ജാര്‍ഖണ്ഡ് ബി.ജെ.പിയില്‍ മീടൂ; എം.എല്‍.എ ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി ബി.ജെ.പി വനിതാ നേതാവ്
MeToo
ജാര്‍ഖണ്ഡ് ബി.ജെ.പിയില്‍ മീടൂ; എം.എല്‍.എ ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി ബി.ജെ.പി വനിതാ നേതാവ്
ന്യൂസ് ഡെസ്‌ക്
Saturday, 24th November 2018, 12:05 pm

 

റാഞ്ചി: ഭാഗ്മര എം.എല്‍.എ ഡുല്ലു മഹ്‌തോയ്‌ക്കെതിരെ മീ ടൂ ആരോപണവുമായി ബി.ജെ.പി ജാര്‍ഖണ്ഡ് യൂണിറ്റിലെ വനിതാ വിഭാഗം നേതാവ്. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 31ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പൊലീസും പാര്‍ട്ടിയും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

എം.എല്‍.എ അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് തന്റെ കവിളിലും അരയിലും മോശമായി സ്പര്‍ശിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. യുവതി തനിക്കെതിരെ നടന്ന അധിക്ഷേപം വിവരിക്കുന്നതിന്റെ വീഡിയോ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ ചാര്‍ജുള്ള മയൂര്‍ ശേഖര്‍ ഝായാണ് പുരത്തുവന്നത്.

Also Read:മുസ്‌ലിം വിദ്യാര്‍ഥികളോട് മാത്രം മതം രേഖപ്പെടുത്തണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍; വംശീയ ഡാറ്റ ശേഖരിക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

“ജാര്‍ഖണ്ഡ് ബി.ജെ.പിയിലെ മീ ടൂ മൂവ്‌മെന്റ്. പാര്‍ട്ടിയുടെ വനിതാ വിങ് നേതാവ് ആത്മാഹുതിക്കു ശ്രമിച്ചു. എം.എല്‍.എ ഡുല്ലു മഹ്‌തോയ്‌ക്കെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണമാണ് അവര്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിനുവേണ്ടി ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും അവളെ നിശബ്ദയാക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.” എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

“ഇതെന്റെ ആദ്യ മുന്നറിയിപ്പാണ്. എനിക്കു നീതി നല്‍കൂ, ഇല്ലെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോകും. എന്റെ മൂന്നാമത്തെ മുന്നറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിലായിരിക്കും.” എന്നാണ് വീഡിയോയില്‍ യുവതി പറയുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ എം.എല്‍.എ നിഷേധിച്ചു. തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

തനിക്കും ഭര്‍ത്താവിനും എതിരെ തുടര്‍ച്ചയായി വധഭീഷണികളുണ്ടെന്നും യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.