുന്നു.

വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ പറ്റില്ല എന്നുപറഞ്ഞാല്‍ അതിന്റെ ദേഷ്യം ജോലിയിലാണ് തീര്‍ക്കുകയെന്നും അദ്ദേഹം വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ നീങ്ങാതിരുന്നപ്പോള്‍ പലപ്പോഴും പരസ്യമായി വഴക്കുപറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

വി.ആര്‍. സുധീഷ് അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് എം.എ.ഷഹനാസ് കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കി അഭിമുഖത്തിലായിരുന്നു എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തല്‍.

‘പല സാഹിത്യപരിപാടികളിലും കണ്ടുമുട്ടിയപ്പോഴെല്ലാം പുസ്തകത്തെച്ചൊല്ലി മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് വി.ആര്‍. സുധീഷ് മോശമായി പെരുമാറി. രാത്രി സമയങ്ങളില്‍ മദ്യപിച്ച് കൂട്ടുകാര്‍ക്കൊപ്പമിരിക്കുമ്പോള്‍ അവരെ കേള്‍പ്പിക്കാന്‍ എന്നെ ഫോണ്‍ ചെയ്ത് അസഭ്യം പറയാന്‍ തുടങ്ങി.

ഒടുക്കം യുവപ്രസാധകയ്ക്ക് പുസ്തകം കൊടുത്ത് വിഷമത്തിലായി എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴാണ് ഞാന്‍ പ്രതികരണവുമായി രംഗത്തുവന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടെടുത്ത് പലരും ഇത് നിങ്ങളല്ലേ എന്നുപറഞ്ഞുകൊണ്ട് എനിക്ക് അയച്ചുതരാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ഞാന്‍ കേസ് കൊടുത്തു,’ അവര്‍ പറഞ്ഞു.

‘പുരസ്‌കാരങ്ങള്‍ നിരത്തിവെച്ച ഷോ കേസിനടുത്ത് ഫോട്ടോ എടുക്കാനായി നിന്നപ്പോള്‍ അദ്ദേഹം കൈചേര്‍ത്തുപിടിച്ച് അമര്‍ത്തി. എനിക്ക് അസ്വാഭാവികത തോന്നിയെങ്കിലും അതങ്ങനെയായിരിക്കില്ല എന്ന് ഞാന്‍ തന്നെ എന്നെ തിരുത്തുകയായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു, അത് ഗൂഢോദ്ദേശ്യമായിരുന്നു.

എന്നെ അങ്ങനെ സ്പര്‍ശിക്കുന്നത് ഇഷ്ടമല്ല എന്ന്പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. കാരണം ഒരു പ്രസാധകസ്ഥാപനത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ എന്റെ ടാസ്‌ക് ആണ് പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവകാശം നേടിയെടുക്കുക എന്നത്. ഞാനും അദ്ദേഹവും ചേര്‍ന്നുള്ള സെല്‍ഫിയാണ് എടുത്തത്. തുടര്‍ന്ന് എനിക്കൊപ്പമുണ്ടായിരുന്ന സബ് എഡിറ്ററെയും അദ്ദേഹം അങ്ങനെ ചേര്‍ത്തുനിര്‍ത്തി ഫോട്ടോ എടുത്തു. അതുകണ്ടപ്പോള്‍ എനിക്ക് മനസ്സിലായി കാര്യം ശരിയല്ല എന്ന്. അന്നുമുതല്‍ ഞാന്‍ എത്ര തവണ ആ വീട്ടില്‍ പോയിട്ടുണ്ടോ, അപ്പോഴെല്ലാം സഹപ്രവര്‍ത്തകരെയും കൂട്ടിയിട്ടുണ്ട്,’ അവര്‍ പറഞ്ഞു.

സ്ത്രീയ്ക്ക് വളരെ പരിമിതമായ ലഭിക്കുന്ന ഇടമാണ് സാഹിത്യമെന്നും അതുകൊണ്ട് ഇവിടെ ചൂഷണം വളരെയധികം കൂടുതലാണെന്നും ഷഹനാസ് ചൂണ്ടിക്കാട്ടി.

ആയിരങ്ങള്‍ പിന്നാലെയുണ്ടാവുമെന്ന് കരുതിയിട്ടല്ല ഞാന്‍ ഈ നിയമപ്പോരാട്ടത്തിനിറങ്ങിയത്. ഞാന്‍ ഒറ്റയ്ക്കു യുദ്ധം ചെയ്യണം എന്നെനിക്കറിയാം. കാരണം മിണ്ടിയാല്‍ നഷ്ടപ്പെട്ടുപോകുന്ന അവസരങ്ങളെ ഭയക്കുന്നവരാണ് മിക്കവരും.

ഞാന്‍ പീഡിക്കപ്പെട്ടിരുന്നെങ്കില്‍ തെളിവുകള്‍ കുറച്ചുകൂടി ശക്തമായേനെ എന്ന രീതിയിലുള്ള സംസാരത്തിനും കഴിഞ്ഞ ദിവസം ഞാന്‍ സാക്ഷിയായി. എങ്ങനെയുണ്ട് നിയമപരിരക്ഷയുടെ ബലം! ഞാന്‍ എന്നെ സംരക്ഷിച്ചുനിര്‍ത്തിയതുകൊണ്ടാണ് അങ്ങനെയൊന്നും സംഭവിക്കാതിരുന്നത്. എന്നിരുന്നാലും ഈ കേസുമായി ഏതറ്റം വരെയും ഞാന്‍ പോകും.

എനിക്കുവേണ്ടിയല്ല, ഇനി വരുന്ന തലമുറയില്‍പ്പെട്ട ഒരൊറ്റ കുട്ടിയും ഇത്തരം ചതിക്കുഴികളില്‍ വീഴരുത് എന്നതുകൊണ്ട്. നിയമം എന്നെ പരിരക്ഷിക്കുമോ എന്നെനിക്കറിയണം. ഇത് രണ്ട് പേര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമല്ല, എഴുതാനാഗ്രഹമുള്ള, പ്രസാധനമേഖല തെരഞ്ഞെടുക്കാനിഷ്ടമുള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള മുന്‍കരുതലാണെന്നും ഷഹനാസ് പറഞ്ഞു.

Content Highlights: Writer and young publisher M.A. Shahnaz filed a sexual harassment complaint against  VR Sudheesh