Administrator
Administrator
പരിസ്ഥിതിദിനം: അധരവ്യായാമം മതിയോ?
Administrator
Saturday 4th June 2011 10:55pm

ചുട്ടെരിയുന്ന ഭൂമിയിലിരുന്നുകൊണ്ട് നമ്മള്‍ മനുഷ്യര്‍ വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി ആചരിക്കുകയാണ്. വനവിഭവപ്രകൃതിസമ്പത്തിനെ സംരക്ഷിക്കണം എന്നതാണ് 2011 വര്‍ഷത്തെ ആഗോള പരിസ്ഥിതിദിനത്തിന്റെ സാരമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. വനവിഭവ സംരക്ഷണവും പ്രകൃതി സംരക്ഷണവുമൊക്കെ കുറേ വാചാടോപങ്ങളായ ബോധവല്‍കരണ ക്ലാസ്സുകള്‍ കൊണ്ട് നേടിയെടുക്കാനാവുമെന്ന കാല്‍പനിക വ്യാമോഹങ്ങള്‍ ഇന്നാരും വെച്ചുപുലര്‍ത്തുന്നുണ്ടാവില്ല. ഒരു ഭാഗത്ത് ഭൂമിയും പ്രകൃതിയൊട്ടാകയും കൊള്ളയടിക്കപ്പെടുമ്പോള്‍ മറുവശത്ത് കോടാനുകോടിവരുന്ന മനുഷ്യര്‍ക്ക് കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയും നമുക്ക് കാണാതിരുന്നുകൂട. ആരാണ് പ്രകൃതിക്കും മനുഷ്യനുതന്നെയും എതിരായി നില്‍ക്കുന്നതെന്ന ചോദ്യം ഇവിടെയാണ് ഉയര്‍ന്നുവരുന്നത്.

പ്രകൃതിക്ക് മനുഷ്യന്‍ എതിരാണെന്ന ചിരപുരാതനകാലം മുതലുള്ള നമ്മുടെ ‘കണ്ടെത്തലിനെ’ അപനിര്‍മ്മിക്കാതെ ഇതിനൊരു പരിഹാരം തിരയുന്നത് അന്ധന്‍ ആനയെ കണ്ടതുപോലെയായിരിക്കും. അത്തരത്തില്‍ മനുഷ്യരെല്ലാം തന്നെ ഭൂമിക്കും പ്രകൃതിക്കും എതിരാണെങ്കില്‍ മനുഷ്യരെ ഒന്നടങ്കം കോന്നുകളയുകയേ നിവര്‍ത്തിയുള്ളു എന്നുവരും. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നമ്മേ ഒരിടത്തും എത്തിക്കില്ലെന്ന് ചുരുക്കം.

‘മനുഷ്യരുടെ അത്യാര്‍ത്തിയാണ് പ്രകൃതിക്ക് ദോഷം വരുത്തുന്നതെന്ന്’ കാടടച്ചു വെടിവെയ്ക്കുന്നവരും നമ്മുടെകൂട്ടത്തിലുണ്ട്. ഏതു മനുഷ്യരുടെ അത്യാര്‍ത്തിയാണ് പ്രകൃതിയെ നശിപ്പിക്കുന്നതെന്ന് നമ്മള്‍ വ്യക്തമാക്കിയേ മതിയാകൂ. 2009 ഡിസംബറിലെ കോപ്പന്‍ഹേഗന്‍ ഉച്ചകോടിയും 2010ലെ കാന്‍കൂണ്‍ ഉച്ചകോടിയും ഇക്കഴിഞ്ഞ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനും ഇത്തരത്തിലുള്ള ചര്‍ച്ചള്‍ക്ക് ദിശാസൂചകങ്ങളാകുന്നു.copenhagen summit കോപ്പന്‍ഹേഗനിലും കാന്‍കൂണിലും ആഗോള താപനത്തെപറ്റിയായിരുന്നു നമ്മള്‍ പരിതപിച്ചതെങ്കില്‍ സ്‌റ്റോക്ക്‌ഹോമില്‍ പ്രകൃതിയെയും മനുഷ്യജീവിതത്തെയും ഒരുപോലെ വെല്ലുവിളിക്കുന്ന തീരുമാനങ്ങളായിരുന്നുകണ്ടത്. ഇവ തമ്മില്‍ ഒരു പൊക്കിള്‍ കൊടിബന്ധമുണ്ട്. നമ്മള്‍ കണ്ടിട്ടും കാണാതെ നടക്കുന്ന, അറിഞ്ഞിട്ടും അറിഞ്ഞതായി നടിക്കാത്ത ഒരു പൊക്കിള്‍ കോടി ബന്ധം. ഇവിടെയൊക്കെ തീരുമാനങ്ങളായിവന്നത് ലോകത്തെ കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങളായിരുന്നുവെന്നതാണത്.

കോപ്പന്‍ ഹേഗനെയും കാന്‍കൂണിനെയും ചുട്ടുപ്പൊള്ളിച്ചത് ആഗോളതാപനത്തെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. ഇന്ത്യയും ചൈനയുമടക്കമുള്ള മൂന്നാം ലോക രാഷ്ട്രങ്ങളുടെ മേല്‍ പഴിചാരിക്കൊണ്ട് അമേരിക്കയടക്കമുള്ള ഒന്നാം ലോകരാജ്യങ്ങള്‍ തടിതപ്പിയപ്പോള്‍ ഇത്തരം ഉച്ചകോടികള്‍ കേവലം പ്രഹസനങ്ങളാണെന്ന സത്യമായിരുന്നു നമ്മള്‍ തിരിച്ചറിഞ്ഞത്. 1997ലെ ക്യോട്ടോ-പ്രട്ടോകോള്‍ പോലും തങ്ങള്‍ക്ക് ബാധകമല്ലെന്ന ചട്ടമ്പിനയം പിന്തുടരുന്ന അമേരിക്കയ്ക്ക് അങ്ങനെയൊക്കെ ആവാനെ കഴിയൂ. ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അമേരിക്കയ്ക്ക് ജനറല്‍ മോട്ടോര്‍സ് അടക്കമുള്ള കുത്തകകളുടെ താല്‍പര്യം സംരക്ഷിച്ചേ മതിയാകൂ. അവിടെ പ്രകൃതി സംരക്ഷണം എന്നത് പൊന്നുരുക്കുന്നിടത്തെ പൂച്ചയാണ്.

pollutionആഗോളതാപനത്തിനു വഴിവെയ്ക്കുന്ന ഹരിതഗൃഹപ്രഭാവ വാതകങ്ങളായ നീരാവിയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീതെയിനും ക്ലോറോഫ്‌ലൂറോ കാര്‍ബണുമൊക്കെ പുറത്തുവിടാതെ എന്ത് കാറുല്‍പാദനം, എന്ത് വ്യാവസായികോല്‍പാദനം? മൂന്നാംലോക രാജ്യങ്ങളെടുക്കുന്ന ചെറിയ ചില നടപടികള്‍ പോലും ഇത്തരം വമ്പന്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ എടുക്കാറില്ല. അതേസമയം വ്യാവസായികമായുള്ള വികസനത്തെ മൊത്തം മനുഷ്യ രാശിയുടേയും വികസനമായി സമീകരിക്കുകയും ദ്രുതഗതിയിലുള്ള വ്യാവസായിക വികസനത്തിനായി ജനസാമാന്യത്തെ വെടിവെച്ചുകൊല്ലുക പോലും ചെയ്യുന്ന മൂന്നാം ലോക രാജ്യങ്ങളുടെ പങ്കും ചെറുതല്ല. എല്ലാ മനുഷ്യരെയും പ്രതിചേര്‍ക്കുന്ന പ്രകൃതി സംരക്ഷണത്തെ പറ്റിയുള്ള പഴയ കാഴ്ചപ്പാട് നമ്മള്‍ ഉപേക്ഷിക്കേണ്ടതുണ്ടെന്നാണ് ഇവയൊക്കെ കാട്ടിത്തരുന്നത്.

പ്ലാസ്റ്റിക് മാലിന്യം നമ്മെ വല്ലാതെ ഭയപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ ഇന്ത്യയിലടക്കം കര്‍ശനമായി നടപടികളെടുത്തിട്ടുണ്ടെങ്കിലും ആ ഭയത്തെ അതിജീവിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിനേക്കാള്‍ എത്രയോ ഭയാനകമായ മറ്റൊരു അപകടം നമ്മുടെ പടിവാതിലിലെത്തിയിട്ടും നമ്മളെന്തേ നിസംഗരായിപ്പോയി? വന്‍ സമ്പന്ന രാജ്യങ്ങളുടെ ആണവ വേസ്റ്റ് ബിന്നായി ഇന്ത്യ മാറിയിരിക്കുന്നു. അതിനായി അമേരിക്കയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നു. ഇന്ത്യന്‍ സാമ്രാജ്യമുതലാളിമാരുടെ ഊര്‍ജ പ്രതിസന്ധി തീര്‍ക്കാനായി 121 കോടി ജനങ്ങളുടെ ജീവിതംവെച്ച് പന്താടാന്‍ നമ്മുടെ ഭരണാധിപന്‍മാര്‍ക്ക് യാതൊരു മടിയുമുണ്ടായില്ല.

nukeടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും അതിന്റെ തലവനായിരുന്ന ഹോമി ജെ ഭാഭയും അവര്‍ക്കുവേണ്ടി ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും ആണവ പദ്ധതിക്കുവേണ്ടി മുറവിളി കൂട്ടിയിരുന്നു. ഇതിനെതിരായി അന്ന് ഭാഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്ത ഗണിത ശാസ്ത്രജ്ഞനും പില്‍ക്കാലത്ത് അറിയപ്പെടുന്ന ചരിത്രകാരനുമായിത്തീര്‍ന്ന ഡി.ഡി.കൊസാമ്പി നടത്തിയ ഒറ്റയാള്‍ പോരാട്ടം മറക്കാവതല്ല. ആണവപദ്ധതി തുടങ്ങുകയെന്നാല്‍ ഒരു ദേശത്തെ ജനതയുടെമേല്‍ അണുബോംബു വര്‍ഷിക്കുകയാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്.

ഇന്ന് ഡി.ഡി.കൊസാമ്പിയുടെ വാക്കുകള്‍ ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ ദുരന്തമായി പരിണമിച്ചപ്പോള്‍ ഇന്ത്യയിലെ ജെയ്താപ്പൂരിലെ ആണവ പദ്ധതിക്കെതിരായി നടക്കുന്ന ‘വികസനവിരുദ്ധ’ സമരങ്ങള്‍ക്ക് പുതിയ മാനം കൈവരുന്നു. പ്രകൃതിക്ക് മനുഷ്യനല്ല എതിര്. കുത്തകകള്‍ തന്നെയാണ്. പ്രകൃതിക്ക് എന്ത് സംഭവിക്കുന്നുവെന്ന് നോക്കാന്‍ കുത്തകകള്‍ക്ക് സമയവും താല്‍പര്യവുമില്ല. അവര്‍ക്ക് ഒരോ നിമിഷവും ലാഭമാണ്. നിമിഷങ്ങളെ ലാഭമാക്കാനുള്ള മത്സരത്തില്‍ അവര്‍ക്ക് ലോക മനുഷ്യര്‍ കേവലം ലോക കമ്പോളം മാത്രമാണ്. പ്രകൃതി ‘അസംസ്‌കൃത വസ്തുവും’. ഇവര്‍ പ്രകൃതിയെ സംരക്ഷിക്കുമെന്ന കിനാക്കള്‍ കാണാന്‍ നമുക്കിനി സമയമില്ല. പ്രകൃതി സംരക്ഷണം കുത്തകവിരുദ്ധമാകുന്നത് ഈ ദശാസന്ധിയില്‍ വെച്ചാണ്. ഒരര്‍ത്ഥത്തില്‍ പ്രകൃതി സംരക്ഷണം കുത്തക വിരുദ്ധ സമരം തന്നെയാണ്.

Advertisement