എഡിറ്റര്‍
എഡിറ്റര്‍
വിദ്യഭ്യാസ മേഖലയെ മതനിരപേക്ഷമാക്കും: സി. രവീന്ദ്രനാഥ്
എഡിറ്റര്‍
Tuesday 24th May 2016 8:50am

c-raveendra

തിരുവനന്തപുരം:  സംസ്ഥാനത്തിന്റെ വിദ്യഭ്യാസ മേഖലയെ മതനിരപേക്ഷമാക്കുമെന്ന് നിയുക്ത വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജനാധിപത്യ മതനിരപേക്ഷ വിദ്യഭ്യാസമാണ് നാടിനാവശ്യം, ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള മാറ്റങ്ങളായിരിക്കും സര്‍വകലാശാല ഉള്‍പ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകുകയെന്നും രവീന്ദ്രനാഥ് വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തും. കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെപ്രവര്‍ത്തനം കാര്യക്ഷമമാക്കും. കൂടാതെ വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയതയും അഴിമതിയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാഠപുസ്തകങ്ങള്‍ കൃത്യസമയത്ത് നല്‍കുന്നതിനാണ് ആദ്യപരിഗണന നല്‍കുക. പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ പ്രസില്‍ തന്നെ അച്ചടിക്കും. ഇതിനായി പ്രസുകളിലെ സൗകര്യം വര്‍ധിപ്പിക്കും. ഗ്രേഡിങ് സമ്പ്രദായം തുടരുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

പുതുക്കാട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രവീന്ദ്രനാഥ് തൃശൂര്‍ സെന്റ്. തോമസ് കോളേജിലെ മുന്‍ കെമിസ്ട്രി പ്രൊഫസറും, ഗവേഷകനുമായിരുന്നു. കേരളത്തിന്റെ ആദ്യ വിദ്യഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയും സെന്റ്‌തോമസ് കോളേജിലെ അധ്യാപകനായിരുന്നു.

സംസ്ഥാനത്ത് അധികമാര്‍ക്കും അവകാശപ്പെടാനില്ലാത്ത തരത്തില്‍ ഓരോ തെരഞ്ഞടുപ്പിലും ഗണ്യമായി ഭൂരിപക്ഷം ഉയര്‍ത്തി ജനപിന്തുണ വര്‍ധിപ്പിച്ച ജനപ്രതിനിധി എന്ന വിശേഷണവും സി രവീന്ദ്രനുണ്ട്.

2006ല്‍ ആദ്യമായി കൊടകര മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ 19000ത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച രവീന്ദ്രന്‍ മാഷ് 211ല്‍ ഭൂരിപക്ഷം 26000ത്തിലേറെയാക്കി വര്‍ധിപ്പിച്ചു. മൂന്നാമൂഴത്തില്‍ 38000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍  ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പത്തുപേരിലൊരാളായി അദ്ദേഹം മാറി.

കൊടകര പഞ്ചായത്തിനെ കയ്യൊഴിഞ്ഞ് പറപ്പൂക്കര, വല്ലച്ചിറ പഞ്ചായത്തുകളെ സ്വീകരിച്ച് പുതുക്കാട് എന്ന് പേരുമാറ്റിയ പഴയ കൊടകര മണ്ഡലത്തില്‍ നിന്ന് നേരത്തെ മൂന്നുപേര്‍ മന്ത്രിസഭയിലെത്തിയിട്ടുണ്ട്.

1970 ഒക്ടോബര്‍ 4 മുതല്‍ 1977 വരെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്‍ കൊടകരയെയാണ് പ്രതനിധീകരിച്ചത്. 1980  ജൂണ്‍ 25 മുതല്‍ 81 ഒക്ടോബര്‍ 20 വരെ ഗതാഗതമന്ത്രിയായിരുന്ന ലോനപ്പന്‍ നമ്പാടനും കൊടകര മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

1991 ജൂലയ് 2 മുതല്‍ 1994 നവംബര്‍ 16 വരെയും 2004 സെപ്തംബര്‍ 5 മുതല്‍ 2005 ഫെബ്രുവരി 10 വരെയും വനം മന്ത്രിയായിരുന്ന കെ.പി. വിശ്വനാഥനും കൊടകരയെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.

 


Read more: കമ്മട്ടിപ്പാടം ഒരു അടിമുടി ‘രാഷ്ട്രീയ സിനിമ’


 

നാളെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ജാതി-മത രാഷ്ട്രീയ വേര്‍തിരിവില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാകും പുതുതായി അധികാരമേല്‍ക്കുകയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരുടെ പട്ടികയുമായി നാളെ ഗവര്‍ണറെ കാണുമെന്നും പിണറായി വ്യക്തമാക്കി.

Advertisement