എ പി ഭവിത
എ പി ഭവിത
Governance and corruption
കോര്‍പ്പറേറ്റിന്റ പഞ്ചായത്ത് ഭരണം അഥവാ കിറ്റക്സിന് കീഴില്‍ കിഴക്കമ്പലത്ത് സംഭവിക്കുന്നത്
എ പി ഭവിത
Sunday 14th January 2018 6:23pm

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് മുന്നണി ഭരണത്തിനപ്പുറം മറ്റൊരു രാഷ്ടീയ പരീക്ഷണത്തിന് വേദിയായത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണം നടത്തുന്ന കേരളത്തില്‍ കിറ്റക്സ് എന്ന കോര്‍പ്പറേറ്റ് സ്ഥാപനം നേതൃത്വം കൊടുത്ത ചാരിറ്റബിള്‍ സൊസൈറ്റിയുടെ (ട്വന്റി -ട്വന്റി) സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 19 സീറ്റില്‍ 17 ഉം ട്വന്റി -ട്വന്റി നേടി. അതുവരെ പഞ്ചായത്ത് ഭരിച്ചിരുന്ന യു.ഡി.എഫ് ഒരു സീറ്റില്‍ ഒതുങ്ങി. എസ്.ഡി.പി.ഐയ്ക്കും കിട്ടി ഒരു സീറ്റ്.

ജനകീയ ഇടപെടലുകളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ട്വന്റി- ട്വന്റിക്കെതിരെ ഇന്ന് രണ്ട് സ്ത്രീകള്‍ സമരത്തിലാണ്. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണായിരുന്ന മാര്‍ഗരറ്റ് എബ്രഹാമും തെക്കേത്ത് പറമ്പില്‍ ഉഷയും.

പതിനഞ്ച് വര്‍ഷമായി കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് മാര്‍ഗരറ്റ് എബ്രഹാം. മൂന്ന് വര്‍ഷമായി സി.ഡി.എസ് ചെയര്‍പേഴ്സണുമാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ മാര്‍ഗരറ്റ്. പുതിയ ഭരണസമിതി അധികാരത്തില്‍ വന്നതിനുശേഷം നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നുവെന്ന് അവര്‍ പറയുന്നു. ‘തെരഞ്ഞെടുപ്പിനുള്ള ഫോറം വിതരണത്തിനിടെ അവരുടെ ആളുകള്‍ കായികമായി നേരിട്ടതിനെത്തുടര്‍ന്ന് ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു.’ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ പ്രശ്നങ്ങളില്ലായിരുന്നുവെന്നും സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ അധികാരം പിടിച്ചപ്പോഴാണ് പ്രശ്നം തുടങ്ങിയതെന്നും മാര്‍ഗരറ്റ് പറയുന്നു. ‘അവര്‍ പറയുന്നതനുസരിച്ച് അവരുടെ കീഴില്‍ നില്‍ക്കാനാണ് പറയുന്നത്. അങ്ങനെയെങ്കില്‍ മാത്രം രക്ഷപ്പെടാം എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് പറഞ്ഞത്. ഇല്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നശിപ്പിച്ച് നിലംപരിശാക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.’

മാര്‍ഗരറ്റ് എബ്രഹാം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍

 

പേടിയോടെയാണ് ഓഫീസില്‍ പോയിരുന്നതെന്നും പതിനേഴ് മെമ്പര്‍മാരും ചേര്‍ന്ന് തന്നെ നേരിട്ട് ആക്രമിച്ചിട്ടുണ്ടെന്നും മാര്‍ഗരറ്റ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, എ.ഡി.ജി.പി സന്ധ്യ, പട്ടിമറ്റം പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയതിന് ശേഷമാണ് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് കുറഞ്ഞതെന്നും മാര്‍ഗരറ്റ് കൂട്ടിച്ചേര്‍ത്തു. ‘കുടുംബശ്രീ പിടിച്ചെടുത്ത് കിഴക്കമ്പലത്തെ എല്ലാം അവരുടേതാക്കാനാണ് ശ്രമം. രാജഭരണമോ ബ്രിട്ടീഷ് ഭരണമോ പോലെയാകും ഇവിടെ.’

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജേക്കബ് പറയുന്നത്. സി.ഡി.എസ് പഞ്ചായത്തിനെതിരെ നീക്കം നടത്തുകയാണെന്നും പൊലീസും അധികാരവും ഉപയോഗിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ജേക്കബ് പറയുന്നു. ‘ട്വന്റി -ട്വന്റി ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ല. കോടതിയെ സമീപിച്ച് അനുകൂല വിധി കിട്ടിയിട്ടുണ്ട്. പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് കോടതി പറഞ്ഞത്. സി.ഡി.എസും പഞ്ചായത്ത് ഭരണസമിതിയുമായി രണ്ട് വര്‍ഷമായി യോജിപ്പിലല്ല. കുടുംബശ്രീ ഞങ്ങളുടെ കൂടെയായിരുന്നു. ട്വന്റി-ട്വന്റി അധികാരത്തിലേറിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല.’ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ അത് നടപ്പാക്കാന്‍ അവര്‍ തയ്യാറായില്ല. പദ്ധതികളുടെ പേരില്‍ സബ്സിഡിയിനത്തില്‍ കൈപ്പറ്റിയ തുകയെ അന്വേഷിച്ചപ്പോഴാണ് തര്‍ക്കം തുടങ്ങിയതെന്നും ജേക്കബ് ആരോപിക്കുന്നു.

അതേസമയം പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാദങ്ങളില്‍ കഴമ്പില്ലെന്നാണ് മാര്‍ഗരറ്റ് വിശദീകരിക്കുന്നത്. കുടുംബശ്രീയിലെ അംഗങ്ങള്‍ക്കായി ഹോട്ടല്‍ നടത്തുന്നതിനായി ലോണ്‍ എടുത്തിരുന്നു. പത്ത് അംഗങ്ങള്‍ ഉള്ളതില്‍ എട്ടു പേര്‍ കിറ്റക്സിന്റെ അന്നയില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഹോട്ടല്‍ തുടങ്ങിയപ്പോള്‍ അവരാരും സഹകരിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരു ലക്ഷം രൂപ ലോണും ഒരു ലക്ഷം പഞ്ചായത്തിന്റെ സബ്സിഡിയും വാങ്ങിയാണ് ഹോട്ടല്‍ ആരംഭിച്ചത്. ഇതില്‍ 1,68000 രൂപ തിരിച്ചടച്ചു. അധികമായി തുക ബാങ്ക് വാങ്ങിയെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ എവിടെയാണ് പണം മുക്കിയത് ?’ ഹോട്ടല്‍ നടത്തിക്കൊണ്ടപോകാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും മാര്‍ഗരറ്റ് പറയുന്നു.

ഉഷയുടെ വീട്

 

പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് ഉഷയെന്ന ദളിത് സ്ത്രീയും രംഗത്തെത്തിയിട്ടുണ്ട്. ഭരണ സമിതി വാഗ്ദാന ലംഘനം നടത്തിയെന്നും പഞ്ചായത്ത് മെമ്പര്‍ കൈയ്യേറ്റം ചെയ്‌തെന്നും ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഉഷ. പഞ്ചായത്തിലെ റോഡ് വികസനത്തിനായി ഉഷയുടെ 25 സെന്റ് ഭൂമിയിലെ മൂന്ന് സെന്റ് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച് മകനുമായി ജീവിക്കുന്ന ഉഷയോട് ഭൂമി വിട്ടു നല്‍കിയാല്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ സ്ഥലം വിട്ടു നല്‍കിയെങ്കിലും വീട് നിര്‍മ്മിച്ച് നല്‍കിയില്ലെന്ന് ഉഷ പറയുന്നു. ‘നാലര മീറ്ററുള്ള റോഡ് ആറ് മീറ്ററാക്കുന്നതിനാണ് സ്ഥലം നല്‍കാന്‍ പറഞ്ഞത്. പിന്നീട് അത് എട്ട് മീറ്റര്‍ ആക്കി. ഇത്രയും സ്ഥലം ഏറ്റെടുക്കുകയാണെങ്കില്‍ വീട് വെച്ച് തരണമെന്ന് പറഞ്ഞു. വീട് ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുകയായിരുന്നു. രണ്ട് ബെഡ് റൂം ഉള്ള വീട് വെച്ചു തരാമെന്ന് ട്വന്റി – ട്വന്റി ഉറപ്പ് നല്‍കി. കോ-ഓഡിനേറ്ററും പഞ്ചായത്ത് മെമ്പറുമാണ് ഉറപ്പു നല്‍കിയത്.’ ഉഷ വിശദീകരിക്കുന്നു.

എന്നാല്‍ പിന്നീടാണ് പഞ്ചായത്ത്, നിലപാടില്‍ മലക്കം മറിയാന്‍ തുടങ്ങിയതെന്നും ഉഷ ആരോപിക്കുന്നു. വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന മൂന്നുലക്ഷം രൂപ ട്വന്റി-ട്വന്റിയ്ക്ക് നല്‍കണമെന്നായി വ്യവസ്ഥ. ‘ഒരാള്‍ മാത്രമാണ് താമസിക്കാനുള്ളതെന്നും ഒറ്റമുറി വീട് വെച്ചു തരാമെന്നുമായി പിന്നീട്. എന്നാല്‍ റോഡിന് സ്ഥലം നല്‍കുന്നതിന് പണം നല്‍കിയാല്‍ മതിയെന്ന് ഞാന്‍ അവരോട് പറഞ്ഞു. വിട്ടു കൊടുത്ത സ്ഥലം തിരികെ എടുത്തപ്പോള്‍ കോ-ഓര്‍ഡിനേറ്ററും വാര്‍ഡ് മെമ്പര്‍ ഷിബു പോളുമെത്തി പ്രശ്നമുണ്ടാക്കി. കേസായി. എന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു. കൈയ്യറ്റം ചെയ്യുകയുമുണ്ടായി’.

പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ ഉഷ ഭൂമി തിരിച്ചുപിടിക്കുകയായിരുന്നു. പഞ്ചായത്ത് മെമ്പര്‍മാര്‍ ഉള്‍പ്പെടെ കൈയേറ്റം ചെയ്തെന്ന ഉഷയുടെ പരാതി പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുകയാണ്. പഞ്ചായത്ത് മെമ്പര്‍ ഷിബുപോളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കിറ്റക്സിന്റെ രാഷ്ടീയവും പഞ്ചായത്ത് ഭരണവും-

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തോടെ രാഷ്ട്രീയ ഭരണത്തിനു അന്ത്യം കുറിച്ച് അധികാരത്തിലേറിയതാണ് ട്വന്റി -ട്വന്റി. കമ്പനി നിയമം ഭേദഗതി ചെയ്തപ്പോള്‍ ആയിരം കോടി രൂപ വിറ്റുവരവോ അഞ്ഞൂറ് കോടി രൂപ അറ്റാദായമോ അഞ്ച് രൂപയില്‍ അധികം ലാഭമോ ഉള്ള സ്ഥാപനങ്ങള്‍ അതിന്റെ രണ്ട് ശതമാനം സാമൂഹ്യ ഉത്തരവാദിത്വത്തിനായി ചെലവഴിക്കണം എന്ന് വന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന പ്രദേശത്താണ് ഈ തുക ചിലവഴിക്കേണ്ടത്. കമ്പനിക്ക് നേരിട്ട് ചെയ്യാമെന്ന് 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടം അനുമതി നല്‍കി. ട്രസ്റ്റോ ചാരിറ്റബിള്‍ സൊസൈറ്റിയോ ആയി രൂപീകരിച്ചാല്‍ മതി.

 

സാബു എം. ജേക്കബ്

 

1968 ല്‍ സ്ഥാപിച്ച കിറ്റക്സ് എന്ന സ്ഥാപനം ഈ ചട്ടത്തെ കൂട്ടുപിടിച്ചാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. 2013 ല്‍ ട്വന്റി – ട്വന്റി എന്ന ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു. കിറ്റക്സ് കമ്പനി, മാലിന്യം ഉണ്ടാക്കുന്നതായി കാണിച്ച് പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചിരുന്നു. കേസ് കേരള ഹൈക്കോടതിയിലും എത്തി. കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയപ്പോഴാണ് പഞ്ചായത്ത് ഭരണ സമിതി അതിന് തയ്യാറായത്. കേസ് ദേശീയ ഹരിത ട്രൈബ്യൂണലിലും എത്തി. പൊതു കിണര്‍ കുഴിക്കാനുള്ള കമ്പനിയുടെ അപേക്ഷയും ഭരണ സമിതി അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ട്വന്റി- ട്വന്റിയുടെ പിറവി. കിറ്റക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ സാബു. എം. ജേക്കബും സഹോദരന്‍ ബോബന്‍ ജേക്കബും ചേര്‍ന്നാണ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വിജയം നേടി.

പഞ്ചായത്തില്‍ ട്വന്റി- ട്വന്റി നടത്തിയ ആശ്വാസ പദ്ധതികളാണ് തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായത്. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് പട്ടികജാതി കോളനിയിലേക്ക് കുടിവെള്ളവും വൈദ്യുതിയും നല്‍കി. ചികിത്സാ സഹായത്തിനൊപ്പം സൗജന്യ ഭക്ഷണ വിതരണവും നടത്തി. കൂടാതെ കമ്പനിയുടെ നേതൃത്വത്തില്‍ സര്‍വ്വെ നടത്തി ജനങ്ങള്‍ക്ക് നാല് തരം കാര്‍ഡുകള്‍ നല്‍കി. 8600 കുടുംബങ്ങള്‍ക്കാണ് തുടക്കത്തില്‍ ഇതിന്റെ ആനുകൂല്യം ലഭിച്ചത്. സബ്സിഡി നിരക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ നല്‍കുകയായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ അധികാരത്തിലെത്തിയ ട്വന്റി- ട്വന്റി ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പക്ഷപാതം കാണിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

 

‘പത്തൊമ്പത് വാര്‍ഡില്‍ രണ്ട് വാര്‍ഡില്‍ മാത്രമാണ് ഇപ്പോള്‍ കാര്‍ഡ് നല്‍കാത്തത്. കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമാണ് ഭക്ഷ്യ വസ്തുക്കള്‍ കിട്ടുക. കിഴക്കമ്പലം പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും അര്‍ഹതപ്പെട്ട ആനുകൂല്യമാണിത്. സി.എസ്.ആര്‍ ഫണ്ടാണ് ഇതിനായി വിനിയോഗിക്കുന്നത് എന്ന് അവരുടെ ബില്ലില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അവരോടൊപ്പം നില്‍ക്കുന്നവര്‍ക്കായി ഈ ആനുകൂല്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്’. സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ജിന്‍സ് പറയുന്നു.

എന്നാല്‍ പഞ്ചായത്തും കാര്‍ഡുമായി ബന്ധമില്ലെന്നാണ് പ്രസിഡന്റ് കെ.വി ജേക്കബിന്റെ വാദം. പഞ്ചായത്തിന്റെ എല്ലാ ആനുകൂല്യങ്ങളും എല്ലാവര്‍ക്കും നല്‍കുന്നുണ്ടെന്നും ജേക്കബ് പ്രതികരിച്ചു. അതേസമയം ഉഷയ്ക്കും മാര്‍ഗരറ്റിനും നേരേയുള്ള അതിക്രമത്തിനെതിരെ യോജിച്ച സമരത്തിനൊരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.
Advertisement