എഡിറ്റര്‍
എഡിറ്റര്‍
വിരമിക്കല്‍ തീരുമാനം ഉണ്ടായേക്കും: സച്ചിന്റെ വാക്കുകളിലൂടെ..
എഡിറ്റര്‍
Friday 5th October 2012 7:06pm

 ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് 30 വയസിന് ശേഷം ഏറെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ബ്രാഡ്മാന്‍ എന്നോട് പറഞ്ഞിരുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ 9 വര്‍ഷം മുന്‍പേ ഞാന്‍ ക്രിക്കറ്റിനോട് വിടപറയേണ്ടിയിരുന്നു. പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ഫോം നഷ്ടപ്പെടുകയെന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സംസാരിക്കുന്നു


ഫേസ് ടു ഫേസ്/സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
മൊഴിമാറ്റം/ആര്യ രാജന്‍


ക്രിക്കറ്റ് ലോകത്തെ ദൈവം, ഭാഷയ്ക്ക് അതീതമായി ആരാധകര്‍ സ്‌നേഹിക്കുന്ന വ്യക്തിത്വം, ലോകം കണ്ടതില്‍ വെച്ച് മികച്ച പ്രതിഭകളില്‍ ഒരാള്‍.. സച്ചിനെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഏറെ,

നീണ്ട 23 വര്‍ഷങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ജീവിച്ച് ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞു വെച്ച സച്ചിന്‍ ഇതുവരെ വിരമിക്കല്‍ എന്ന അനിവാര്യതയെ കുറിച്ച് ചിന്തിച്ചിരുന്നില്ല, ഒരു പക്ഷേ അതിനെ കുറിച്ച് ഓര്‍ത്തിരുന്നില്ല,

Ads By Google
സച്ചിന്റെ ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ വിരമിക്കലിനെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക്.. കാരണം സച്ചിന്‍ ഇല്ലാതെ ക്രിക്കറ്റ് ഇല്ല എന്ന് വിശ്വസിക്കുന്ന നിഷ്‌ക്കളങ്കരായ ക്രിക്കറ്റ് ആസ്വാദകരാണ് എന്നും സച്ചിന്റെ ആരാധകര്‍.

അടുത്തകാലത്ത് ചില മത്സരങ്ങളില്‍ ഫോം നഷ്ടപ്പെട്ട് തുടങ്ങിയതുമുതല്‍ സച്ചിന്റെ വിരമിക്കലിനായി പലകോണില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

ഇതാദ്യമായാണ് സച്ചിന്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നതായി തുറന്നുപറയുന്നത്. തന്നെ സംബന്ധിച്ച് വിരമിക്കാനുള്ള തീരുമാനമെടുക്കുക ബുദ്ധിമുട്ടേറിയതായിരിക്കുമെന്നായിരുന്നു സച്ചിന്‍ ഇതേക്കുറിച്ച് നേരത്തെ പ്രതികരിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ വിരമിക്കലിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയതായും ഒട്ടും വൈകാതെ തന്നെ ഭാവിതീരുമാനം വ്യക്തമാക്കുമെന്നും സച്ചിന്‍ പറയുന്നു.

തന്റെ മനസ് പറയുന്നതനുസരിച്ചാണ് താന്‍ തീരുമാനങ്ങളെടുക്കുന്നതെന്നും ഇത്രയും മതിയെന്ന് ഇപ്പോള്‍ മനസു പറഞ്ഞാല്‍ അതാകും തന്റെ തീരുമാനമെന്നും സച്ചിന്‍ വ്യക്തമാക്കുന്നു.സച്ചിന്റെ വാക്കുകളിലൂടെ…

ക്രിക്കറ്റിനോടുള്ള താങ്കളുടെ അടങ്ങാത്ത അഭിനിവേശം തന്നെയാണ് താങ്കളെ ആരാധകരിലേക്ക് അടുപ്പിക്കുന്നത്.. എന്നാല്‍ ഇത്രയും കാലം ക്രിക്കറ്റിനോട് നീതിപുലര്‍ത്തിയ പോലെ ഇപ്പോള്‍ സാധ്യമാകുന്നില്ലെന്ന് തോന്നുന്നു..കരിയര്‍ ഇതേ രീതിയില്‍ തന്നെ നിലനിര്‍ത്താന്‍ താങ്കള്‍ ഏറെ കഷ്ടപ്പെടുന്നുണ്ടോ ?

ക്രിക്കറ്റിലേക്ക് എന്നെ എന്നും അടുപ്പിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത് കഴിഞ്ഞ 22 വര്‍ഷത്തെ അനുഭവമാണ്..അല്ലെങ്കില്‍ അതിലും ഏറെ വര്‍ഷം മുന്‍പുള്ളതാണ്. ക്രിക്കറ്റ് എന്നും എനിയ്ക്ക് ഒരു സ്വപ്‌നം മാത്രമായിരുന്നു. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ അത് ഒരു ടീം സ്‌പോര്‍ട് കൂടിയാണ്. 15 പേരുള്ള ടീം എങ്ങനെയാണ് മുന്നോട്ട് പോകുകയെന്നതിനെ അടിസ്ഥാനമാക്കി വേണം നമ്മളും മുന്നോട്ട് പോകാന്‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നാണ് എല്ലാവരും നോക്കുക. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കുകയെന്നത് തന്നെ അഭിമാനം അര്‍ഹിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഞാന്‍ എന്നും എന്നെ ക്രിക്കറ്റിലേക്ക് അടുപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. അത് സാധിച്ചു. പിന്നീടുള്ളത് ആ നേട്ടത്തെ എങ്ങനെയെല്ലാം രാജ്യത്തിനായി ഉപയോഗപ്പെടുത്താമെന്നത് മാത്രമായിരുന്നു. ഏറെ കരുതലോടെയാണ് ഓരോ പടിയും താണ്ടിയത്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നില്ല. ഏത് ദിവസമാണോ ഞാന്‍ കളി അവസാനിപ്പിക്കുന്നത്. അന്ന് എനിയ്ക്ക് തോന്നരുത് എന്റെ ഏറ്റവും മികച്ച ഷോട്ട് പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്ന്. അതിനായിരുന്നു ഇത്രയും നാളത്തെ എന്റെ ശ്രമവും.

ആളുകള്‍ പറയാറുണ്ട് ക്രിക്കറ്റിന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞ് വെച്ച ആളാണ് സച്ചിനെന്ന്. ആരും പുറമെ നിന്നും കാണുന്ന സച്ചിനല്ല യഥാര്‍ത്ഥ സച്ചിനെന്നും. താങ്കള്‍ മറ്റുള്ളവരില്‍ നിന്നും എന്നും വ്യത്യസ്തനായിരുന്നു ഒരിക്കലും ഗ്രൗണ്ടില്‍ അസ്വാഭാവികമായി പെരുമാറാത്ത വ്യക്തിത്വം, അടുത്തിടെ അതിന് കോട്ടം തട്ടിയോ?

യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം ഒരു പാട് സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴിലാണ്. യാതൊരു സമ്മര്‍ദ്ദവും ഇല്ലാത്ത ഒരു കായിക താരം പോലും ഈ ലോകത്ത് ഉണ്ടാവുകയില്ല. സമ്മര്‍ദ്ദം ഇല്ലാതിരിക്കുകയെന്നത് വളരെ നല്ല കാര്യമാണ്. അപ്പോള്‍ മാത്രമേ നമ്മുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുകയുള്ളു. എന്നെ സംബന്ധിച്ച് മാനസികമായി സമ്മര്‍ദ്ദം ഉണ്ടെങ്കിലും ആ അവസരത്തിലും എന്നിലെ മികച്ചത് പുറത്തെടുക്കാന്‍ ശ്രമിക്കാറുണ്ട്. ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഔട്ട് ആകുമ്പോള്‍ സന്തോഷിക്കുന്ന ഒരു ബാറ്റ്‌സ്മാനും ഉണ്ടാകില്ല.

ഒരു മത്സരത്തില്‍ പിഴവ് സംഭവച്ചാല്‍ പിന്നീട് നന്നായി ഫോക്കസ് ചെയ്ത് അതേ തെറ്റ് ആവര്‍ത്തി ക്കാതിരിക്കാന്‍ ശ്രമിക്കാം

അടുത്തിടെ ന്യൂസിലാന്റിനെതിരായി നടന്ന ടെസ്റ്റ് സീരീസില്‍ ഞാന്‍ പുറത്തായപ്പോള്‍ അത്രയും കാലം പുറത്ത് പ്രകടിപ്പിക്കാതിരുന്ന നിരാശയും ദേഷ്യവും ഞാന്‍ പ്രകടിപ്പിച്ചു. കാരണം ആ മത്സരത്തില്‍ എനിയ്ക്ക് ഇന്ത്യയെ വിജയിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ എന്റെ വിക്കറ്റ് പോയി. ആ ഒരു അവസ്ഥയില്‍ ഞാന്‍ എന്റെ വിഷമം പുറത്ത് കാണിച്ചു. അത് തികച്ചും സ്വാഭാവികമായ പ്രതികരണമാണ്. എന്നില്‍ നിന്നും ആളുകള്‍ അത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് അത് ഒരു വാര്‍ത്തയാകാന്‍ കാരണം.

തുടര്‍ച്ചയായ രണ്ട് ഇന്നിങ്‌സുകളില്‍ താങ്കള്‍ ബൗള്‍ഡ് ആയ അവസരത്തില്‍ ബാറ്റും പാഡും തമ്മിലുള്ള അകലം ഒരു നല്ല സൂചനയല്ലെന്ന് സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞിരുന്നു. ഒരു നല്ല ബാറ്റ്‌സ്മാനില്‍ നിന്നും അത്തരത്തിലൊരു കാര്യം ഉണ്ടാവരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു, ഇത്തരമൊരു ആരോപണം സുനില്‍ ഗവാസ്‌ക്കര്‍ മാത്രമേ ഉന്നയിച്ചിരുന്നുള്ളു. എന്താണ് അതില്‍ പറയാനുള്ളത് ?

എന്നിലെ നല്ല വശങ്ങളും ചീത്ത വശങ്ങളും എന്നും പറഞ്ഞ് തരുന്ന ആളാണ് സുനില്‍ ഗവാസ്‌ക്കര്‍. എന്നെ കുറിച്ച് നല്ലത് എന്തുപറഞ്ഞാലും അതിനെ കുറിച്ച് ചോദിക്കാതെ നെഗറ്റീവ് കമന്റുകള്‍ മാത്രം എടുത്ത് പറയുന്നത് ശരിയല്ല. ഇപ്പോള്‍ ഞാന്‍ ഔട്ട് ആയാല്‍ അത് ഔട്ട് തന്നെയാണ്. ആളുകള്‍ ചിന്തിക്കുന്ന രീതിയില്‍ കളിക്കാന്‍ കഴിയണമെന്നില്ല. ഒരു മത്സരത്തില്‍ പിഴവ് സംഭവച്ചാല്‍ പിന്നീട് നന്നായി ഫോക്കസ് ചെയ്ത് അതേ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാം.

താങ്കള്‍ക്ക് ക്രീസില്‍ തിളങ്ങാന്‍ കഴിയുന്നില്ലെന്നും താങ്കളുടെ ഓരോ ചുവടുകളും ക്രീസില്‍ പിഴയ്ക്കുന്നെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു..

1998 ല്‍ സര്‍ ബ്രാഡ്മാനെ ഞാന്‍ പോയി കണ്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ 90 ാമത് പിറന്നാളായിരുന്നു. ഒരു ബാറ്റ്‌സ്മാനെ സംബന്ധിച്ച് 30 വയസിന് ശേഷം ഏറെ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് അന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അത്തരത്തില്‍ നോക്കുമ്പോള്‍ 9 വര്‍ഷം മുന്‍പേ ഞാന്‍ ക്രിക്കറ്റിനോട് വിടപറയേണ്ടിയിരുന്നു. പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ഫോം നഷ്ടപ്പെടുകയെന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement