സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല : എയിംസിലെ ഡോക്ടര്‍മാര്‍
national news
സില്‍ക്യാര തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ല : എയിംസിലെ ഡോക്ടര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th November 2023, 4:51 pm

 

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ സില്‍ക്യാരാ തുരങ്കത്തില്‍ നിന്ന് രക്ഷിച്ച 41 തൊഴിലാളികളും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ഋഷികേശ് എയിംസിലെ ഡോക്ടര്‍മാര്‍. ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

‘ഇവിടെ പ്രവേശിപ്പിക്കപ്പെട്ട 41 തൊഴിലാളികള്‍ ഏഴ് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കെല്ലാം ഞങ്ങള്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, ഒഡീഷ, എന്നീ സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെട്ടതിനാല്‍ ഇവിടെനിന്നുള്ള തൊഴിലാളികളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കും. മറ്റ് സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുമായി ചര്‍ച്ച നടക്കുന്നുണ്ട്,’ ഋഷികേശിലെ എയിംസ് ആശുപത്രി അഡ്മിനിസ്ട്രേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ:നരേന്ദ്രകുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

തൊഴിലാളികളെ വിശദമായി പരിശോധിച്ചെന്നും അവരുടെ രക്ത പരിശോധന, എക്സ്-റേ, ഇ.സി.ജി റിപ്പോര്‍ട്ടുകള്‍ എന്നിവ സാധാരണ നിലയില്‍ ആണെന്നും ഡോ.രവികാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘അവര്‍ക്ക് ശരീരികമായ കുഴപ്പങ്ങളൊന്നുമില്ല. ക്ലിനിക്കല് സ്റ്റേബിളാണ്. വീട്ടിലേക്ക് മടങ്ങാന്‍ അവര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്,’ ഡോക്ടര്‍ പറഞ്ഞു.

17 ദിവസത്തിനു ശേഷം അവര്‍ തുരങ്കത്തില്‍ നിന്ന് പുറത്തുവന്നതിനാല്‍ തൊഴിലാളികള്‍ക്ക് ചുറ്റുപാടുകളുമായി ഇണങ്ങാന്‍ സമയമായവശ്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. പരിശോധനയ്ക്കായി രണ്ടാഴ്ചയ്ക്കുശേഷം അടുത്തുള്ള ആശുപത്രിയില്‍ പോകാന്‍ ഇവരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികളെ വിമാനമാര്‍ഗം ജാര്‍ഖണ്ഡില്‍ എത്തിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഭുവനേഷ് കുമാര്‍ പറഞ്ഞു.

ഉത്തരാഖണ്ഡില്‍ നിര്‍മാണം നടന്നുകൊണ്ടിരുന്ന സില്‍ക്യാര ടണല്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകരുകയായിരുന്നു. ഈ സമയത്ത് പണിയിലുണ്ടായിരുന്ന 41 തൊഴിലാളികള്‍ ടണലില്‍ അകപ്പെടുകയായിരുന്നു. നീണ്ട 17 ദിവസത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണിവരെ ചൊവ്വാഴ്ച പുറത്തെത്തിച്ചത്.

content highlight : Workers rescued from Silkyara tunnel free of health problems: AIIMS doctors