എഡിറ്റര്‍
എഡിറ്റര്‍
യെമന്‍ കഴിഞ്ഞു, സൗദിയുടെ അടുത്ത ലക്ഷ്യം ലെബനന്‍
എഡിറ്റര്‍
Monday 13th November 2017 11:37am

നവംബര്‍ നാലിന് സൗദിയില്‍വെച്ച് അല്‍ അറബിയ്യയിലൂടെയാണ് ലെബനന്റെ പ്രധാനമന്ത്രി സഅദ് ഹരീരി രാജി പ്രഖ്യാപിച്ചത്. രാജി പ്രഖ്യാപനത്തിന് ശേഷം കാണാതായ തങ്ങളുടെ പ്രധാനമന്ത്രിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ലെബനന്‍.

ഹരീരിയെ തട്ടിക്കൊണ്ട് പോയിരിക്കുകയാണെന്നും സൗദി വിശദീകരണം നല്‍കണണമെന്നും ലെബനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. സൗദിയിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനായി പോയതായിരുന്നു ഹരീരി. അതേ സമയം ഹരീരിയുടെ അഭിമുഖം ഇന്ന് പുറത്ത് വരുമെന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.

സൗദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്റ് മന്‍സൂര്‍ഹാദിയുടെ അതേ സ്ഥിതിയാണ് ലബനന്‍ പ്രധാനമന്ത്രി സഅദ് ഹരീരിയുടേതും. കഴിഞ്ഞ കുറേ മാസങ്ങളായി സൗദിക്ക് പുറത്തേക്ക് പോകാന്‍ മന്‍സൂര്‍ ഹാദിക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ യെമന്റെ അതേ വിധി ലെബനാനിനും വരുമോയെന്നാണ് ഭയപ്പെടുന്നത്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ കാണാന്‍ കാത്തു നില്‍ക്കുമ്പോഴാണ് രാജിപ്രസംഗം ഹരീരിക്ക് നല്‍കിയത്. ഹിസ്ബുല്ലയെ നേരിടാന്‍ സഅദ് ഹരീരി വിസമ്മതിച്ചതിനാണ് സൗദിയുടെ നടപടിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹരീരിയുടെ സഹോദരനായ ബഹായെ അധികാരത്തിലെത്തിക്കാന്‍ സൗദി നടത്തുന്ന നീക്കങ്ങളാണിതെന്നും ഹരീരി കുടുംബം റിയാദിലേക്ക് സൗദിക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായും ഊഹാപോഹങ്ങളുണ്ട്.

ഇക്കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ലെബനന്‍ ആരുടെയും ഉടമസ്ഥതയിലല്ല കൈമാറ്റം ചെയ്യാനെന്നും തെരഞ്ഞെടുപ്പിലൂടെ നിലനില്‍ക്കുന്ന ശക്തമായ ഒരു ജനാധിപത്യ സംവിധാനം രാജ്യത്തിനുണ്ടെന്നും അഭ്യന്തരമന്ത്രിയായ നൊഹാദ് മഖ്‌നൂഖ് പ്രതികരിച്ചിരുന്നു.

സൗദിയുടെ ഈ നീക്കങ്ങളെല്ലാം ലെബനാന്റെ പരമാധികാരത്തിന് മേലുള്ള കടന്നു കയറ്റമാണ്. പക്ഷെ സൗദി അനുകൂലികളായ ചില നേതാക്കള്‍ അനുകൂലിച്ചും രംഗത്ത് വന്നിരുന്നു. മുന്‍ നീതിന്യായ മന്ത്രി അഷ്‌റഫ് റിഫി, ക്രിസ്ത്യന്‍ പാര്‍ട്ടി ലെബനീസ് ഫോഴ്‌സസിന്റെ നേതാവ് സമീര്‍ ഗിഗിയ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ് അനുകൂലിച്ചത്. ഇതില്‍ സമീര്‍ ഗിഗിയക്ക് ഹരീരി രാജി വെച്ച സമയത്തെ കുറിച്ച് മാത്രമാണ് ആക്ഷേപമുണ്ടായിരുന്നത്.

വ്യാഴാഴ്ച ലെബനനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ സൗദിയും യു.എ.ഇയും കുവൈത്തും ബഹ്‌റൈനും തിരിച്ചുവിളിച്ചിരുന്നു. സൗദിക്ക് നേരെ ലെബനന്‍ യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. 2016ല്‍ തെഹ്‌റാനിലെ സൗദി എംബസി ആക്രമിക്കപ്പെട്ടപ്പോഴും സൗദി ഇതേ പോലെ പൗരന്മാരെ തിരിച്ചുവിളിച്ചിരുന്നു.

ഇറാന്റെ ആക്രമണം അപലപിക്കുന്നതില്‍ ലബനന്‍ പരാജയപ്പെട്ടെന്നായിരുന്നു ഇതിന് പറഞ്ഞിരുന്ന കാരണം. ലബനന്‍ പ്രസിഡന്റായി മൈക്കല്‍ ഔനിനെയും ഹരീരിയെ പ്രധാനമന്ത്രി സ്ഥാനത്തേക്കും കൊണ്ടു വന്നപ്പോഴാണ് പിന്നീട് സംഘര്‍ഷത്തില്‍ അയവ് വന്നത്.

പക്ഷെ ഇപ്പോള്‍ വീണ്ടും തങ്ങളുടെ പൗരന്മാരെ സൗദിയും സഖ്യ രാജ്യങ്ങളും തിരികെ വിളിക്കുമ്പോള്‍ സൈനിക-സാമ്പത്തിക നടപടികള്‍ക്കുള്ള ഒരുക്കമാണെന്നാണ് ലെബനനുകാര്‍ ഭയപ്പെടുന്നത്. പ്രത്യേകിച്ച് ഹിസ്ബുല്ലക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഇസ്രായേല്‍ പറഞ്ഞ സാഹചര്യത്തില്‍.

ഹിസ്ബുല്ലയെ സൈനികമായി നേരിടാനാണെങ്കില്‍ യമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളേതിന് തുല്ല്യമായ അവസ്ഥയായിരിക്കും ലബനാനെ കാത്തിരിക്കുന്നത്. ഇത് ലബനന്‍ അഭയം നല്‍കിയിരിക്കുന്ന സിറിയന്‍, പലസ്തീന്‍ അഭയാര്‍ത്ഥികളെയും ബാധിക്കും.

ലെബനന്‍ ജനത യുദ്ധം ആഗ്രഹിക്കുന്നില്ല

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ വെച്ച് സൗദി വിശകലന വിദഗ്ധന്‍ ലെബനീസ് ജനതയെ അധിക്ഷേപിക്കുകയും അവരുടെ പ്രധാനമന്ത്രിയേയും വക്താവിനേയും ഭീകരവാദികളെന്ന്‌
വിളിച്ച് അധിക്ഷേപിക്കുകയുമുണ്ടായി. ഇതിനോട് വളരെ ശക്തമായാണ് ലെബനീസ് ജനത പ്രതികരിച്ചത്. പ്രസിഡന്റിനെയും സ്പീക്കറെയും അപമാനിച്ചതിന് അന്വേഷണം നടത്താന്‍ ജനറല്‍ പ്രോസിക്യൂട്ടറോട് ജസ്റ്റിസ് മിനിസ്റ്ററായ സലീം ആവശ്യപ്പെടുകയുമുണ്ടായി.

ഹിസ്ബുല്ല വിരുദ്ധ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനാണ് സൗദി ശ്രമിക്കുന്നതെങ്കില്‍ നിരാശയായിരിക്കും ഫലം. കാരണം മുമ്പെങ്ങുമില്ലാത്ത ഐക്യമാണ് ലെബനന്‍ ജനതയ്ക്കിടയില്‍ ഇപ്പോള്‍ വെളിവാകുന്നത്. സ്ഥിരത നിലനിര്‍ത്തുന്നതിനും മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിനുമാണ് അവര്‍ പ്രധാന്യം നല്‍കുന്നത്.

ഹിസ്ബുല്ലയ്‌ക്കെതിരെ സൈനിക നീക്കം നടക്കുകയാണെങ്കില്‍ ലബനനിലെ ഏതെങ്കിലും പാര്‍ട്ടി ഭാഗമാകുമെന്ന് കരുതുന്നില്ല. ഹിസ്ബുല്ലയ്ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നതല്ല ഇതിന്റെ അര്‍ത്ഥം.

ഹിസ്ബുല്ലയുമായി യുദ്ധത്തിലേര്‍പ്പെടാനോ മറ്റാര്‍ക്കെങ്കിലും വേണ്ടി യുദ്ധം നടത്താനോ ലബനന്‍ ജനത ആഗ്രഹിക്കുന്നില്ല. കാരണം അഭ്യന്തര യുദ്ധവും പതിറ്റാണ്ടുകളായ ഇസ്രായേലിന്റെ ആക്രമണങ്ങളും അനുഭവിച്ചവരാണ് ലബനന്‍ ജനത.

Advertisement