സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടെയോ അടിമകളല്ല: ഹൈക്കോടതി
Kerala News
സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടെയോ അടിമകളല്ല: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th October 2023, 9:03 pm

കൊച്ചി: സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മുടെയോ അടിമകളല്ല എന്ന് ഹൈക്കോടതി. വിവാഹമോചന കേസില്‍ തൃശൂര്‍ കുടുംബകോടതിയുടെ നിരീക്ഷണങ്ങളെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ദാമ്പത്യ തര്‍ക്കങ്ങളും ഭര്‍തൃ കുടുംബത്തിലെ പീഡനങ്ങളും ചൂണ്ടിക്കാട്ടി യുവതി സമര്‍പ്പിച്ച വിവാഹമോചന ഹരജി നേരത്തെ തൃശൂര്‍ കുടുംബകോടതി തള്ളിയിരുന്നു.

എന്നാല്‍ വിഷയത്തില്‍ അമ്മയും ഭര്‍തൃ മാതാവും പറയുന്നത് ഭാര്യ കേള്‍ക്കണമെന്ന് തൃശൂര്‍ കുടുംബകോടതി ഉത്തരവില്‍ ആവശ്യപ്പെട്ടതായി ഭര്‍ത്താവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഉത്തരവിനെ നിയമപരമായി നിരീക്ഷിച്ച ശേഷം ഒരു സ്ത്രീയുടെ തീരുമാനങ്ങള്‍ അമ്മയുടെയോ ഭര്‍തൃ മാതാവിന്റെയോ തീരുമാനങ്ങളെക്കാള്‍ താഴ്ന്നതായി കണക്കാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ജസ്റ്റിസിന്റെ മറുപടി.

ദമ്പതികളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാക്കി കുടുംബജീവിതത്തിന്റെ വിശുദ്ധി നിലനിര്‍ത്തണമെന്നുള്ള തൃശൂര്‍ കുടുംബകോടതിയുടെ ഉത്തരവില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പുരുഷാധിപത്യപരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

തര്‍ക്കങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ കഴിയുന്നതാണെന്നുള്ള എതിര്‍ഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളുകയും യുവതിക്ക് സമ്മതം ഉണ്ടെങ്കില്‍ മാത്രമേ പുറത്തുള്ള ഒത്തുതീര്‍പ്പിന് നിര്‍ദേശം നല്‍കുകയുള്ളൂ എന്നും ജസ്റ്റിസ് വ്യക്തമാക്കി.

‘പുരുഷാധിപത്യമെന്ന കാതല്‍ സമൂഹത്തില്‍ ഇപ്പോഴും നിലനിക്കുന്നു. എന്നാല്‍ 2023ലെ ധാര്‍മികത ഇതല്ല. ഇത്തരമൊരു അവസ്ഥയോട് എനിക്ക് ഖേദം തോന്നുന്നു,’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

തൃശ്ശൂര്‍ കുടുംബക്കോടതി കേസ് തള്ളിയതിന് പിന്നാലെ സ്വന്തം വീടിന് സമീപത്തുള്ള കൊട്ടാരക്കര കുടുംബകോടതിയില്‍ യുവതി വീണ്ടും ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജോലിസ്ഥലമായ മാഹിയില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോയിവരുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് തലശ്ശേരിയിലേക്ക് കേസ് മാറ്റണമെന്ന് യുവതി ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിടയിലാണ് തൃശ്ശൂര്‍ കുടുംബക്കോടതിയെ ഹൈക്കോടതി വിമര്‍ശിച്ചത്.

 

Content Highlight: Women are not slaves of their mothers or mother-in-law: Kerala High Court