പകര്‍ച്ചവ്യാധികളുടെ വംശ വര്‍ഗ വിദ്വേഷത്തിന്റെ ചരിത്രം ഇതുവരെ
രോഷ്‌നി രാജന്‍.എ

 

‘ഈ കൊടുങ്കാറ്റ് കടന്നുപോകുക തന്നെ ചെയ്യും, മനുഷ്യവര്‍ഗം നിലനില്‍ക്കും. നമ്മളില്‍ മിക്കവരും ജീവിക്കും. പക്ഷേ അത് ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായ ഒരു ലോകമായിരിക്കും’. കൊവിഡ് വ്യാപനത്തില്‍ സ്തംഭിച്ച് നില്‍ക്കുന്ന ലോകത്തെക്കുറിച്ച് പ്രശസ്ത ചരിത്രകാരന്‍ യുവാല്‍ നോവ ഹരാരി പറഞ്ഞ വാക്കുകളാണിത്.

ഭൂഖണ്ഡങ്ങളുടെ എല്ലാ അതിര്‍വരമ്പുകളെയും ഭേദിച്ച് കൊവിഡ് മഹാമാരി മാനവരാശിക്ക് തന്നെ വലിയ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിക്കുമ്പോള്‍ ആ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന മനുഷ്യരില്‍ അവരുടെ വര്‍ഗവും വംശപരവുമായ സവിശേഷതകള്‍ക്കനുസരിച്ച് വ്യത്യാസങ്ങള്‍ കാണുന്നു എന്നത് ഏറെ പ്രധാനപ്പെട്ടതാണ്.

ശാസ്ത്രസാങ്കേതിക രംഗത്ത് ലോകം ഏറെ പുരോഗതി നേടിയിട്ടും ആധുനിക ജനാധിപത്യമൂല്യങ്ങള്‍ നിലനില്‍ക്കുന്ന ലോകരാജ്യങ്ങളില്‍പോലും ഇന്നും വംശീയവും വര്‍ഗീയവുമായ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതാണ് കൊവിഡ്കാലത്തെ ലോകാനുഭവങ്ങള്‍.

അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മരണപ്പെടുന്നതില്‍ 70 ശതമാനത്തിലധികവും കറുത്ത വര്‍ഗക്കാരാണെന്ന കണക്കുകള്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ പുറത്തുവിട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സവിശേഷമായ നിരവധി വിഭാഗങ്ങളുടെ കൊവിഡ് കാലത്തെ അനുഭവങ്ങള്‍ വിവേചനങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയുമാണ്.

ആഗോളമാസകലമുള്ള ഒരു മഹാമാരിയുടെ വ്യാപനം ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് ലോകചരിത്രത്തില്‍ കടന്നുപോയിട്ടുള്ള ചില കാലഘട്ടങ്ങളുടെ ആവര്‍ത്തനമായാണ് വിലയിരുത്തപ്പെടുന്നത്.

കാരണം പകര്‍ച്ചവ്യാധികള്‍ തീര്‍ത്ത വര്‍ഗീയവും വംശീയവുമായ വേര്‍തിരിവുകളും അടിച്ചമര്‍ത്തലുകളും കൂട്ടക്കൊലകളുമെല്ലാം
ലോകചരിത്രത്തില്‍ തുടര്‍സംഭവങ്ങള്‍ മാത്രമാണ്. അതിലേറ്റവും വലിയ അധ്യായമാണ് പ്ലേഗ് വ്യാപനവുമായി ബന്ധപ്പെട്ട് 14ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ യൂറോപ്പില്‍ അരങ്ങേറിയ സംഭവങ്ങള്‍.

യൂറോപ്പില്‍ എ.ഡി 1347ല്‍ തുടങ്ങി 1351 വരെ നീണ്ടു നിന്ന പ്ലേഗ് എന്ന പകര്‍ച്ചവ്യാധിയെ ജ്യൂത വംശത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു ഉപാധിയായാണ് അന്നത്തെ ഭണകൂടം വിനിയോഗിച്ചത്. പ്ലേഗിന്റെ ഉറവിടം ജൂതരാണന്നും ക്രൈസ്തവവംശത്തെ അട്ടിമറിക്കാനുള്ള ജൂതരുടെ ശ്രമമാണ് പ്ലേഗിന്റെ വ്യാപനമെന്നും അന്നത്തെ ഭരണകൂടം പ്രചരിപ്പിച്ചു. പൊതു കിണറുകളില്‍ ജൂതന്‍മാര്‍ പ്ലേഗിന്റെ വിഷാംശം കലര്‍ത്തുന്നുവെന്നും രോഗം പടര്‍ത്തുന്നുവെന്നുമുള്ള പ്രചരണങ്ങളും ഉണ്ടായി. വംശീയമായ ഒരു യുദ്ധവെറിയിലേക്കാണ് ഈ സാഹചര്യങ്ങള്‍ ചെന്നെത്തിച്ചത്. ജൂതവംശജരുടെ വീടുകള്‍ കൂട്ടമായി ആക്രമിക്കപ്പെട്ടു.

ആയിരക്കണക്കിന് പേര്‍ ജീവനോടെ ചുട്ടുകൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വൈന്‍ വീപ്പകളിലാക്കി നദികളില്‍ ഒഴുക്കി. മരണം വിതയ്ക്കുന്ന ഈ മഹാമാരിയുടെ കാരണക്കാര്‍ ജൂതരാണെന്ന പ്രചാരണം പ്ലേഗ് ചെന്നെത്തിയ രാജ്യങ്ങളിലെല്ലാമുള്ള ജൂതരുടെ ജീവിതത്തെ ദുസ്സഹമാക്കി. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ സ്വിറ്റ്സര്‍ലന്റ്, ചെക്കോസ്ലോവാക്യ, പോളണ്ട്, ജര്‍മനി എന്നീ രാജ്യങ്ങളിലെല്ലാം പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോഴും അവിടങ്ങളിലെ ജൂതന്മാര്‍ ഭീകരമായി വേട്ടയാടപ്പെടുകയാണുണ്ടായത്.

ലോകത്തിലെ ഏറ്റവും വിറ്റഴിക്കപ്പെട്ട ആത്മകഥകളിലൊന്നായ അഡോള്‍ഫ് ഹിറ്റ്‌ലറുടെ മെയിന്‍ കാംഫില്‍ പറയുന്നത് യഹൂദന്‍മാര്‍ സിഫിലിസ് പരത്തുന്നവരാണ്, പ്ലേഗ് പരത്തുന്നവരാണ് എന്നാണ്. ജര്‍മനിയില്‍ ടൈഫസ് പടര്‍ന്നുപിടിച്ചപ്പോഴും ജൂതന്മാരാണ് അതിന് കാരണമെന്നാണ്
ഹിറ്റ്‌ലര്‍ അവിടുത്തെ ഭൂരിപക്ഷ ജനതയെ വിശ്വസിപ്പിച്ചിരുന്നത്. ഒന്നുകില്‍ ക്വാറന്റയിനില്‍ പട്ടിണി കിടന്ന് മരിക്കുക അല്ലെങ്കില്‍ പുറത്തിറങ്ങി സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുക. ഇതായിരുന്നു അന്നത്തെ നാസി ഭരണകൂടം ജൂതന്മാര്‍ക്ക് നല്‍കിയ രണ്ട് വഴികള്‍.

രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധമുഖത്തുനിന്നും പട്ടാളക്കാര്‍ കൊണ്ടുവന്ന ടൈഫസ് രോഗം ജര്‍മനിയില്‍ എല്ലാവരെയും ഒരുപോലെ ബാധിച്ചിരുന്നു. എന്നാല്‍ അന്നത്തെ ജര്‍മന്‍ ഭരണകൂടം യാതൊരു പരിരക്ഷയും അവിടുത്തെ ജൂതന്മാര്‍ക്ക് നല്‍കിയില്ല. മാത്രവുമല്ല ജൂതവംശജരെ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കാനുള്ള മാര്‍ഗമായാണ് ടൈഫസ് എന്ന പകര്‍ച്ചവ്യാധിയെ അന്നത്തെ ഭരണകൂടം പ്രയോഗിച്ചത്.

ആന്‍ഫ്രാങ്കിനെ ഒര്‍മയില്ലേ. ഹിറ്റ്‌ലറുടെ രഹസ്യപൊലീസായിരുന്ന ഗസ്റ്റപ്പോകളെപ്പേടിച്ച് തന്റെ കുടുംബത്തോടൊപ്പം ആറുവര്‍ഷം ഒരു കുടുസുമുറിയില്‍ ഒളിച്ചുകഴിയേണ്ടി വന്ന ആന്‍ഫ്രാങ്ക്. തന്റെ 15ാം വയസ്സില്‍ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ വെച്ച് ടൈഫിസ് ബാധിച്ചാണ് ആന്‍ഫ്രാങ്ക് മരണപ്പെട്ടത്.

ഏതാണ്ട് അതേ കാലഘട്ടത്തില്‍ 15ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 16ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇറ്റലിയില്‍ റോമാക്കാര്‍ എന്നറിയപ്പെടുന്ന ജിപ്സികളുടെ സഞ്ചാരസ്വാതന്ത്രം ഇല്ലാതാക്കാനുള്ള നൂറോളം നിയമങ്ങള്‍ ഭരണകൂടം നിലവില്‍ വരുത്തിയിരുന്നു. ജിപ്സികളാണ് പകര്‍ച്ചവ്യാധികള്‍ പടര്‍ത്തുന്നതെന്നാരോപിച്ചാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ജിപ്സികള്‍ ജീവിക്കുന്നതെന്നും അവര്‍ രോഗവാഹകരാണെന്നുമായിരുന്നു അക്കാലത്ത് ഉയര്‍ന്നു വന്ന വാദം.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

 

ഒരു രോഗബാധയുടെ വ്യാപനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഒരു സ്ത്രീക്ക്‌മേല്‍ ചുമത്തിയ സംഭവവും 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നു. 1910 ല്‍ ന്യൂയോര്‍ക്കില്‍ ടൈഫോയ്ഡ് പടര്‍ന്നു പിടിച്ചപ്പോള്‍ അതിനു കാരണമായി ഭരണകൂടം കണ്ടെത്തിയത് മേരി മെല്ലോണ്‍ എന്ന ഐറിഷ് വംശജയായ ഒരു സ്ത്രീയെയായിരുന്നു. ന്യൂയോര്‍ക്കിലെ അതിസന്നമ്പരുടെ വീടുകളില്‍ ജോലിക്കുപോയിരുന്ന മേരി മെല്ലോണ്‍ ആണ് രാജ്യത്ത് ടൈഫോയ്ഡ് പരത്തിയതെന്ന് ആരോപിച്ച് ഭരണകൂടം അവരെ തടവിലിട്ടു. യാതൊരു രോഗലക്ഷണവുമില്ലാതിരുന്നിട്ടും നീണ്ട 26 വര്‍ഷം മേരിയെ ആശുപത്രിയില്‍ ക്വാറന്‍ൈന്‍ ചെയ്യുകയായിരുന്നു ന്യൂയോര്‍ക്കിലെ ഭരണകൂടം. ടൈഫോയ്ഡ് മേരി എന്ന പേരിലാണ് പില്‍ക്കാലത്ത് അവര്‍ അറിയപ്പെട്ടിരുന്നത്.

വംശീയവും വര്‍ഗീയവുമായ അടിച്ചമര്‍ത്തലുകള്‍ മാത്രമല്ല പ്രത്യേകമായ പ്രദേശങ്ങളെയും രാജ്യങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള വിദ്വേഷ പ്രചാരണങ്ങളും പകര്‍ച്ചവ്യാധികളോടൊപ്പം ലോകത്ത് പടര്‍ന്നുപിടിച്ചിരുന്നു. 1918ല്‍ ലോകത്താകമാനം 50 മില്ല്യണ്‍ ആളുകള്‍ കൊല്ലപ്പെട്ട സ്പാനിഷ് ഫ്ളൂവിന്റെ പ്രഭവകേന്ദ്രത്തെപ്പറ്റി ഇന്നും വ്യക്തമായ ധാരണകളില്ല. എന്നാല്‍ സ്പെയിനിലെ ജനതയാണ് സ്പാനിഷ് ഫ്ളൂ പരത്തിയത് എന്ന വാദമാണ് ലോകത്താകമാനം നിലനിന്നിരുന്നത്. ഇത്തരത്തില്‍ പകര്‍ച്ച വ്യാധികള്‍ക്ക് പേര് നല്‍കുമ്പോള്‍ രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ, ഗോത്രത്തിന്റെയോ, ന്യൂനപക്ഷ വംശങ്ങളുടെയോ ഒക്കെ പ്രാതിനിധ്യം കൊണ്ടുവരുന്ന രീതിയും ലോകത്ത് നിലനിന്നിരുന്നു.

ഏഷ്യന്‍ ഫ്ളൂ, മിഡില്‍ ഈസ്റ്റ് ഫീവര്‍, ഹോംങ്കോങ്ങ് ഫ്ളൂ എന്നിവയെല്ലാം വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് അത്തരത്തില്‍ രൂപപ്പെട്ടതാണ്. ഒരു രാജ്യത്തെ മുഴുവന്‍ ജനതക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തുന്ന ഇത്തരം രീതികള്‍ നിര്‍ത്തലാക്കിക്കൊണ്ട് ലോകാരോഗ്യസംഘടന 2012 ല്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിരുന്നു. കൊവിഡ് 19 എന്ന മഹാമാരി വന്നപ്പോഴും കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നും വുഹാന്‍ വൈറസ് എന്നും വിളിച്ചവര്‍ ഈ മാര്‍ഗനിര്‍ദേശങ്ങളെ മറികടന്നുകൊണ്ടാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്.

1980 കളോടെ അമേരിക്ക ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച എയ്ഡ്സ് ആദ്യം അറിയപ്പെട്ടിരുന്നത് ഗേ റിലേറ്റഡ് എയ്ഡ്സ്, ഗേ പ്ലേഗ് എന്നെല്ലാമായിരുന്നു. സ്വവര്‍ഗാനുരാഗികളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ എയ്ഡ്സ് പരത്തുന്നതെന്ന വാദമാണ് ഈ പേരിടലിന് കാരണമായത്. എയ്ഡ്സിന്റെ പേരില്‍ ലൈംഗികന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന രീതി പിന്നീടും യൂറോപ്പില്‍ തുടര്‍ന്നു പോന്നു.

കറുത്ത വര്‍ഗക്കാരും എയിഡ്‌സ് വ്യാപനത്തിന്റെ പേരില്‍ കൂട്ടമായി വേട്ടയാടപ്പെട്ടിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള മനോഭാവമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചു പോന്നത്. എയ്ഡ്സിന്റെ പേരില്‍ ആഫ്രോ അമേരിക്കന്‍സിന് നേരെയുള്ള വംശീയ ആക്രമണം അമേരിക്ക ഇന്നും തുടര്‍ന്നു പോരുന്നുണ്ട്.

2018 ലെ കണക്ക് പ്രകാരം 1.1 മില്ല്യണ്‍ ആളുകളാണ് അമേരിക്കയില്‍ എയ്ഡ്‌സ് ബാധിതരായി ജീവിക്കുന്നത്. ഇതില്‍ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ 46% ആളുകള്‍ യു.എസ് ജനസംഖ്യയില്‍ 12% മാത്രം വരുന്ന ആഫ്രോ അമേരിക്കന്‍സാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ആഫ്രിക്കന്‍ ജനതക്ക് നേരെ നടത്തിയ വംശീയവും വിദ്വേശപരവുമായ പരാമര്‍ശങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എബോളയുടെ കാലത്തും ആവര്‍ത്തിച്ചിരുന്നു.

ഇതിന്റെയെല്ലാം തുടര്‍ച്ചയാണ് കൊവിഡ് 19 വ്യാപനത്തിന്റെ സമയത്തും ലോകമാസകലം നാം കണ്ടത്. വംശീയതയില്‍ അധിഷ്ഠിതമായ ദേശീയത, വ്യക്തികേന്ദ്രീകൃതമായ അധികാരപ്രയോഗങ്ങള്‍, മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍ തുടങ്ങിയവയൊക്കെ പല രാജ്യങ്ങളിലും കൊവിഡ് 19 പശ്ചാത്തലത്തിലും ആവര്‍ത്തിക്കപ്പെട്ടിരുന്നു. കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍, മത ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ വലിയ രീതിയിലുള്ള വിവേചനങ്ങള്‍ക്കാണ് ഈ ഘട്ടത്തിലും ഇരകളായത്.

ചൈനയിലെ വുഹാനില്‍ നിന്നുമാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നതിനാല്‍ പല രീതിയിലുള്ള വംശീയ അധിക്ഷേപങ്ങള്‍ക്ക് ചൈന ഇരയായി. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് വൈറസ് എന്നാണ് കൊറൊണയെ വിശേഷിപ്പിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര ബന്ധങ്ങളെ വശളാക്കിയ ഈ സംഭവം മറ്റൊരു ശീതയുദ്ധത്തിലേക്കാണ് വഴി തെളിച്ചത്. അമേരിക്കയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളും ചൈനയോടുള്ള ഈ വിവേചനം തുടര്‍ന്നിരുന്നു. ചൈനീസ് ഉത്പന്നങ്ങളെ ബഹിഷ്‌കരിച്ചുകൊണ്ടും ചൈനീസ് വംശജരെ തൊഴില്‍ ശാലകളില്‍ നിന്നും ഇറക്കിവിട്ടുകൊണ്ടും നിരവധി രാജ്യങ്ങളില്‍ ആ വിവേചനം തുടര്‍ന്നിരുന്നു.

എത്യോപ്യക്കാരനായ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ഡെട്രോസ് അഥനം ഈ കൊവിഡ് കാലത്തും താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ണ-വംശാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ തുറന്നുപറഞ്ഞത് അന്താരാഷ്ട്രമാധ്യമങ്ങളില്‍ ഇടം പിടിച്ച വലിയ വാര്‍ത്തയായിരുന്നു. ബ്രിട്ടനിലും അമേരിക്കയിലുമെല്ലാം കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരില്‍ കൂടുതലും ആഫ്രോ അമേരിക്കന്‍സും ആഫ്രോ ഏഷ്യന്‍ പാരമ്പര്യമുള്ള മുസ്ലിങ്ങളുമാണെന്നതും ഭീകരമായ മറ്റൊരു യാഥാര്‍ത്ഥ്യമായിരുന്നു.

ആരോഗ്യപരമായ പരിഗണനകള്‍ ലഭിക്കാതെയും ചികിത്സക്കാവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലും ടെസ്റ്റുകള്‍ പോലും നടത്താന്‍ കഴിയാതെ ദരിദ്രരും പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമായ ജനങ്ങള്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലും ചെറുതും വലുതുമായ വിദ്വേഷ പ്രചാരണങ്ങള്‍ ന്യൂനപക്ഷജനതയെ ഉന്നം വെച്ചുകൊണ്ട് നടന്നിരുന്നു. ദല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്ളീഗ് ജമാഅത്ത് സമ്മേളനസ്ഥലത്ത് വെച്ച് കൂട്ടമായ കൊവിഡ് വ്യാപനം സംഭവിച്ചത് കാരണം പിന്നീടങ്ങോട്ട് മുസ്ലിങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തബ്ലീഗ് പ്രവര്‍ത്തകരും മറ്റ് മുസ്ലിങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ മുസ്ലിം പ്രവാസികളിലും, ഉംറ തീര്‍ത്താടനം കഴിഞ്ഞെത്തിയവരിലുമുള്ള ചിലരിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ വര്‍ഗീയ പ്രചാരണങ്ങളുടെ ആക്കം കൂടിവന്നു. നവമാധ്യമങ്ങളിലെല്ലാം മുസ്ലിങ്ങള്‍ക്കെതിരായ തീവ്രമായ വിദ്വേശപ്രചരണങ്ങളാണ് നടന്നിരുന്നത്. രോഗിയുടെ സമുദായവും പശ്ചാത്തലവും വിശ്വാസവുമെല്ലാം രോഗവുമായി ബന്ധപ്പെടുത്തുന്നതും അതിന്റെ പേരില്‍ മുഴുവന്‍ സമുദായത്തെും കുറ്റക്കാരായി ചിത്രീകരിച്ച് ഒറ്റപ്പെടുത്തുന്നതും ഏറെ അപലപനീയമാണെന്നാണ് സാമൂഹ്യ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. കൊവിഡ് ബാധിതരുടെ സാമുദായിക പശ്ചാത്തലത്തെ ലക്ഷ്യം വെച്ചുകൊണ്ടും മുഴുവന്‍ പ്രവാസി സമൂഹത്തെ കുറ്റപ്പെടുത്തിയും വിദ്വേശ പരാമര്‍ശങ്ങള്‍ നടത്തിയും വിവേചനാടിസ്ഥാനത്തിലുള്ള നിരന്തര സംഭവങ്ങളാണ് കൊവിഡ് കാലത്ത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പകര്‍ച്ചവ്യാധികളുടെ കാലത്തെ വംശീയ വേര്‍തിരിവുകള്‍ക്ക് കേരളം വലിയ രീതിയില്‍ സാക്ഷ്യം വഹിച്ചിട്ടില്ലെങ്കിലും സമാനമായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ കേരളത്തിലുമുണ്ടായിരുന്നു. 2018 ല്‍ നിപ്പവൈറസ് കേരളത്തെ ബാധിച്ചപ്പോള്‍ ആദ്യ രോഗബാധിതനായ സാബിത്ത് രോഗം കൊണ്ടുവന്നത് മലേഷ്യയില്‍ നിന്നാണെന്ന രൂപത്തിലാണ് അക്കാലത്ത് പ്രചരണങ്ങള്‍ നടന്നത്. എന്നാല്‍ അത്തരമൊരു വ്യാജവാര്‍ത്ത നല്‍കിയ ജന്മഭൂമി പത്രത്തിന് നേരെ അന്ന്തന്നെ നിരവധി പ്രതിഷേധങ്ങളുയരുകയും ഏതാനും പേര്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയും ചെയ്തിരുന്നു.

നിപ രോഗം ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലുള്ള ഒരു മുസ്ലിം കുടുംബത്തിലാണ് എന്നതിനാല്‍ രോഗവുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് നേരെയുള്ള വിദ്വേശപ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ അന്ന് നടന്നിരുന്നു. കൂടാതെ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര എന്ന പ്രദേശവും നിരവധി വിവേചനങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിരുന്നു. പേരാമ്പ്ര സ്വദേശികളായവരെ മറ്റിടങ്ങളിലുള്ളവര്‍ ഭിതിയോടെ കണ്ടിരുന്ന സ്ഥിതിയായിരുന്നു അന്നുണ്ടായിരുന്നതത്. സമാനമായ രീതിയില്‍ കേരളത്തില്‍ ആദ്യഘട്ടത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരും മറ്റുള്ളവരിലേക്ക് പടരുന്നതിന് കാരണമാവുകയും ചെയ്ത വ്യക്തികള്‍ക്ക് നേരെയും അവരുടെ സാമുദായിക പശ്ചാത്തലം മുന്‍നിര്‍ത്തിയുള്ള വിദ്വേശപ്രചരണങ്ങള്‍ നടന്നിരുന്നു.

മനുഷ്യവംശങ്ങളുടെ നിലനില്‍പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം മഹാവിപത്തുകളെ അതിജീവിക്കാന്‍ വേണ്ടി ലോക ജനത ഒന്നടങ്കം പരിശ്രമിക്കുമ്പോഴും അതിനിടയിലേക്ക് കടന്നുവരുന്ന വെറുപ്പിന്റെയും വിദ്വേശത്തിന്റെയും അപരവത്കരണത്തിന്റെയും പ്രവണതകള്‍, മനുഷ്യമനസ്സുകളില്‍ വേരൂന്നിയിട്ടുള്ള വംശീയ-വര്‍ഗീയ-ജാതി ചിന്തകളുടെ ആഴം എത്ര ഭീകരമാണെന്ന് വ്യ്ക്തമാക്കുകയാണ്.

പോയ നൂറ്റാണ്ടുകളില്‍, ചരിത്രത്തിന്റെ വിവിധ അടരുകളില്‍, ലോകത്തിന്റെ പല ദിക്കുകളില്‍ വിവിധങ്ങളായ പ്രതിബന്ധങ്ങളോട് പോരടിച്ച മനുഷ്യകുലത്തിന്റെ അതിജീവനത്തിന്റെയും പരാജയത്തിന്റെയും കഥയാണ് ലോകചരിത്രം. ആ ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച അനേകം സംഭവങ്ങള്‍, യുദ്ധങ്ങള്‍, കുടിയേറ്റങ്ങള്‍, പലായനങ്ങള്‍, വംശഹത്യങ്ങള്‍, അതിജീവനത്തിനായുള്ള പുതിയ കണ്ടുപിടിത്തങ്ങള്‍, പുതിയ സംസ്‌കാരങ്ങളുടെ ഉദയം. പലപ്പോഴും ഇവയ്ക്കെല്ലാം കാരണമായിരുന്നത് വന്‍കരകളെ കീഴടക്കിയ മഹാമാരികളായിരുന്നു. ഈ ലോകമഹാമാരികളുടെ രാഷ്ട്രീയഭൂപടം മനുഷ്യമനസ്സുകളെ ഗ്രസിച്ചിരിക്കുന്ന വംശീയതയുടെ രേഖാചിത്രമാവുകയാണ്…..

 

 

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.