വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയ്‌ക്കെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ക്യാംപയിന്‍
kERALA NEWS
വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ സദാചാര ഗുണ്ടാ ആക്രമണം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയ്‌ക്കെതിരെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ക്യാംപയിന്‍
ന്യൂസ് ഡെസ്‌ക്
Thursday, 5th December 2019, 8:36 am

തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ നടന്ന സദാചാര ഗുണ്ടാ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കേരളത്തിലെ വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് ക്യാംപയിന്‍.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തക, സ്വന്തം കുട്ടികളുടെ മുന്നില്‍ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം നേരിട്ട വിവരത്തില്‍ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ ഇരയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കു വെക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്റെ ക്രിമിനല്‍ സ്വഭാവം മാധ്യമ പ്രവര്‍ത്തകരില്‍ അരക്ഷിത ബോധം ഉണ്ടാക്കുന്നുവെന്നും രാധാകൃഷ്ണന്റെ അപവാദ പ്രചരണങ്ങള്‍ തങ്ങളുടെ സുഹൃത്തിനെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴില്‍ എടുക്കുന്നവരാണ് തങ്ങളെന്നും ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യര്‍ത്ഥിക്കുന്നതായും പോസ്റ്റില്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകരായ സ്മൃതി പരുത്തിക്കാട്, ഷാനി പ്രഭാകരന്‍, ഷാഹിന നഫീസ, അപര്‍ണ തുടങ്ങി ധാരാളം പേരാണ് ക്യാംപയിനുമായി മുന്നിട്ടിറങ്ങിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

ഞങ്ങള്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍, ഞങ്ങളുടെ സുഹൃത്തിനു നേരിട്ട, അനുഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല.

ഒരു മാധ്യമ പ്രവര്‍ത്തക, സ്വന്തം കുഞ്ഞുങ്ങളുടെ ( ഏഴും എട്ടും വയസു മാത്രം പ്രായമുള്ള) മുന്നില്‍ രാത്രി സമയം നേരിട്ട സദാചാര ഗുണ്ടാ ആക്രമണം അങ്ങും അറിഞ്ഞിരിക്കുമല്ലോ.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ ഈ സംഭവത്തിലൂടെ വെളിവാക്കിയ ക്രിമിനല്‍ സ്വഭാവം ഞങ്ങള്‍ ഓരോരുത്തരിലും അരക്ഷിത ബോധം ഉളവാക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ അതിനേക്കാള്‍ നടുക്കം ഉണ്ടാക്കുന്നതാണ് ഞങ്ങളുടെ സുഹൃത്തിനെ മാനസികമായി പൂര്‍ണമായും തകര്‍ക്കുന്ന തരത്തിലെ അയാളുടെ അപവാദ പ്രചാരണങ്ങള്‍. എഫ്.ഐ.ആര്‍ എടുത്ത ജാമ്യമില്ലാ കേസ് നില നില്‍ക്കുമ്പോള്‍ തന്നെ രാധാകൃഷ്ണന്‍ ഞങ്ങളുടെ സുഹൃത്തിനെയും അവരെ പിന്തുണയ്ക്കുന്നവരെയും അങ്ങേയറ്റം അപഹസിച്ച് നിന്ദ്യമായ കഥകള്‍ ഇറക്കിയിട്ടുണ്ട് (അയാള്‍ അയച്ച മെയില്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും )

രാധാകൃഷ്ണന്റെയും സത്യം അറിയാന്‍ ശ്രമിക്കാതെ അയാളെ പിന്തുണയ്ക്കുന്നവരുടെയും വാദങ്ങള്‍ കാണുമ്പോള്‍ പ്രതികരിക്കുന്ന സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചു ഞങ്ങള്‍ വീണ്ടും ഉത്കണ്ഠപ്പെടുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഏതു മേഖലയിലെയും അനീതി തുറന്നു കാട്ടി തൊഴില്‍ എടുക്കുന്നവരാണ് ഞങ്ങള്‍. ഈ വിഷയത്തിലെ ഞങ്ങളുടെ ശബ്ദം സമൂഹത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ്.

ഈ കേസ് ഒട്ടും ദിശ തെറ്റാതെ കൃത്യവും നീതി പൂര്‍വവുമായ അന്വേഷണത്തിലൂടെ, ഏറ്റവും കടുത്ത മാനസിക പീഡനത്തിനും അപമാനത്തിനും ഇരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കപ്പെടണം എന്നു അഭ്യര്‍ത്ഥിക്കുന്നു.