ബി.ജെ.പി ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗര്‍' ആക്കുമെന്ന് എം.എല്‍.എ
national news
ബി.ജെ.പി ജയിച്ചാല്‍ ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗര്‍' ആക്കുമെന്ന് എം.എല്‍.എ
ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 11:59 am

ഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കുകയാണെങ്കില്‍ ഹൈദരാബാദിന്റെ പേര് “ഭാഗ്യനഗര്‍” എന്നാക്കി മാറ്റുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്. ഹൈദരാബാദിന് പുറമെ സെക്കന്തരാബാദിന്റെയും കരീംനഗറിന്റെയും പേരുകളും മാറ്റുമെന്ന് രാജാസിങ് പറഞ്ഞു.

നേരത്തെ ഹൈദരാബാദ് ഭാഗ്യനഗര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1590ല്‍ ക്യുലി ഖുതുബ് വന്ന് പേര് ഹൈദരാബാദ് എന്നാക്കി മാറ്റുകയായിരുന്നു. ഞങ്ങള്‍ ഹൈദരബാദിന്റെ പേര് മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഗോശാമഹല്‍ എം.എല്‍.എയായ രാജാ സിങ് പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ ലക്ഷ്യം വികസനവും രണ്ടാമത്തെ ലക്ഷ്യം ഈ പേരുകള്‍ മാറ്റുക എന്നതായിരിക്കുമെന്നും രാജാസിങ് പറഞ്ഞു. മുഗളരും നിസാമുകളും പേരിട്ട നഗരങ്ങളെല്ലാം പുനര്‍ നാമകരണം ചെയ്യുമെന്നും രാജാസിങ് പറഞ്ഞു.

ഇതാദ്യമായല്ല രാജാസിങ് പേര് മാറ്റത്തെ കുറിച്ച് സംസാരിക്കുന്നത്. രാജാസിങ്ങിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ലൊക്കേഷനായി ചേര്‍ത്തിരിക്കുന്നത് ഹൈദരാബാദിന് പകരം “ഭാഗ്യനഗര്‍” എന്നാണ്.