വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 213 റണ്‍സ്; എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും
ICC WORLD CUP 2019
വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 213 റണ്‍സ്; എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th June 2019, 7:20 pm

സതാംപ്ടണ്‍: നിര്‍ണായക മത്സരത്തില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തിലെ പിഴച്ച വിന്‍ഡീസിനെ തിരിച്ചു വരാന്‍ അനുവദിക്കാതെ ഇംഗ്ലീഷ് ബൗളര്‍മാര്‍ പിടിച്ചുകൊട്ടുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പൂരനാണ് വിന്‍ഡീസ് നിരയില്‍ ടോപ് സ്‌കോറര്‍.

നിക്കോളസ് പൂരന്‍ 63 റണ്‍സ് നേടി പുറത്തായപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 39 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും ജോ റൂട്ട് കൂട്ടുകെട്ട് തകര്‍ത്തു. 55/3 എന്ന നിലയില്‍ നിന്ന് 144/3 എന്ന നിലയിലേക്ക് എത്തിയ ശേഷമായിരുന്നു വിന്‍ഡീസിന്റെ തകര്‍ച്ച. ഹെറ്റ്മ്യറിനെയും ജേസണ്‍ ഹോള്‍ഡറിനെയും റിട്ടേണ്‍ ക്യാച്ചിലൂടെ ജോ റൂട്ട് പുറത്താക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ എറഞ്ഞിടുകയായിരുന്നു ഇംഗ്ലണ്ട്. രണ്ട് റണ്‍ എടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസിന്റെ വിക്കറ്റാണ് അവര്‍ക്ക് ആദ്യം നഷ്ടമായത്. ഗെയ്ലിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും മാര്‍ക് വുഡ് കൈവിട്ടു. പിന്നാലെ 41 പന്തില്‍ 36 റണ്‍സ് എടുത്ത ഗെയ്ലിനെ പ്ലുംകെറ്റ് പുറത്താക്കി. 30 പന്തില്‍ 11 റണ്‍സ് എടുത്ത ഷായ് ഹോപ്പിനെ മാര്‍ക്ക് വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഇംഗ്ലണ്ടിനായി 6.4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 9 ഓവറില്‍ 30 റണ്‍സ് വഴങ്ങി ജോഫ്ര ആര്‍ച്ചര്‍ 3 വിക്കറ്റ് എടുത്തു. ജോ റൂട്ട് രണ്ട് വിക്കറ്റും ക്രിസ് വോക്സ്, പ്ലുംകെറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.