എഡിറ്റര്‍
എഡിറ്റര്‍
ട്രംപിനെതിരെ ലൈംഗിക അതിക്രമ ആരോപണമുയര്‍ത്തിയ സ്ത്രീകളെല്ലാം കള്ളംപറയുകയാണെന്ന് വൈറ്റ് ഹൗസ്
എഡിറ്റര്‍
Saturday 28th October 2017 9:02am

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച സ്ത്രീകളെല്ലാം കള്ളം പറയുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ശാറാ ഹക്ബീ സാന്റേഴ്‌സ്. ട്രംപ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു അവരുടെ ന്യായവാദം.

ട്രംപിനെതിരെ ആരോപണം ഉന്നയിച്ച 16 സ്ത്രീകളും കള്ളം പറയുകയാണെന്നാണോ വൈറ്റ് ഹൗസ് പറയുന്നതെന്ന് സി.ബി.സി ന്യൂസ് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘അതെ തുടക്കംമുതല്‍ തന്നെ ഞങ്ങള്‍ക്കിതു വ്യക്തമായിരുന്നു. പ്രസിഡന്റ് ഇക്കാര്യം പറയുകയും ചെയ്തതാണ്’ എന്നതായിരുന്നു സാറയുടെ പ്രതികരണം.

ട്രംപ് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്ത്രീകളുടെ ആരോപണം. ഇത് വ്യാജവാര്‍ത്തയാണെന്നു പറഞ്ഞ് ട്രംപ് നേരത്തെ നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ഇതുവരെ നടപടികളൊന്നും എടുത്തിട്ടുമില്ല.

ഇതിനെതിരെ ട്രംപിനെതിരെ ആരോപണം ഉന്നയിച്ച ചില യുവതികള്‍ രംഗത്തുവരികയും ചെയ്തിരുന്നു. ‘എല്ലാം ട്രംപ് മൂടിവെച്ചു. ഇത് വളരെ നിരാശാജനകമാണ്’ എന്നാണ്1980കളില്‍ വിമാനത്തില്‍വെച്ച് ട്രംപ് അധിക്ഷേപിച്ചു എന്നാരോപിച്ച ജസിക ലീഡ്‌സ് എന്ന യുവതി പറഞ്ഞത്.


Also Read: പാര്‍ട്ടിയെ തള്ളിപ്പറഞ്ഞെങ്കിലും സിന്ധുവിനെ പാര്‍ട്ടി കൈവിട്ടില്ല; സിന്ധു ജോയിക്ക് പാസ്‌പോര്‍ട്ട് ശരിയാക്കികൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസ്


2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രീകളുടെ അനുമതിയില്ലാതെ അവരെ തൊടാറുണ്ടെന്ന് ട്രംപ് പൊങ്ങച്ചം പറയുന്നതിന്റെ വീഡിയോ പുറത്തായിരുന്നു. ഹോളിവുഡ് പ്രൊഡ്യൂസര്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങള്‍ വലിയ ചര്‍ച്ചയായതോടെ ട്രംപിനെതിരായ ആരോപണങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നത്.

സിനിമാ മേഖലയില്‍ നിന്നുള്ള സ്ത്രീകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളായതുകൊണ്ടാണ് വെയ്ന്‍സ്റ്റീനെതിരായ ആരോപണങ്ങളില്‍ നടപടിയുണ്ടാവുന്നതെന്ന് ട്രംപിനെതിരെ പരാതി പറഞ്ഞ യുവതികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. ‘വെയ്ന്‍സ്റ്റീനെതിരെ ആരോപണമുയര്‍ത്തിയ യുവതികളില്‍ പലരും നടിമാരാണ്. അതുകൊണ്ടാണ് അവരുടെ കഥകളില്‍ നടപടിയുണ്ടാവുന്നത്. സാധാരണക്കാരായ സ്ത്രീകള്‍ ഇതെല്ലാം സഹിക്കണം എന്ന നിലയിലാണ് കാര്യങ്ങള്‍’ ട്രംപ് തന്നെ ആദ്യമായി കണ്ടപ്പോള്‍ ബലംപ്രയോഗിച്ച് ചുംബിച്ചു എന്ന ആരോപണവുമായി കഴിഞ്ഞവര്‍ഷം രംഗത്തുവന്ന കാതി ഹെല്ലര്‍ പറയുന്നു.

Advertisement