വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു
Kerala News
വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th July 2021, 8:22 am

അഞ്ചാലുംമൂട് : വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവില്‍ ജങ്ഷനുസമീപമുള്ള വീട്ടില്‍ ഇവര്‍ അവശനിലയില്‍ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്സ് മാര്‍ഗ്രരറ്റ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്.

പൊലീസ് ബീറ്റ് ഓഫീസര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചു.

മൃതദേഹം ഏറ്റുവാങ്ങാനായി ഗണേശന്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മൃതദേഹപരിശോധനയ്ക്കായി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുടെ ഭര്‍ത്താവ് മണിലാല്‍ ജോസ് മറ്റൊരുവീട്ടിലാണ് താമസം. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ദേവരാജന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

ഫോട്ടോ കടപ്പാട്: മാതൃഭൂമി

Content Highlights:  Woman found unconscious in shelf died