kERALA NEWS
"ഇതിന് മുമ്പ് ഇത്രയും സ്പീഡ് ഞാന്‍ കണ്ടിട്ടില്ല, വണ്ടിയോടിച്ചത് പുരുഷന്‍"; ശ്രീറാം വെങ്കട്ടരാമനെതിരെ വീണ്ടും മൊഴി
ന്യൂസ് ഡെസ്‌ക്
Saturday, 3rd August 2019, 3:56 pm

തിരുവനന്തപുരം: വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമനെതിരെ വീണ്ടും സാക്ഷിമൊഴി. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും വണ്ടിയോടിച്ചത് ശ്രീറാം വെങ്കട്ടരാമനായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാരക്കാരനായ ജിത്തു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജിത്തുവിന്റെ വാക്കുകളിലേക്ക്:-

ഞാന്‍ വണ്ടിയോടിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു. ആ സമയത്താണ് പിറകില്‍ നിന്ന് ഈ വണ്ടി വരുന്നത്. നല്ല സൗണ്ടും നല്ല ഹോണും ഉണ്ടായിരുന്നു. സ്പീഡ് കാരണം വണ്ടി ഞാന്‍ സൈഡിലോട്ട് മാറ്റി. എന്റെ മുന്നില്‍ 10-20 മീറ്ററിലായിട്ട് ഒരാളു കൂടി ഉണ്ടായിരുന്നു. ഹിറ്റ് ചെയ്തു ഹിറ്റ് ചെയ്തില്ല എന്ന നിലയിലാണ് വണ്ടി പോകുന്നത്, വണ്ടി നേരെ പോയതും പുള്ളിയെ ഇടിക്കുന്നത് ബാക്ക് സൈഡ് കൊണ്ടാണ്. ഫ്രണ്ട് സൈഡ് നേരെ പോസ്റ്റില്‍ പോയി ഇടിക്കുകയാണ് ചെയ്യുന്നത്.

പോസ്റ്റിലിടിച്ച് കാറ് ഫുള്ള് ഡാമേജ് ആയി. ഫ്രണ്ട് ഭാഗം ഫുള്‍ ഡാമേജ് ആയി. അപ്പോഴേക്കും ഞാന്‍ വണ്ടിയൊതുക്കി, രണ്ടുപേരും സ്‌പോട്ടില്‍ കഴിഞ്ഞു എന്നാണ് കരുതിയത്, ആ രീതിയിലാണ് ഇടിച്ചത്.

ഞാന്‍ ആക്ടീവയില്‍ നിന്നിറങ്ങി കാറിനടുത്തേക്ക് പോയപ്പോഴേക്ക് രണ്ട് പേരും അകത്ത് അനക്കമുണ്ട്. എയര്‍ബാഗ് രണ്ടും ഫുള്ളായിട്ട് ഇങ്ങനെയിരിക്കുകയാണ്. അപ്പോ പുള്ളി കാറില്‍ നിന്നിറങ്ങി വന്ന് ആ മറ്റേയാള്‍ക്ക് എന്തുപറ്റിയെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു പുള്ളിയതാ അവിടെ കിടപ്പുണ്ടെന്ന് പറഞ്ഞു.

അങ്ങനെ പുള്ളി പെട്ടെന്ന് വന്ന് ആ ബോഡി അങ്ങോട്ടെടുത്ത് എന്തെങ്കിലും ചെയ്യാന്‍ വേണ്ടി നോക്കിയപ്പോ ആ സമയത്ത് ഒരു ഓട്ടോ പോലും ഇല്ല. ഞാന്‍ മാത്രൊള്ളു. എന്നോട് പറഞ്ഞു ആക്ടീവയില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ആക്ടീവ കണ്ടീഷന്‍ അല്ല എന്ന പറഞ്ഞു. അങ്ങനെ ലേഡി എന്നോടു എന്തെങ്കിലും ചെയ്യൂ ഒന്ന് സേവ് ചെയ്യൂ എന്ന് പറഞ്ഞു.

പുള്ളിക്ക് ക്രിട്ടിക്കല്‍ സ്റ്റേജാണ്, വായില്‍കൂടിയൊക്കെ ബ്ലഡ് വരുന്നുണ്ടായിരുന്നു. ഒരു പത്തിരുപത് മിനിറ്റ് വരെ ആരുമില്ലായിരുന്നു അവിടെ. പൊലീസുകാരവിടെ കണ്ടോണ്ടിരിക്കുകയായിരുന്നു. എന്നോട് വന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു. കാരണം ഞാനതിലൂടെ പാസ് ചെയ്ത് പോയതായിരുന്നു.

ഞാന്‍ പറഞ്ഞു എനിക്ക് കുഴപ്പമൊന്നുമില്ല. അങ്ങനെ പൊലീസുകാര് വന്ന് പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് ആംബുലന്‍സ് വന്നു. ആംബുലന്‍സ് വന്ന് പുള്ളിക്കാരനെ കയറ്റികൊണ്ട് വന്നതായിട്ടാണ് ഞാന്‍ കണ്ടത്.

മുന്‍സീറ്റില്‍ പുരുഷനായിരുന്നു. ഒരു സൈഡില്‍ ലേഡിയുമുണ്ടായിരുന്നു. എന്നോട് എന്തെങ്കിലും പറ്റിയോ എന്ന ചോദിച്ചു ഞാന്‍ പറഞ്ഞു. എന്നെയല്ല ഹിറ്റ് ചെയ്തത് വേറെയാളെ ആണെന്ന് പറഞ്ഞു.

നല്ല സ്പീഡായിരുന്നു. സ്പീഡെന്ന് പറഞ്ഞാല്‍ ഇതിന് മുമ്പ് അത്രയും സ്പീഡ് ഞാന്‍ കണ്ടിട്ടില്ല. ഞാനാ സ്പീഡ് കാരണമാണ് സൈഡിലോട്ട് വണ്ടിയെടുത്തത്.

പുള്ളിയെ ഇടിച്ചൂന്ന് പറഞ്ഞാ ബൈക്ക് ഫുള്ളും മുകളിലോട്ട് അറ്റാച്ച് ചെയ്ത് വച്ച പോലെയായിരുന്നു. സ്‌പോട്ടില്‍ പുള്ളി മരണപ്പെട്ട രീതിയിലായിരുന്നു കിടന്നിരുന്നത്.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.

WATCH THIS VIDEO: