ശശികലയുടെ വരവോടെ തമിഴ് രാഷ്ട്രീയാന്തരീക്ഷം മാറും; പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടി.ടി.വി ദിനകരന്‍
national news
ശശികലയുടെ വരവോടെ തമിഴ് രാഷ്ട്രീയാന്തരീക്ഷം മാറും; പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ടി.ടി.വി ദിനകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 6:09 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമ്മ മക്കള്‍ മുന്നേട്ര കഴകം നേതാവ് ടി.ടി.വി ദിനകരന്‍. വി. കെ ശശികല ജയില്‍ മോചിതയായതിന് പിന്നാലെയാണ് ദിനകരന്റെ പ്രതികരണം.

ശശികലയുടെ വരവ് തുടക്കമാകുമെന്നും അമ്മ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ദിനകരന്‍ പറഞ്ഞു. ശശികല പുറത്ത് വരുന്നതോടെ തമിഴ്‌നാടിന്റെ രാഷ്ട്രീയാന്തരീക്ഷം തന്ന മാറുമെന്നും അദ്ദേഹം പറഞ്ഞു.

ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണം നല്‍കാനാണ് അനുയായികളുടെ പദ്ധതി. ബെംഗളൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണ റാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയില്‍ ശക്തിപ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശശികലയുടെ വരവോടെ പനീര്‍ സെല്‍വം പക്ഷത്തെ നേതാക്കള്‍ പാര്‍ട്ടി വിടുമെന്നും എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി വിടുമെന്നുമാണ് ദിനകരന്റെ അവകാശ വാദം.

ബുധനാഴ്ചയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന വി.കെ ശശികല ജയില്‍ മോചിതയായത്.

പരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല ഇന്ന് മോചിതയായത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മോചന ഉത്തരവ് ജയില്‍ അധികൃതര്‍ ശശികലയ്ക്ക് കൈമാറി. നിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശശികലയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
കര്‍ണാടകയില്‍ തുടരുന്ന നാള്‍ വരെ ശശികലയ്ക്ക് പൊലീസ് സുരക്ഷ നല്‍കും.

2017 ലാണ് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലാകുന്നത്.

ശശികലയുടെ മോചനത്തിനായി ബി.ജെ.പി ഇടപെടല്‍ നടത്തിയെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശശികല വഴി എ.ഐ.എ.ഡി.എം.കെയുടെ സഹായത്തോടെ തമിഴ്‌നാട്ടില്‍ ശക്തമായ നേതൃത്വം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Will Sasikala’s release change TN’s political spectrum says TTV Dinakaran