എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ കെട്ടിടമില്ല; ക്ലാസ് എടുക്കുന്നത് ടോയ്‌ലറ്റില്‍ ; മധ്യപ്രദേശിലെ സ്‌കൂളിന്റെ യഥാര്‍ത്ഥ ചിത്രം ഇങ്ങനെ
എഡിറ്റര്‍
Tuesday 1st August 2017 2:57pm

ഭോപ്പാല്‍: സ്വന്തമായി സ്‌കൂള്‍ കെട്ടിടം ഇല്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് ടോയ്‌ലറ്റില്‍വെച്ച് ക്ലാസ് എടുക്കേണ്ട ഗതികേടിലാണ് മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍.

മധ്യപ്രദേശില്‍ വിദ്യാഭ്യാസപരമായി പുരോഗതി കൈവരിക്കുകയാണെന്ന സര്‍ക്കാര്‍ വാദത്തെ പൊളിച്ചടുക്കുന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ വാര്‍ത്തയും.

ഈ പ്രൈമറി സ്‌കൂളില്‍ ആകെ ഒരു അധ്യാപകന്‍ മാത്രമാണ് ഉള്ളത്. നീമച്ച് ജില്ലയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിനെ കുറിച്ച് മണ്ഡലത്തിലെ എം.എല്‍.എയ്ക്ക് പോലും കൃത്യമായി ധാരണയില്ലത്രേ.


Dont Miss ഇനി ഇത് ആവര്‍ത്തിക്കരുത്; വിശദീകരണം നല്‍കിയേ തീരൂ; രാജ്യസഭയില്‍ എത്താത്ത എം.പിമാരെ താക്കീത് ചെയ്ത് അമിത് ഷാ


2012 ലാണ് സ്‌കൂളില്‍ പഠനം ആരംഭിക്കുന്നത്. വാടകകെട്ടിടത്തിലായിരുന്നു ആദ്യം സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് അത് ലഭ്യമല്ലാതായി. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിന് സമീപം സര്‍ക്കാര്‍ തന്നെ പണിത ടോയ്‌ലറ്റില്‍ വെച്ച് ക്ലാസ് എടുക്കേണ്ട അവസ്ഥയായത്.

സ്‌കൂള്‍ കെട്ടിടം ഇല്ലാത്തതിനാല്‍ തന്നെ ടോയ്‌ലറ്റില്‍ വെച്ച് ക്ലാസ് എടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുകയാമെന്ന് അധ്യാപകനായ കൈലാഷ് ചന്ദ്ര പറഞ്ഞു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധികൃതര്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഈ വിഷയം അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ആരും പരാതി കണ്ടതായി നടിക്കുന്നില്ല. അതേസമയം വിഷയത്തെ കുറിച്ച് മണ്ഡലം എം.എല്‍.എയായ കൈലാഷ് ചൗലയോട് ചോദിച്ചപ്പോള്‍ തന്റെ മണ്ഡലത്തില്‍ ഇത്തരത്തിലൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നതായി തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി ലഭിച്ചത്.

അതേസമയം വിഷയത്തില്‍ സ്റ്റേറ്റ് എഡ്യുക്കേഷന്‍ ഡിപാര്‍ടമെന്റ്ിന് കത്ത് നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസ് അറിയിച്ചു. സ്‌കൂളിനായി പുതിയ കെട്ടിടം പണിയാനായി പ്രൊപ്പോസല്‍ വെച്ചതായും അദ്ദേഹം വ്യക്തമാക്കി.

Advertisement