അട്ടപ്പാടി മധുകേസ്: സാക്ഷി വീണ്ടും കൂറുമാറി; പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് മൊഴി നല്‍കിയതെന്ന് വിശദീകരണം
Kerala News
അട്ടപ്പാടി മധുകേസ്: സാക്ഷി വീണ്ടും കൂറുമാറി; പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് മൊഴി നല്‍കിയതെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th June 2022, 3:40 pm

തിരുവനന്തപുരം: അട്ടപ്പാടി മധുകേസില്‍ സാക്ഷി വീണ്ടും കൂറുമാറി. പതിനൊന്നാം സാക്ഷി ചന്ദ്രനാണ് കൂറുമാറിയത്. മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും മാറ്റി. പൊലിസ് ഭീഷണിക്ക് വഴങ്ങി ആണ് ആദ്യം മൊഴി നല്‍കിയതെന്ന് ചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.

ഇതോടെ രണ്ടു പ്രോസികൂഷ്യന്‍ സാക്ഷികളാണ് കൂറുമാറിയത്. ഇന്നലെ പത്താം സാക്ഷി ഉണ്ണികൃഷ്ണനും കൂറുമാറിയിരുന്നു. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നല്‍കിയത് എന്നാണ് ഉണ്ണിക്കൃഷ്ണനും കേടതിയില്‍ വിശദീകരണം നല്‍കിയത്.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതില്‍ മധുവിന്റെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്.

കേസില്‍ തുടക്കം മുതല്‍ സര്‍ക്കാറിന് വീഴ്ച സംഭവിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ടുമാസം മുന്‍പ് വി.ടി രഘുനാഥ് കത്ത് നല്‍കിയിട്ടും പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല.

തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി നടപടികള്‍ ആരംഭിക്കുകയായിരുന്നു.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി മധുവിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപവരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം ആരോപിച്ചിരുന്നു.

സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ടുവന്നത്.

Content Highlights: Witness in Attappadi Madhu case again turned a deaf ear, The statement given to the magistrate was also changed