സഖ്യം തുടരാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ലെങ്കില്‍ എന്‍.ഡി.എ വിടും, തീരുമാനം അറിയിക്കാന്‍ ബി.ജെ.പിക്ക് 100 ദിവസത്തെ സാവകാശം; ഒ.പി രാജ്ഭര്‍
national news
സഖ്യം തുടരാന്‍ ബി.ജെ.പിക്ക് താല്‍പര്യമില്ലെങ്കില്‍ എന്‍.ഡി.എ വിടും, തീരുമാനം അറിയിക്കാന്‍ ബി.ജെ.പിക്ക് 100 ദിവസത്തെ സാവകാശം; ഒ.പി രാജ്ഭര്‍
ന്യൂസ് ഡെസ്‌ക്
Saturday, 12th January 2019, 9:57 pm

ന്യൂദല്‍ഹി: തങ്ങളുമായി സഖ്യം തുടരാന്‍ ബി.ജെ.പിക്ക് താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ എന്‍.ഡി.എയില്‍ നിന്നും പുറത്തു പോകുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും സുഹെല്‍ദേവ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവുമായ ഒ.പി രാജ്ഭര്‍.

സഖ്യം തുടരണോ വേണ്ടയോ എന്നും, ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടണോ എന്നും തീരുമാനിക്കാന്‍ ബി.ജെ.പി താന്‍ നൂറു ദിവസം നല്‍കിയതായും രാജ്ഭര്‍ എ.എന്‍.ഐയോട് പറഞ്ഞു. നൂറു ദിവസത്തിനകം ബി.ജെ.പിയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ സഖ്യം വിടുമെന്നും 80 സീറ്റുകളിലും തനിച്ച് മത്സരിക്കുമെന്നും രാജ്ഭര്‍ പറഞ്ഞു.

“ബി.ജെ.പി താല്‍പര്യം കാണിക്കുകയാണെങ്കില്‍ ഞങ്ങള്‍ ബി.ജെ.പിയോടൊപ്പം തുടരും. അങ്ങനെ അല്ലായെങ്കില്‍ ഞങ്ങള്‍ ബി.ജെ.പിക്ക് 100 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അതില്‍ 12 ദിവസം കഴിഞ്ഞിരിക്കുന്നു. താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ 80 സീറ്റുകളിലും തനിച്ചു മത്സരിക്കും”- രാജ്ഭര്‍ പറഞ്ഞു.

Also Read ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം യു.പിയില്‍ നടന്നത് 59ഓളം എന്‍കൗണ്ടറുകള്‍; ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍

ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്പിയും തമ്മില്‍ ഔദ്യോഗികമായി സഖ്യം രൂപീകരിച്ചതിനു പിന്നാലെയായിരുന്നു രാജ്ഭറിന്റെ പ്രതികരണം.

സംസ്ഥാനത്ത് എസ്.പിയും ബി.എസ്.പിയും 38 സീറ്റുകളില്‍ വീതം മത്സരിക്കും. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയിലും റായ് ബറേലിയിലും ഇവര്‍ മത്സരിക്കുന്നില്ല. ഭാവി സഖ്യ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റ് രണ്ടു സീറ്റുകള്‍ കൂടെ എസ്.പി- ബി.എസ്.പി സഖ്യം മാറ്റി വെച്ചിട്ടുണ്ട്.

Also Read “മഹാത്മാ” എന്ന വിളിക്ക് ഗാന്ധി അര്‍ഹനല്ല; അംബേദ്കറിനൊപ്പമല്ല ഗാന്ധിയുടെ സ്ഥാനം: അരുന്ധതി റോയ്

നേരത്തെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം ചെറിയ പാര്‍ട്ടികള്‍ക്ക് വേണ്ട ബഹുമാനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സഖ്യകക്ഷിയായ അപ്‌നാ ദള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ ഭരണവിരുദ്ധ വികാരം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി സഖ്യം വിജയിക്കുമെന്ന് സര്‍വേ ഫലങ്ങള്‍ പ്രവചിച്ചിരുന്നു.