മോദി ജയിച്ചു കയറിത് 'ഹിന്ദു', 'റാം' എന്നീ രണ്ട് പദങ്ങളുപയോഗിച്ച്; ഇന്ന് മോദി ഭയക്കുന്ന രണ്ട് പേരുകളും അതു തന്നെ; എം.കെ സ്റ്റാലിന്‍
national news
മോദി ജയിച്ചു കയറിത് 'ഹിന്ദു', 'റാം' എന്നീ രണ്ട് പദങ്ങളുപയോഗിച്ച്; ഇന്ന് മോദി ഭയക്കുന്ന രണ്ട് പേരുകളും അതു തന്നെ; എം.കെ സ്റ്റാലിന്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th March 2019, 5:13 pm

ചെന്നൈ: റഫാല്‍ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ “ദ ഹിന്ദു” ദിനപത്രത്തിനെതിരെ നടപടി എടുക്കാന്‍ മുതിര്‍ന്നാല്‍ ഡി.എം.കെ ശക്തമായി ഇടപെടുമെന്ന് എം.കെ സ്റ്റാലിന്‍. ബി.ജെ.പി ഭരണകാലത്ത് അഴിമതിയൊന്നും ഇല്ലെന്ന് അവകാശപ്പെടുന്ന മോദിക്ക് റഫാല്‍ കരാര്‍ ഒരു പ്രശ്‌നമായി തോന്നുന്നില്ലേയെന്നും സ്റ്റാലിന്‍ ചോദിച്ചു.

“മോദി പറയുന്നത് ഈ സര്‍ക്കാറിന്റെ കാലത്ത് അഴിമതി ഒന്നും ഉണ്ടായിട്ടില്ലെന്നാണ്. എന്താ റഫാല്‍ കരാര്‍ കുറഞ്ഞതാണോ? റഫാല്‍ വിവാദം ആദ്യം പുറത്തു വന്നപ്പോള്‍ അത് കള്ളമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ദ ഹിന്ദു വിലെ എന്‍.റാം വസ്തുകള്‍ നിരത്തി റഫാല്‍ കരാറിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നു. റാമിനെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹം ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റാമിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാന്‍ തുനിഞ്ഞാല്‍ ഡി.എം.കെ അതില്‍ പ്രതിഷേധിക്കുക മാത്രമല്ല, റാമിന് സംരക്ഷണം നല്‍കുകയും ചെയ്യും”- സ്റ്റാലിന്‍ പറഞ്ഞു.

“ഇന്ത്യയും ഹിന്ദുവും നിങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. റാം, ഹിന്ദു എന്നീ രണ്ടു പേരുകളുപയോഗിച്ചാണ് നിങ്ങള്‍ തെരഞ്ഞെടുപ്പ് ജയിച്ചത്. ഇന്ന് നിങ്ങള്‍ ഏറ്റവും പേടിക്കുന്ന രണ്ട് വാക്കുകളും അതു തന്നെ. മോദി ഇപ്പോള്‍ മാത്രമാണ് ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്നത്”- സ്റ്റാലിന്‍ പറയുന്നു.

Also Read ഔദ്യോഗിക രഹസ്യ നിയമം പഴയതും അപ്രധാനവും; നിയമത്തിന്‍റെ ആവശ്യകത പുനപരിശോധിക്കണമെന്ന് ഹമീദ് അന്‍സാരി

റഫാല്‍ കരാറിലെ ക്രമക്കേടുകള്‍ തുറന്നു കാട്ടി “ദ ഹിന്ദു” പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ അടിസ്ഥാനപ്പെടുത്തിയതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമ പ്രകാരം കുറ്റകരമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ കേസെടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് രേഖകള്‍ പുറത്തുവിട്ട ഹിന്ദു പത്രത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടിയുണ്ടാവുമെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ പ്രസ്താവനയ്ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തിയിരുന്നു. എ.ജിയുടെ പ്രസ്താവന മാധ്യമപ്രവര്‍ത്തനത്തിന് എതിരാണെന്നും ഇത് പുറത്ത് വിട്ട മാധ്യമങ്ങള്‍ക്കെതിരെ സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഔദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കുന്നത് ആക്ഷേപകരമാണെന്നും എഡിറ്റേര്‍സ് ഗില്‍ഡ് പറഞ്ഞിരുന്നു.

Also Read ‘റഫാൽ രേഖകളുടെ പകർപ്പെടുത്തതും കുറ്റകരമാണ്’: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ

രഹസ്യ സ്വഭാവമുള്ള ആ രേഖകള്‍ മോഷ്ടിച്ചതാണെന്നും പ്രതിരോധ മന്ത്രാലയവുമായും ദേശസുരക്ഷയുമായും ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും മോഷ്ടിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും പത്രത്തിനെതിരെയും പ്രോസിക്യൂഷന്‍ നടപടിയുണ്ടാകുമെന്നും എ.ജി പറഞ്ഞിരുന്നു.

അതേസമയം റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തില്ലെന്ന് “ദി ഹിന്ദു” ചെയര്‍മാന്‍ എന്‍.റാം വ്യക്തമാക്കിയിരുന്നു. “നിങ്ങള്‍ അതിനെ മോഷ്ടിക്കപ്പെട്ട രേഖകളെന്ന് വിളിച്ചോളൂ… ഞങ്ങള്‍ക്കതില്‍ ഒന്നുമില്ല. രേഖകളുടെ ഉറവിടം സംബന്ധിച്ച് ഒരു വിവരവും ആര്‍ക്കും ലഭിക്കാന്‍ പോകുന്നില്ല. രേഖകള്‍ സ്വയം സംസാരിക്കുന്നുണ്ട്.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.