വനിതാ സംവരണ വാര്‍ഡില്‍ മത്സരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകന്‍; നാമനിര്‍ദേശ പത്രിക തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala Local Body Election 2020
വനിതാ സംവരണ വാര്‍ഡില്‍ മത്സരിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകന്‍; നാമനിര്‍ദേശ പത്രിക തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Saturday, 21st November 2020, 7:41 pm

കണ്ണൂര്‍: വനിതാ സംവരണ വാര്‍ഡില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ ബി.ജെ.പി പ്രവര്‍ത്തകന്റെ അപേക്ഷ തള്ളി റിട്ടേണിംഗ് ഓഫീസര്‍. കണ്ണൂര്‍ അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി. രാജീവനാണ് പത്രിക നല്‍കിയത്.

എന്നാല്‍, വെള്ളിയാഴ്ച നടന്ന സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിങ് ഓഫിസറായ സ്വപ്ന മേലൂക്കടവന്‍ പത്രിക തള്ളി.

നേരത്തെ പ്രായപൂര്‍ത്തിയാകാത്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ബി.ജെ.പിയുടെ നാമനിര്‍ദേശ പത്രികയും കണ്ണൂരില്‍ തള്ളിയിരുന്നു.

മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ നടപടി. സൂക്ഷ്മപരിശോധനയില്‍ വരണാധികാരി പത്രിക തള്ളിയതോടെയാണ് ഈ വിവരം പുറത്തായത്.

കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ പോത്തുകുണ്ടിലാണ് ‘പ്രായപൂര്‍ത്തി’യാകാത്ത ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത്.

പോത്തുകുണ്ട് സ്വദേശി രേഷ്മയായിരുന്നു സ്ഥാനാര്‍ത്ഥി. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് രേഷ്മയുടെ പ്രായം 20 വയസ്സാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം രേഷ്മയുടെ പത്രിക തള്ളിയെങ്കിലും ഇവരുടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് ബി.ജെ.പിയ്ക്ക് ആശ്വാസമായിട്ടുണ്ട്.

നേരത്തെ, ഇതേ പഞ്ചായത്തില്‍ മുസ്ലിം ലീഗിനുണ്ടായ വീഴ്ചയും ഏറെ ചര്‍ച്ചയായിരുന്നു. നടുവില്‍ പഞ്ചായത്തില്‍ വോട്ടില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ മുസ്ലിം ലീഗ് നടപടിയാണ് ചര്‍ച്ചയായത്. ഇതേ അനുഭവം ബി.ജെ.പിയ്ക്കുമുണ്ടായിട്ടുണ്ട്.

നടുവില്‍ പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ബി.ജെ.പിയും അതേ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ മുസ്ലിം ലീഗും പ്രചരണം തുടങ്ങിയശേഷമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടില്ലെന്ന കാര്യം അറിഞ്ഞത്.

ഇതേത്തുടര്‍ന്ന് ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മാറ്റിയിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Women Reservation BJP Men Activist Contest Kerala Local Body Election 2020