എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രിയോട് ജയലളിത
എഡിറ്റര്‍
Tuesday 4th June 2013 12:19pm

jayalalitha

ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് കത്തെഴുതി.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന യോഗത്തിലാണ് പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് കാണിച്ച് ജയലളിത കത്തെഴുതിയത്. ബുധനാഴ്ച്ചയാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ആഭ്യന്തര സുരക്ഷയാണ് യോഗത്തിലെ ചര്‍ച്ചാ വിഷയം.

Ads By Google

നിലപാടുകളും അഭിപ്രായങ്ങളും അവതരിപ്പിക്കാന്‍ വേണ്ടത്ര സമയം നല്‍കാതെയുള്ള യോഗത്തില്‍ പങ്കെടുക്കുന്നതില്‍ കാര്യമില്ലെന്നും പ്രഹസനം പോലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ജയലളിത കത്തില്‍ പറയുന്നു.

തനിക്ക് പകരം സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഒരു മന്ത്രിയെ നിയോഗിച്ചതായും ജയലളിത വ്യക്തമാക്കി.

തനിക്ക് സംസാരിക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ഡിസംബറില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്നും ജയലളിത ഇറങ്ങിപ്പോയിരുന്നു.

ദേശീയ സാമ്പത്തിക സമിതിയുടെ യോഗത്തില്‍ നിന്നായിരുന്നു ജയലളിതയുടെ ഇറങ്ങിപ്പോക്ക്. സംസാരിക്കാന്‍ അനുവദനീയമായ പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രസംഗം അവസാനിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നായിരുന്നു ജയലളിതയുടെ പരാതി.

നിരവധി കാര്യങ്ങള്‍ പറയണമെന്ന് കരുതിയാണ് പ്രസംഗം ആരംഭിച്ചതെന്നും എന്നാല്‍ പത്ത് മിനിട്ട് പോലും തികച്ച് സംസാരിക്കുന്നതിന് മുന്‍പ് തന്നെ പ്രസംഗം അവസാനിപ്പിക്കാനുള്ള നിര്‍ദേശം വന്നെന്നും ജയലളിത കുറ്റപ്പെടുത്തിയിരുന്നു.

Advertisement