അടച്ചുപൂട്ടേണ്ടി വരുമോ നമ്മുടെ സമാന്തരപാഠശാലകള്‍
Daily News
അടച്ചുപൂട്ടേണ്ടി വരുമോ നമ്മുടെ സമാന്തരപാഠശാലകള്‍
ന്യൂസ് ഡെസ്‌ക്
Saturday, 26th September 2020, 3:07 pm

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്. കോഓപ്പറേറ്റിവ് കോളേജുകള്‍ ഉള്‍പ്പെടെ ആയിരത്തോളം പാരലല്‍ കോളജുകളും 65,000ത്തോളം ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളും നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചുവരുന്നത്. അപ്രതീക്ഷിതമായ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ടി വന്നതോടെ വരുമാനം നിലച്ച സമാന്തര വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരും മാനേജ്മെന്റും എങ്ങിനെ പിടിച്ചുനില്‍ക്കുമെന്നറിയാത്ത സ്ഥിതിയിലാണ്. കെട്ടിട വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍ മിക്ക സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സ്ഥിതിയിലുമാണ്.

മാസങ്ങളായി വരുമാനം മുടങ്ങിയതോടെ കുടുംബം പുലര്‍ത്താനായി അധ്യാപകരില്‍ പലരും മറ്റ് പലവിധ ജോലികളും ചെയ്ത് ഉപജീവനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങളോ പാക്കേജുകളോ അനുവദിച്ചുകൊണ്ട് സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളെ രക്ഷിക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള അധികാരികള്‍ക്ക് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മകള്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

ക്ഷേമനിധി ആനുകൂല്യങ്ങളിലും മറ്റു ആനുകൂല്യങ്ങളിലും സമാന്തര മേഖലയിലെ അധ്യാപകരെ കൂടി ഉള്‍പ്പെടുത്തിയില്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ പട്ടിണിയിലാവുന്ന സ്ഥിതിയിലാണ്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഏതാനും പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പെരുമണ്ണയില്‍ ആരഭിച്ച ബി.സി.എം കോളേജിന് ലോക്ഡൗണ്‍ കാലത്ത് സംഭവിച്ച പ്രതിസന്ധികളെക്കുറിച്ച് കോളേജിലെ അധ്യാപകനും ഉടമകളിലൊരാളുമായ ജുനീഷ്. ഇ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

‘കോളേജില്‍ ഒരുമിച്ച് പഠിച്ച ഞങ്ങള്‍ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന് ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു മേഖലയിലേക്ക് വരിക എന്ന ഉദ്ദേശത്തോടെയാണ് ലോണെടുത്തും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയുമെല്ലാം പാരലല്‍ കോളേജ് ആരംഭിച്ചത്. 2018 ല്‍ ആരംഭിച്ച കോളേജ് വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച രീതിയില്‍ വളരുകയും കുട്ടികളുടെ അഡ്മിഷന്‍ എണ്ണം വളരെയധികം വര്‍ധിക്കുകയും ചെയ്തിരുന്നു.

ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കാതെ പോയ അനേകം കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് തണലാകാനും കോളേജിന്റെ കെട്ടിടവും പരിസരവും ഒരു ക്യാംപസ് സ്വഭാവത്തില്‍ തന്നെ നിലനിര്‍ത്താനും ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ഈ ലോക്ഡൗണ്‍ സര്‍വവും തകിടം മറിച്ചിരിക്കുകയാണ്. വരുമാനം നിലച്ചതോടുകൂടി കോളേജിലെ അധ്യാപകരും അനധ്യാപകരുമടക്കം നിരവധി പേര്‍ ഇതിനോടകം വലിയ പ്രയാസങ്ങളിലായിക്കഴിഞ്ഞിട്ടുണ്ട്.’ ജുനീഷ് വിശദീകരിച്ചു.

20 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരനുഭവമെന്നാണ് കോഴിക്കോട് നല്ലളം കോ ഓപ്പറേറ്റീവ് കോളേജിലെ അധ്യാപകന്‍ രഞ്ജിത്ത് പറയുന്നത്. ഏഴ് മാസത്തിലധികമായി കോളേജ് പൂട്ടിക്കിടക്കുകയായതിനാല്‍ കെട്ടിടവാടക, കറന്റ് ബില്‍ തുടങ്ങി വലിയൊരു തുക നിലവില്‍ ബാധ്യതയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് പാരലല്‍ കോളേജ്

1970കളിലാണ് സര്‍വകലാശാലകളില്‍ സ്വകാര്യ രജിസ്ട്രേഷന്‍ സമ്പ്രദായം ആരംഭിക്കുന്നത്. ഈ സാധ്യതകള്‍ വിനിയോഗിച്ചുകൊണ്ടാണ് പാരലല്‍ കോളേജുകള്‍ രംഗത്ത് വന്നത്. കേരളത്തില്‍ അതുവരെ ഉണ്ടായിരുന്ന എണ്ണത്തില്‍ വളരെ കുറഞ്ഞ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിപ്പെടാന്‍ സാധിക്കാതെ പോയ സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കി മുഖ്യധാരയിലേക്കും തൊഴില്‍മേഖലയിലേക്കും കടന്നുവരാന്‍ പാരലല്‍ കോളേജുകള്‍ വഴി വെച്ചു.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി, റെഗുലര്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും പാരലല്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമായിരുന്നു. ഏകീകൃത സിലബസും പരീക്ഷയും മൂല്യനിര്‍ണയവും സര്‍ട്ടിഫിക്കറ്റും ഇവര്‍ക്കും ലഭ്യമായിരുന്നു.

റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഇ ഗ്രാന്റ്, എസ്.സി/എസ്.ടി ആനുകൂല്യങ്ങള്‍, ബസ് കണ്‍സഷന്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഗ്രാന്റ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമായിരുന്നു. പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴിയുള്ള പഠനം സര്‍ക്കാറിന് ഒരുവിധ സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല, സര്‍വകലാശാലകള്‍ക്ക് ഇത് മെച്ചപ്പെട്ട വരുമാനമാര്‍ഗവുമാണ്.

വിദ്യാസമ്പന്നരായ നിരവധി യുവാക്കള്‍ പാരലല്‍ കോളജുകളില്‍ പഠിപ്പിക്കാന്‍ മുന്നോട്ടുവന്നത് ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് എളിയ തോതിലെങ്കിലും ആശ്വാസം നല്‍കി. ഇന്നും പാരലല്‍/ട്യൂട്ടോറിയല്‍ മേഖലകളിലായി ഏകദേശം രണ്ടര ലക്ഷത്തോളം അധ്യാപകരും ജീവനക്കാരും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് സമാന്തര വിദ്യാഭ്യാസ മേഖല നിരവധി അവഗണനകള്‍ ഏറ്റുവാങ്ങുകയാണ്.

അവഗണിക്കപ്പെടുന്ന സമാന്തര വിദ്യാഭ്യാസ മേഖല

കേരളത്തിലെ പാരലല്‍ കോളജ് അസോസിയേഷന്‍ 2019ല്‍ തയാറാക്കിയ കണക്കനുസരിച്ച് നാല് സര്‍വകലാശാലകള്‍ക്ക് കീഴിലായി മൂന്നര ലക്ഷം വിദ്യാര്‍ഥികളും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ രണ്ടുലക്ഷം വിദ്യാര്‍ഥികളും സമാന്തരമായി പഠിക്കുന്നുണ്ട്.

മൊത്തത്തില്‍ അഞ്ചര ലക്ഷത്തോളം വരുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുന്നതിന് പകരം സമാന്തര വിദ്യാഭ്യാസമേഖലയെയും പ്രൈവറ്റ് രജിസ്ട്രേഷന്‍ സമ്പ്രദായത്തെയും അവഗണിക്കുന്ന സമീപനമാണ് എല്ലാ സര്‍ക്കാറുകളും സ്വീകരിച്ചുപോരുന്നതെന്നാണ് പാരലല്‍ കോളേജ് അസോസിയേഷന്‍ പറയുന്നത്.

സമാന്തര സ്ഥാപനങ്ങളില്‍ സ്വന്തം ചിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിന് പകരം സര്‍വകലാശാലകള്‍ ഈ പഠനസമ്പ്രദായത്തെത്തന്നെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Parallel Colleges in Kerala are in Crisis due to Covid Pandemic