എഡിറ്റര്‍
എഡിറ്റര്‍
ആധാറിനെച്ചൊല്ലി വീണ്ടും റേഷന്‍ നിഷേധിച്ചു; യോഗിയുടെ യു.പിയില്‍ വീട്ടമ്മ പട്ടിണി കിടന്ന് മരിച്ചു
എഡിറ്റര്‍
Wednesday 15th November 2017 11:34pm


ബറേലി: ജാര്‍ഖണ്ഡില്‍ ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് പട്ടിണി കിടന്ന് പതിനൊന്നുകാരി മരിച്ചതിനു പിന്നാലെ യു.പിയിലും പട്ടിണി മരണം. ആധാര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതു മൂലം ഉത്തര്‍പ്രദേശിലെ ബറേലിയില്‍ അമ്പതുകാരിയാണ് പട്ടിണികിടന്ന് മരിച്ചത്.

റേഷന്‍ കടയില്‍ വിരലടയാളം പതിപ്പിക്കാന്‍ സ്ത്രീ നേരിട്ട് എത്താത്തതു മൂലം ഇവരുടെ ഭര്‍ത്താവിനു വ്യാപാരി റേഷന്‍ നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നായിരുന്നു മരണം. അഞ്ചുദിവമായി അസുഖബാധിതയായി കിടന്നിരുന്ന സകിനയാണ് ഭക്ഷണം കിട്ടാതെ വന്നതിനെത്തുടര്‍ന്ന് മരണപ്പെട്ടത്.


Dont Miss: മുഖ്യമന്ത്രിയുടെ ബന്ധുവിനെ ചികിത്സിക്കാനായി ആശുപത്രിയിലെ ഒരു നിലമുഴുവന്‍ ഒഴിപ്പിച്ചു; ആശുപത്രിക്ക് അഭിമാന നിമിഷമെന്ന് മന്ത്രി


ബയോമെട്രിക് പട്ടികയില്‍ വിരലടയാളം പതിക്കാന്‍ ഭര്‍ത്താവിനൊപ്പം ഭാര്യ എത്തിയില്ലെന്നു പറഞ്ഞാണ് വ്യാപാരി റേഷന്‍ നിഷേധിച്ചതെന്ന് ഇവരുടെ ഭര്‍ത്താവ് ഇഷാഖ് അഹമ്മദ് ആരോപിച്ചു.

അസുഖ ബാധിതയായതിനെത്തുടര്‍ന്നാണ് ഇവര്‍ക്ക് ഭര്‍ത്താവിനൊപ്പം കടയില്‍ പോകാന്‍ കഴിയാതിരുന്നത്. വ്യാപാരി റേഷനും നിഷേധിച്ചതോടെ പാചകത്തിനു ഇവരുടെ വീട്ടില്‍ ഒന്നുമില്ലാതെ വരികയായിരുന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

 


Also Read: ‘ഞാനാണിവിടെ അധികാരി’; ഈജിപ്ത്- സുഡാന്‍ ബോര്‍ഡറില്‍ അവകാശികളില്ലാതെ കിടന്ന സ്ഥലത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍


മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്നും ഇവരുടെ കുടുംബം വളരെ ദരിദ്രരാണെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് എ.എന്‍.ഐയോട് പറഞ്ഞു.

ആധാര്‍ പൊതുവിതരണ സമ്പ്രദായവുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് രാജ്യത്തു നടന്ന നിരവധി മരണങ്ങളില്‍ അവസാനത്തേതായി മാറിയിരിക്കുകയാണ് സകിനയെന്ന വീട്ടമ്മയുടെ മരണം. സെപ്റ്റംബര്‍ 28നു ജാര്‍ഖണ്ഡിലെ സിംഡേഗ ജില്ലയിലായിരുന്നു പതിനൊന്നുകാരിയുടെ പട്ടിണി മരണം.

ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ കുടുംബത്തിന്റെ പേര് റേഷന്‍ ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്ന് മാസങ്ങോളം പട്ടിണി കിടന്നായിരുന്നു സന്തോഷി കുമാരിയെന്ന കുട്ടിയുടെ മരണം. എന്നാല്‍ കുട്ടി മലേറിയ മൂലം മരിച്ചെന്നായയിരുന്നു അധികൃതരുടെ ഭാഷ്യം.

 

Advertisement